എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
ശുക്രനില്‍ ഇറങ്ങാന്‍ ലക്ഷ്യമിട്ട് 1972 മാര്‍ച്ച് 31-ന് വിക്ഷേപിച്ച കോസ്‌മോസ് 482 പേടകം ഉടന്‍ ഭൂമയില്‍ പതിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സോവിയറ്റ് യൂണിയന്‍റ പരാജയ പദ്ധതികളിലൊന്നായിരുന്നു ശുക്രപര്യവേഷണം. പദ്ധതിയുടെ ഭാഗമായി വിക്ഷേപിച്ച പേടകം ഭൂമിയില്‍ എവിടെയാണ് പതിക്കുക എന്ന് ഉറപ്പില്ല. 500 കിലോയോളം ഭാരമുള്ള ഈ പേടകത്തെ ചുറ്റിപ്പറ്റിയാണ് ശാസ്ത്രലോകത്ത് ആശങ്കള്‍ നിലനില്‍ക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം നിയന്ത്രണം നഷ്ടപ്പെട്ട പേടകം ഒരാഴ്ചയ്ക്കുള്ളില്‍ ഭൂമിയില്‍ പതിക്കും. ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്ന പേടകം എത്രത്തോളം കത്തിയെരിയുമെന്നോ ബാക്കി ഭാഗങ്ങള്‍ എവിടെയാണ് പതിക്കുകയെന്നോ കൃത്യമായി നിര്‍വചിക്കാനാകാതെ കുഴങ്ങുകയാണ് ശാസ്ത്രലോകം.
കോസ്മോസ് 482 | ചിത്രം: നാസ
മെയ് 10 ഓടെ പേടകം ഭൂമിയുടെ അന്തരീക്ഷപരിധിയിലേക്ക് പ്രവേശിക്കുമെന്നാണ് ഡച്ച് ശാസ്ത്രജ്ഞനായ മാർക്കോ ലാങ്ബ്രൂക്ക് പ്രവചിച്ചിരിക്കുന്നത്. മണിക്കൂറിൽ 242 കിലോമീറ്റർ വേഗതയിലായിരിക്കും പേടകം ഭൂമിയില്‍ പ്രവേശിക്കുക. പേടകം താരതമ്യേന ചെറുതാണെങ്കിലും ഒരു ഉൽക്കാശില പതിക്കുന്നതിന് സമാനമായ ആഘാതമുണ്ടാകുമെന്നും അദ്ദേഹം പറയുന്നതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സാധാരണഗതിയില്‍ എല്ലാ വര്‍ഷവും ഉല്‍ക്കാശിലകള്‍ ഭൂമിയില്‍ പതിക്കാറുണ്ട്. എങ്കിലും ബഹിരാകാശ പേടകം ആരുടേയെങ്കിലും മേല്‍പതിക്കാനുള്ള അല്ലെങ്കില്‍ കെട്ടിടങ്ങളില്‍ ഇടിക്കാനുള്ള സാധ്യത വളരെ ചെറുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എങ്കിലും ആശങ്കകള്‍ പൂർണ്ണമായും തള്ളിക്കളയാനാവില്ല.
