സാങ്കേതിരരംഗത്തെ ചൈനയുടെ മുന്നേറ്റത്തിനൊപ്പം നല്‍ക്കുന്ന ലോകരാജ്യങ്ങള്‍ ചുരുക്കമാണ്. ഇന്ത്യയില്‍ എല്ലായിടത്തും 5 ജി പോലും എത്താത്തപ്പോള്‍ 10 ജി വരെ ചൈന പരീക്ഷിച്ചു കഴിഞ്ഞു. ചാന്ദ്ര പരീക്ഷണങ്ങളിലും നിര്‍ണായക കണ്ടെത്തലുകള്‍ ചൈന നടത്തുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ പകല്‍ സമയത്ത് ചന്ദ്രനിലേക്ക് ലേസര്‍ കണിക പായിച്ച് പുതു ചരിത്രം കുറിച്ചിരിക്കുകയാണ് ചൈന. ഭൂമിയില്‍ നിന്നുള്ള ലേസര്‍ കണിക 80,000 മൈല്‍ ദൂരം ചന്ദ്രനിലേക്കും തിരിച്ചും സഞ്ചരിച്ചു. ചൈനയിലെ ഡീപ് സ്പേസ് എക്സ്പ്ലൊറേഷന്‍ ലബോറട്ടറിയാണ് നിര്‍ണായ നേട്ടം കൈവരിച്ചത്. സൂര്യപ്രകാശത്തിന് കീഴില്‍ ചന്ദ്രനിലേക്കും തിരികെയുമുള്ള ലേസര്‍ റേഞ്ചിങ് വിജയകരമായി നടത്തുന്നത് ഇതാദ്യമാണ്.
ചൈനീസ് അക്കാദമി ഓഫ് സയന്‍സിന് കീഴിലുളള യുനാന്‍ ഒബ്സര്‍വേറ്ററിയിലെ ഗവേഷകരാണ് നിര്‍ണായക പരീക്ഷണം നടത്തിയത്. 3.9 അടി നീളമുളള ദൂരദര്‍ശിനിയിലൂടെ ഇന്‍ഫ്രാറെഡ് ലൂണാര്‍ ലേസര്‍ റേഞ്ചിങ് സിസ്റ്റം ഉപയോഗിച്ചാണ് ചന്ദ്രനെ പരിക്രമണം ചെയ്യുന്ന ടിയാന്‍ഡു-1 എന്ന ഉപഗ്രഹത്തില്‍ ലേസര്‍ റിട്രോ റിഫ്ളക്ടര്‍ ഉപയോഗിച്ച് രശ്മി അയച്ചത്. ഭൂമി– ചന്ദ്ര ആശയവിനിമയത്തിനും നാവിഗേഷന്‍ ശ്യംഖലയ്ക്കും അടിത്തറ പാകുന്നതിനായി 2024 മാര്‍ച്ചില്‍ വിക്ഷേപിച്ചതാണ് ടിയാന്‍ഡു–1 പേടകം. ഗ്രൗണ്ട് സ്റ്റേഷനുകള്‍ നിന്ന് അയക്കുന്ന നാനോ സെക്കന്‍ഡ് പള്‍സുകള്‍ ബഹിരാകാശ പേടകത്തിലെ റിട്രോ റിഫ്ലക്ടറുകളില്‍ നിന്ന് ബൗണ്‍സ് ചെയ്ത് സെന്റീമീറ്ററില്‍ ദൂരം വെളിപ്പെടുത്തുന്നതാണ് ഈ പരീക്ഷണം
ഭൂമി-ചന്ദ്രന്‍ ആശയവിനിമയ സാങ്കേതികതയിലെ നിര്‍ണായക ചുവടുവയ്പ് ലേസര്‍ റേഞ്ചിങ് സാങ്കേതിക വിദ്യ ഉപഗ്രഹങ്ങളുടെ ഭ്രമണപഥങ്ങള്‍ വളരെ കൃത്യമായി കണക്കാക്കുന്നതിനുള്ള ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡായി കണക്കാക്കുന്നു. ഇതുവരെ ഈ സാങ്കേതിക വിദ്യ രാത്രിയില്‍ മാത്രമാണ് വിജയകരമായി ഉപയോഗിച്ചിരുന്നത്. പകല്‍ സമയത്ത് ലേസര്‍ അയച്ചുള്ള പരീക്ഷണം വിജയിച്ചതോടെ ഇതിന്‍റെ സാധ്യതകള്‍ അനന്തമാണ്.
