അതിശക്തമായ സൗരകൊടുങ്കാറ്റ് ഭൂമിയെ ലക്ഷ്യമാക്കി നീങ്ങുന്നുവെന്ന മുന്നറിയിപ്പുമായി നാസയും മറ്റ് ബഹിരാകാശ ഏജൻസികളും. ലോകത്തിന്റെ പല ഭാഗങ്ങളിൽ റേഡിയോ ബ്ലാക്കൗട്ടുകൾ, ജിപിഎസ് തടസ്സങ്ങൾ, ശക്തമായ അറോറകൾ എന്നിവ ഈ സൗരകൊടുങ്കാറ്റ് മൂലം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അടുത്തിടെ സൂര്യനിലുണ്ടായ വലിയ പൊട്ടിത്തെറികളുടെ ഭാഗമായി പുറന്തള്ളിയ X2.7 ക്ലാസ് സൗരജ്വാലയാണ് ഭൂമിയോടടുക്കുന്നത്. 2025 ൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് സൂര്യനില്‍ നടന്ന ഏറ്റവും തീവ്രമായ സ്ഫോടനമാണിത്.
സൂര്യന്റെ ഉപരിതലത്തിൽ നിന്നുള്ള വികിരണത്തിന്റെ പെട്ടെന്നുള്ളതും തീവ്രവുമായ പൊട്ടിത്തെറികളാണ് സൗരജ്വാലകൾ, പലപ്പോഴും സൂര്യകളങ്ക പ്രവർത്തനവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. അടുത്തിടെയുണ്ടായ X2.7-ക്ലാസ് ജ്വാല ഏറ്റവും ഉയർന്ന തീവ്രതയിലുള്ളതാണ്. സൗരജ്വാലകളില്‍ ഏറ്റവും ശക്തിയേറിയതിനെയാണ് x ക്ലാസ് എന്ന് ശാസ്ത്രജ്ഞര്‍ വിളിക്കുന്നത്. ഭൂമിയുടെ അന്തരീക്ഷത്തിൽ ഉടനടി ആഘാതങ്ങൾ സൃഷ്ടിക്കാൻ ഇതിന് കഴിയും. ഉയർന്ന ഫ്രീക്വൻസി റേഡിയോ ആശയവിനിമയങ്ങൾ, വ്യോമയാന സംവിധാനങ്ങൾ, നാവിഗേഷൻ നെറ്റ്‌വർക്കുകൾ എന്നിവയെ ഇവ തടസ്സപ്പെടുത്തും.
നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്‍റെ കണക്കനുസരിച്ച് അടുത്തിടെ സൂര്യനില്‍ ഉണ്ടായ പൊട്ടിത്തെറി മിഡിൽ ഈസ്റ്റിൽ താൽക്കാലിക റേഡിയോ തടസ്സങ്ങൾക്ക് കാരണമാകുകയും ഇത് ഏകദേശം 10 മിനിറ്റ് നീണ്ടുനില്‍ക്കുകയും െചയ്തിരുന്നു. ഭൂമിയുടെ അയണോസ്ഫിയറിനെ തടസ്സപ്പെടുത്തിയ ശക്തമായ വികിരണ തരംഗമാണ് ഈ തടസ്സങ്ങള്‍ക്ക് കാരണമായത്. തുടർച്ചയായ സൗരജ്വാലകളും കൊറോണൽ മാസ് ഇജക്ഷനുകളും (സിഎംഇ) ബഹിരാകാശ ഉപഗ്രഹങ്ങൾ, ബഹിരാകാശയാത്രികർ എന്നിവരേയും ബാധിച്ചേക്കാമെന്നും നാസയുടെ മുന്നറിയിപ്പുണ്ട്.
നിലവില്‍ സൂര്യന്‍റെ 11 വർഷത്തെ സൗരചക്രം അതിന്‍റെ ഉച്ചസ്ഥായിലാണ് (സോളാർ മാക്സിമം). ഈ ഘട്ടത്തിൽ, സൂര്യന്റെ കാന്തികധ്രുവങ്ങൾ ചലിക്കുകയും സൂര്യകളങ്കങ്ങളിലെ പ്രവർത്തനങ്ങള്‍ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ഇടയ്ക്കിടെ തീവ്രമായ സൗര കൊടുങ്കാറ്റുകൾക്ക് കാരണമാകും. നിലവില്‍ സൂര്യകളങ്ക മേഖലയായ AR4087 നെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ഏജന്‍സികള്‍. സൂര്യന്റെ ഭൂമിക്ക് അഭിമുഖമായുള്ള ഭാഗത്ത് അഞ്ച് സജീവ സൂര്യകളങ്ക മേഖലകൾ വരെ ഉണ്ടെന്നാണ് പഠനങ്ങള്‍. ഇത് കൂടുതൽ ജ്വാലകളുടെയും കൊറോണല്‍ മാസ് ഇജക്ഷന്‍റെയം സാധ്യത വര്‍ധിപ്പിക്കുന്നു. അടുത്ത ആഴ്ചകളിലും കൂടുതൽ അസ്വസ്ഥതകൾക്ക് കാരണമായേക്കാവുന്ന ഒന്നിലധികം സൗരകളങ്ക മേഖലകളെ ശാസ്ത്രജ്ഞർ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
സൗര കൊടുങ്കാറ്റുകൾ സാങ്കേതിക തടസ്സങ്ങൾക്ക് കാരണമാകുമെങ്കിലും അവ മനോഹരമായ അറോറകള്‍ക്കും കാരണമാകാറുണ്ട്. സൂര്യനില്‍ നിന്ന് പുറപ്പെടുന്ന സൗരക്കാറ്റുകളിലെ വലിയ ചാര്‍ജുള്ള കണങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തിലെ വായുതന്മാത്രകളുമായി കൂട്ടിമുട്ടുമ്പോഴാണ് അറോറ ബോറിയാലിസ് അല്ലെങ്കില്‍ ധ്രുവദീപ്തി ഉണ്ടാകുന്നത്. 2025 മെയ് 22 ന് യുകെയിലും അയർലൻഡിലും അറോറകളുടെ മികച്ച കാഴ്ച തന്നെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.