1972 ലാണ് തങ്ങളുടെ ശുക്ര ദൗത്യങ്ങളുടെ പരമ്പരയുടെ ഭാഗമായി കോസ്മോസ് 482 സോവിയറ്റ് യൂണിയൻ വിക്ഷേപിക്കുന്നത്. എന്നാൽ റോക്കറ്റിന്‍റെ തകരാർ കാരണം പേടകം ഭൂമിയുടെ ഭ്രമണപഥത്തിന്‍റെ പുറത്തുകടന്നില്ല. മാത്രമല്ല ഒരു ദശാബ്ദത്തിനുള്ളിൽ തന്നെ അതിൽ ഭൂരിഭാഗവും തകർന്നു വീഴുകയും ചെയ്തു. എന്നാല്‍ മാർക്കോ ലാങ്ബ്രൂക്ക് പറയുന്നത് പ്രകാരം പേടകത്തിന്‍റെ ഭാഗമായ 3 അടി (1 മീറ്റർ) വ്യാസമുള്ള ഗോളാകൃതിയിലുള്ള ലാൻഡിങ് കാപ്‌സ്യൂൾ കഴിഞ്ഞ 53 വർഷമായി നമ്മുടെ ഭ്രമണപഥത്തില്‍ ഭൂമിയെ ചുറ്റുന്നുണ്ട്. ക്രമേണ ഭൂമിയിലേക്ക് അടുക്കുന്നുണ്ടെന്നും 1,000 പൗണ്ടിലധികം (ഏകദേശം 500 കിലോഗ്രാം) ഭാരമുള്ള ഈ ബഹിരാകാശ പേടകം ഭൂമിയുടെ അന്തരീക്ഷത്തെ അതിജീവിച്ച് തിരിച്ച് പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നുമാണ്. ശുക്രന്‍റെ കട്ടിയുള്ള കാർബൺ ഡൈ ഓക്സൈഡ് നിറഞ്ഞ അന്തരീക്ഷത്തെ ചെറുക്കുന്ന തരത്തിലായിരുന്നു കോസ്‌മോസ് 482 ന്‍റെ നിര്‍മാണം.
ബഹിരാകാശപേടകത്തില്‍ പാരച്യൂട്ട് സംവിധാനവുമുണ്ട്. ഭൂമിയിലേക്ക് തിരിച്ചിറങ്ങുമ്പോള്‍ ഇത് പ്രവര്‍ത്തിക്കേണ്ടതുമാണ്. എന്നാല്‍ ഇത്രയും വർഷങ്ങൾക്ക് ശേഷം പാരച്യൂട്ട് സംവിധാനം പ്രവർത്തിക്കുമോ എന്ന് വിദഗ്ധർ സംശയിക്കുന്നുണ്ട്. ഭ്രമണപഥത്തിൽ ഇത്രയും കാലം കഴിഞ്ഞതിനാല്‍ പേടകത്തിന്‍റെ താപ കവചവും തകരാറിലായിട്ടുണ്ടാകാം. എന്നാല്‍ താപകവചം തകരാറിലാകുന്നതാണ് നല്ലതെന്നാണ് വിദഗ്ധർ പറയുന്നത്. അങ്ങിനെയെങ്കില്‍ അന്തരീക്ഷത്തില്‍ പ്രവേശിച്ചാല്‍ ബഹിരാകാശ പേടകം കത്തിത്തീര്‍ന്നേക്കാം. എന്നാൽ താപ കവചം അതേപടി നിലനിൽക്കുകയാണെങ്കിൽ പേടകം കേടുകൂടാതെ ഭൂമിയില്‍ നിയന്ത്രണാതീതമായ വേഗതയില്‍ ഭൂമിയില്‍ പ്രവേശിക്കും.
നിലവില്‍ 51.7 ഡിഗ്രി വടക്ക് തെക്ക് അക്ഷാംശങ്ങൾക്കിടയിലോ, കാനഡയിലെ ആൽബെർട്ടയിലെ ലണ്ടൻ, എഡ്മണ്ടൺ എന്നിവിടങ്ങളിലോ തെക്കേ അമേരിക്കയിലെ കേപ് ഹോണിലോ ആയിരിക്കും ബഹിരാകാശ പേടകം വീഴുക. ഏതെങ്കിലും സമുദ്രത്തില്‍ തന്നെയാകുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്. 2022ൽ ഇത്തരത്തില്‍ ഒരു ചൈനീസ് ബൂസ്റ്റർ റോക്കറ്റ് ഭൂമിയിലേക്ക് അനിയന്ത്രിതമായി പ്രവേശിച്ചിരുന്നു. 2018-ൽ ടിയാൻഗോങ്-1 ബഹിരാകാശ നിലയവും ഇത്തരത്തില്‍ ദക്ഷിണ പസഫിക്കിന് മുകളിലൂടെ ഭൂമിയില്‍ പ്രവേശിച്ചിട്ടുണ്ട്.