പകല്‍സമയ ലേസര്‍ റേഞ്ചിങ് നടത്താന്‍ കൃത്യത അത്യന്താപേക്ഷിതമാണ്. ഈ പരീക്ഷണവിജയം സാങ്കേതിക വിദ്യയുടെ പരിധികള്‍ വികസിപ്പിക്കുന്നുവെന്നും ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങള്‍ക്കായി ട്രാക്കിങ് കൂടുതല്‍ വേഗത്തിലാകുമെന്നും ഡിഎസ്‌ഇഎല്‍ പറയുന്നു. ടിയാന്‍ഡു-1 പേടകം കാഴ്ചയ്ക്കുളളില്‍ കടന്നുപോകുമ്പോഴെല്ലാം ചൈനയ്ക്ക് പരിക്രമണ ഡേറ്റ ശേഖരിക്കുന്നതിനും ലോങ് -ബേസ്‌ലൈന്‍ പൊസിഷനിങ് മെച്ചപ്പെടുത്താനും കഴിയും. ഭാവിയിലെ ബഹിരാകാശ പദ്ധതികള്‍ക്കായി കൂടുതല്‍ കൃത്യതയുളള ഡേറ്റ ശേഖരിക്കാന്‍ ഇതുവഴി കഴിയും.
ഉപഗ്രഹങ്ങള്‍, ചന്ദ്രലാന്‍ഡറുകള്‍, റോവറുകള്‍, മനുഷ്യന്‍ ഉള്‍പ്പെടുന്ന മിഷനുകള്‍ എന്നിവയ്ക്ക് തുടര്‍ച്ചയായ ആശയവിനിമയവും കൃത്യമായ ടൈമിങ് സംവിധാനവും ഇതുവഴി ലഭിക്കും ഉപഗ്രഹ ലേസര്‍ റേഞ്ചിങ് സിസ്റ്റം ലാന്‍ഡിങ് ഗൈഡന്‍സ് മുതല്‍ റോവര്‍ കണ്‍ട്രോള്‍ വരെ ഇനി ഏറെ എളുപ്പമാകും.ഇതുകൂടാതെ ജലസാന്നിധ്യമുണ്ടെന്ന് കരുതുന്ന ചന്ദ്രന്‍റെ ഇരുണ്ട ക്രേറ്ററുകള്‍ക്കുള്ള കുടുതല്‍ അന്വേഷണത്തിനും ഇത് സഹായകമാകും.
സാങ്കേതിക പരിമിതികളെ അതിജീവിച്ചാണ് പുതിയ പരീക്ഷണം ചൈന നടത്തിയിരിക്കുന്നത്. സൂര്യപ്രകാശത്തിന് കീഴില്‍ കൃത്യമായി ലേസര്‍ റേഞ്ചിങ് സാധ്യമാകുമെന്ന് കരുതിയിരുന്നില്ല. ഉപഗ്രഹം ദൃശ്യമാകുന്ന ഏത് സമയത്തും ഭൂമി-ചന്ദ്രന്‍ അകലം അളക്കാന്‍ ഇതിലൂടെ സാധിക്കും. ഈ ബൃഹത്തായ മുന്നേറ്റം ഭാവിയിലെ ചന്ദ്രമിഷനുകളും ആളെ ബഹിരാകാശത്ത് എത്തിക്കുന്ന സംരംഭങ്ങളും കൂടുതല്‍ കൃത്യമായി നടത്താനുളള വഴി തുറക്കുന്നു.