shubhamshu-shukla-axiom4-launch-india-space-iss-isro

ശുഭാംശു ശുക്ലയുടെ ചരിത്ര യാത്രയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രം. ഫ്ലോറിഡയിലെ കെനഡി സ്പേസ് സെന്ററില്‍ നിന്ന്  ഉച്ചയ്ക്ക് 12.01നാണ് ആക്സിയം-4ന്റെ വിക്ഷേപണം.  ഇതോടെ രാജ്യത്ത് നിന്ന് ബഹിരാകാശ നിലയത്തില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരനാകും ശുഭാംശു ശുക്ല

ഇന്ത്യന്‍ വ്യോമാതിര്‍ത്തികളിലൂടെ യുദ്ധവിമാനങ്ങള്‍ പറത്തിനടന്ന ശുഭാംശു ശുക്ല ഇന്ന് ഉച്ചയ്ക്ക് 12.01ന് ആക്സിയം മിഷന്റെ ക്രൂ മൊഡ്യൂള്‍ പറത്തി ബഹിരാകാശ നിലയത്തിലേക്ക് തിരിക്കും. നാസ, ഇസ്രോ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി എന്നിവയുടെ സഹകരണത്തോടെ മനുഷ്യരെ ബഹിരാകാശ നില‌യത്തിലേക്ക് എത്തിക്കുന്ന ദൗത്യമാണ് ആക്സിയം–4. ദൗത്യനിര്‍വഹണത്തിന് കരാര്‍ ലഭിച്ചത് അമേരിക്കന്‍ കമ്പനിയായ ആക്സിയമിന്. കമ്പനിയുടെ നാലാമത്തെ മിഷനാണ് ആക്സിയം -4. സഹായത്തിനായി ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സും. ഇവര്‍ നല്‍കുന്ന ഫാല്‍ക്കണ്‍- 9 റോക്കറ്റിലാണ് ദൗത്യസംഘത്തെ ബഹിരാകാശത്ത് എത്തിക്കുക. 

കെനഡി സ്പേസ് സെന്ററിലെ ലോഞ്ച് പാഡില്‍ എല്ലാ മുന്നൊരുക്കങ്ങളും പൂര്‍‍ത്തിയായി. ശുഭാംശുവിനെ കൂടാതെ നാസയുടെ പെഗിവിറ്റ്സണ്‍, പോളണ്ടില്‍ നിന്നുള്ള ബഹിരാകാശ സഞ്ചാരി സ്വാവോസ് ഉസാന്‍സ്കി, ഹംഗറിയില്‍ നിന്നുള്ള ടിബര്‍ കപൂ എന്നിവരാണ് മറ്റു ദൗത്യസംഘാംഗങ്ങള്‍. ബഹിരാകാശത്ത് ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ച പെഗി വിറ്റ്സണാകും മിഷന്‍ കമാന്‍ഡര്‍. മൈക്രോ ഗ്രാവിറ്റിയില്‍ 60ലേറെ പരീക്ഷണങ്ങള്‍ ചെയ്യുകയാണ് സംഘത്തിന്റെ ലക്ഷ്യം. ഇതോടെ ബഹിരാകാശനിലയത്തില്‍ ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തിയെന്ന ഖ്യാതിയോടെ ആയിരിക്കും സംഘം ഭൂമിയില്‍ എത്തുക. 

ഇന്ത്യയ്ക്ക് വേണ്ടി ഐ.എസ്.ആര്‍.ഒ നിര്‍ദേശിച്ച ഏഴ് പരീക്ഷണങ്ങള്‍ ശുഭാംശു ശുക്ല പ്രത്യേകമായി ചെയ്യും. സൂക്ഷമ ജീവികളില്‍ റേഡിയോ തരംഗങ്ങളുണ്ടാക്കുന്ന മാറ്റങ്ങള്‍ ശരീരത്തിന്‍റെ പേശികള്‍ക്കുണ്ടാകുന്ന മാറ്റങ്ങള്‍, മൈക്രോ ഗ്രാവിറ്റിയില്‍ ഇലക്ട്രോണിക് ഡിസ്പ്ലേയും കണ്ണുകളുടെ ചലനവും, വിത്തുകള്‍ മുളപ്പിക്കലും അവയുടെ വളര്‍ച്ചയും തുടങ്ങിയ പരീക്ഷണങ്ങളും അതില്‍ ഉള്‍പ്പെടുന്നുണ്ട്. ഏഴ് തവണയാണ് വിവിധ കാരണങ്ങളാല്‍ ദൗത്യത്തിന്റെ വിക്ഷേപണം മാറ്റിയത് 550 കോടി രൂപയാണ് പദ്ധതിക്കായി ഇന്ത്യ ചെലവിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശുഭാംശുവിന്റെ ബഹിരാകാശ യാത്ര ഗഗന്‍യാന്‍ പദ്ധതിയുടെ ഭാവി കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് ഉറപ്പാണ്. ഒപ്പം ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ ആധിപത്യ വേരുകള്‍ മണ്ണുറയ്ക്കും. 

ENGLISH SUMMARY:

India is on the verge of a historic milestone as Wing Commander Shubhamshu Shukla prepares for launch aboard Axiom-4 (Ax-4), marking the first Indian to reach the International Space Station (ISS) through a commercial mission. The launch is scheduled for 12:01 PM IST today from Kennedy Space Center, Florida, aboard SpaceX’s Falcon-9 rocket.