ജൂണ്‍ 8നാണ് ഇന്ത്യയുടെ ശുഭാന്‍ഷു ശുക്ല രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്. അമേരിക്കയിലെ സ്വകാര്യ കമ്പനി അകിസിയമിന്‍റെ അക്സിയം–4 മിഷന്‍റെ ഭാഗമായാണ് ശുഭാന്‍ഷുവിന്‍റെ യാത്ര. ശുഭാന്‍ഷുവിന്‍റെ ഈ യാത്രയ്ക്ക് രാജ്യം ചെലവിടുന്നത് കോടികളാണ്. ബഹിരാകാശ യാത്രകള്‍ക്കും വിക്ഷേപണങ്ങള്‍ക്കും രാജ്യങ്ങള്‍ ശതകോടികളാണ് ചെലവഴിക്കുന്നത്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ പലപ്പോഴും കുറഞ്ഞ ചെലവില്‍ വിക്ഷേപണം നടത്തി വിജയക്കൊടി പാറിക്കാറുമുണ്ട്. ഇപ്പോഴിതാ ശുഭാന്‍ഷു ശുക്ലയുടെ യാത്രയ്ക്ക് വേണ്ടി രാജ്യം ചെലവിടുന്നത് 500 കോടി രൂപയെന്നാണ് പുറത്തുവരുന്ന വിവരം. ഇത് അല്‍പ്പം കൂടുതലാണോ എന്ന് സംശയം തോന്നിയേക്കാം. പക്ഷേ അങ്ങനയല്ല.
ബഹിരാകാശ ദൗത്യങ്ങള്‍ എപ്പോഴും ചെലവേറിയതാണ്. ഉപഗ്രഹ വിക്ഷേപണങ്ങള്‍ക്ക് പോലും കോടി കണക്കിന് രൂപ ചെലവാകും. അങ്ങനെയെങ്കില്‍ മനുഷ്യനെ ബഹിരാകാശത്തേക്ക് വിടാന്‍ എത്ര രൂപ വേണ്ടിവരുമെന്നത് ഊഹിക്കാവുന്നതേ ഉള്ളൂ. ഇസ്രോയും നാസയും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് ശുഭാന്‍ഷു ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്. അതിനായാണ് 500 കോടി രൂപ. ഇന്ത്യ ഒറ്റയ്ക്കാണ് ഈ ദൗത്യം നടത്തിയിരുന്നെങ്കില്‍ 500 കോടിയുടെ ഇരട്ടിയിലധികം ചെലവിടേണ്ടി വരും.
ഇന്ത്യയുടെ മറ്റു ദൗത്യങ്ങളുടെ ചെലവ്
1975 ലാണ് ഇന്ത്യയുടെ ആദ്യ ഉപഗ്രഹം ആര്യഭട്ട വിക്ഷേപിക്കുന്നത്. അന്നത്തെ കാലത്ത് അതിനായി ചെലവിട്ടത് 3 കോടി രൂപയാണ്. 2019 ല്‍ ലക്ഷ്യം കാണാതിരുന്ന ചന്ദ്രയാന്‍ 2നായി ചെലവിട്ടത് 978 കോടി രൂപയും. ചന്ദ്രയാന്‍ മൂന്നിനായി 613 കോടി രൂപയും ഇന്ത്യ ചെലവിട്ടു. ഇതൊക്കെ നോക്കുമ്പോള്‍ ശുഭാന്‍ഷുവിന്റെ യാത്രയ്ക്കായി 500 കോടി ചെലവിടുന്നത് വലിയ തുകയല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
500 കോടി മുടക്കിയാല്‍ മെച്ചമെന്തെല്ലാം?
ഇത്രയും തുക ചെലവിടുന്നത് എന്തിനെന്നും ചോദ്യം വന്നേക്കാം. ബഹിരാകാശ ദൗത്യങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്ന അമേരിക്ക, റഷ്യ, ജപ്പാന്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയ്ക്ക് നമ്മുടേതായ സ്ഥാനം ഇതിനോടകം ഉറപ്പിക്കാനായിട്ടുണ്ട്. ഇത് നിലനിര്‍ത്തേണ്ടത് രാജ്യത്തിന്റെ ആവശ്യം കൂടിയാണ്. കൂടാതെ മനുഷ്യനെ ആദ്യമായി ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ദൗത്യം ഗഗന്‍യാനിലേക്ക്, ശുഭാന്‍ശുവിന്റെ ഈ യാത്ര മുതല്‍ക്കൂട്ടാകുകയും ചെയ്യും. ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗം കൂടിയാണ് ശുഭാന്‍ഷു. അതിനാല്‍ ഒരു തവണ ബഹിരാകാശത്ത് പോയി വരുന്ന പരിചയം ഗഗന്‍യാന്‍ പദ്ധതിക്ക് ഏറെ ഗുണം ചെയ്യും. ഇന്ത്യയ്ക്ക് വേണ്ടി ഏഴോളം പരീക്ഷണങ്ങളാണ് ശുഭാന്‍ഷു ബഹിരാകാശത്ത് നടത്തുക.