isro-eos-fails
  • 2017 ന് ശേഷം പിഎസ്എല്‍വി പരാജയപ്പെടുന്നത് ഇതാദ്യം
  • 2021 ലും 2022 ലും EOS 02,03 എന്നിവയും ഭ്രമണപഥത്തിലെത്തിയിരുന്നില്ല
  • ദൗത്യം പരാജയപ്പെട്ടെന്ന് സ്ഥിരീകരിച്ച് ISRO

ഐഎസ്ആര്‍ഒയുടെ 101–ാം ഉപഗ്രഹമായ EOS-09 വിക്ഷേപണം പരാജയം. വിക്ഷേപണത്തിന്‍റെ മൂന്നാം ഘട്ടത്തില്‍ പിഴവ് പറ്റിയതോടെയാണ് വിക്ഷേപണം പരാജയപ്പെട്ടതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വി.നാരായണന്‍ സ്ഥിരീകരിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേയ് സെന്‍ററില്‍ നിന്ന് പുലര്‍ച്ചെയാണ് EOS-09 വിക്ഷേപിച്ചത്. രാജ്യത്തിന്‍റെ അതിര്‍ത്തി മുഴുവന്‍ സമയവും നിരീക്ഷിക്കുകയെന്ന പ്രധാനലക്ഷ്യമായിരുന്നു ഇതിനുണ്ടായിരുന്നത്. 

പിഎസ്എല്‍വി–സി61 റോക്കറ്റാണ് EOS-09 ( റിസാറ്റ് –ബി)യെ വഹിച്ചതെങ്കിലും ഭ്രമണപഥത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല.  2017ന് ശേഷം ഇതാദ്യമായാണ് പിഎസ്എല്‍വി , ഒരുപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നതില്‍ പരാജയപ്പെടുന്നത്. പിഎസ്എല്‍വിയുടെ ചരിത്രത്തില്‍ മൂന്നാമത്തേതും. 2021 ല്‍ EOS-03യും 2022 ല്‍ EOS-02 വും സമാനമായി അവസാനഘട്ടത്തില്‍ ഭ്രമണപഥത്തിലെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല.

1696 കിലോ ഭാരമുള്ള ഏറ്റവും പുതിയ തലമുറ സാറ്റലൈറ്റ് കൂടിയാണ് EOS-09. വിജയകരമായി വിക്ഷേപിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഉയര്‍ന്ന റെസല്യൂഷനുള്ള ചിത്രങ്ങള്‍ EOS-09 ല്‍ നിന്നും ലഭ്യമായേനെ. ലഭ്യമാകുന്ന വിവരങ്ങള്‍ അതിര്‍ത്തി നിരീക്ഷിക്കുന്നതിനപ്പുറം കൃഷി, വനം വകുപ്പ്, ദുരന്തനിവാരണം, നഗരാസൂത്രണം തുടങ്ങിയ മേഖലകളിലും പ്രയോജനപ്പെടുത്താന്‍ സാധിക്കുന്ന ഉപഗ്രഹമാണിത്. 

ENGLISH SUMMARY:

India’s 101st satellite, EOS-09, failed to reach orbit due to an error in the third stage of its launch sequence, ISRO Chairman V. Narayanan confirmed. The satellite was launched early morning from Sriharikota's Satish Dhawan Space Centre using the PSLV-C61 rocket.