ഒരു കല്ല് വെറുതെ എറിയുന്നതിലും പതിന്മടങ്ങ് ശക്തിയായിരിക്കും ആ കല്ല് കയ്യിൽ ഇട്ട് കറക്കി ചുറ്റി എറിയുന്നത്. സമാനമായ രീതിയിൽ ഭൂമിക്ക് പുറത്തേക്ക് റോക്കറ്റുകളെ കറക്കി എറിഞ്ഞാലോ. തമാശയല്ല, ഇത്തരമൊരു ആശയവുമായി റോക്കറ്റ് ലോഞ്ചിലേക്ക് അടുക്കുന്ന ഒരു സ്റ്റാർട്ടപ്പുണ്ട്. പേര് സ്പിൻ ലോഞ്ച്
2014ൽ അമേരിക്കയിലെ കാലിഫോർണിയയിൽ ജോനാഥൻ യാനായ് എന്നയാൾ സ്ഥാപിച്ച എയ്റോ സ്പേസ് കമ്പനിയാണ് സ്പിൻ ലോഞ്ച്. ഭ്രാന്തൻ ആശയം എന്ന് വിധിയെഴുതിയ കമ്പനി 2020ൽ ഒരു ടെസ്റ്റ് ലോഞ്ച് സൈറ്റ് സ്ഥാപിക്കുന്നതോടെയാണ് കഥ മാറുന്നത്. വെർജിൻ ഗ്യാലറ്റിക്ക് അടക്കമുള്ള ഭീമൻ സ്വകാര്യ സ്പേസ് കമ്പനികൾക്ക് ടെസ്റ്റ് ഫെസിലിറ്റി ഉള്ള സ്പേസ്‌പോർട്ട് അമേരിക്കയിലാണ് സ്പിൻ ലോഞ്ചും ടെസ്റ്റ് ഫെസിലിറ്റി സ്ഥാപിച്ച് പരീക്ഷണങ്ങൾ തുടങ്ങിയത്. ഗൂഗിൾ, എയർബസ്, എടിഡബ്ലു തുടങ്ങിയ ഭീമൻ കമ്പനികളുടെ നിക്ഷേപമാണ് സ്പിൻ ലോഞ്ചിനെ അതിന് പ്രാപ്തമാക്കിയത്. 2022ൽ ടൈം മാഗസിൻ ലോകത്തെ 100 മോസ്റ്റ് ഇൻഫ്ലുവൻഷ്യൽ കമ്പനികളിൽ ഒന്നായി സ്പിൻ ലോഞ്ചിന് തിരഞ്ഞെടുത്തു. അതേ വർഷമാണ് നാസയുടെ പേലോട് ബഹിരാകാശത്ത് എത്തിക്കാനുള്ള കരാർ കമ്പനി നേടിയത്. ദൗത്യം വിജയമായതോടെ ജോനാഥന്‍റെ ഭ്രാന്തൻ ആശയം ലോകത്ത് ഇന്ന് വരെ ഉണ്ടായ പരമ്പരാഗത റോക്കറ്റ് ലോഞ്ചിങ് രീതികൾ മാറ്റിമറിക്കുകയാണ്.
കെമിക്കൽ റോക്കറ്റുകളെ അപേക്ഷിച്ച് ഒരു വസ്തു ചലിക്കുമ്പോൾ ഉണ്ടാകുന്ന കൈനട്ടിക് എനർജിയെയാണ് സ്പിൻ ലോഞ്ച് ആശ്രയിക്കുന്നത്. സെൻട്രിഫ്യൂഗൽ മോട്ടറുകളെ അനുസ്മരിപ്പിക്കുന്ന ഓർബിറ്റൽ ആക്സിലറേറ്റർ എന്ന വമ്പൻ ഭാഗമാണ് സംവിധാനത്തിന്‍റെ കാതൽ. വായു ഇല്ലാത്ത ഈ ചേമ്പറിനുള്ളിലാണ് റോക്കറ്റുകൾക്ക് കൈനട്ടിക് എനർജി നൽകുന്നത്. ഒരു സെക്കൻഡിൽ രണ്ട് കിലോമീറ്റർ എന്ന രീതിയിൽ, മണിക്കൂറിൽ 7500 കിലോമീറ്റർ വേഗതയിൽ വരെ റോക്കറ്റുകളെ ഇതിനുള്ളിൽ ചുറ്റിക്കും. പിന്നീട് തുറന്നു വിടുന്ന റോക്കറ്റ് ഭൂമിയുടെ ഗുരുത്വാകർഷണം ഭേദിച്ച ലോവർ എർത്ത് ഓർബിറ്റ് വരെ എത്തും. ഭൂമിയിൽനിന്ന് ഏകദേശം 60 കിലോമീറ്റർ. അതിനുശേഷം റോക്കറ്റിലെ എൻജിൻ ജ്വലിച്ച് വേഗത കൂട്ടും. സെക്കൻഡിൽ 7 കിലോമീറ്റർ എന്ന കണക്കിൽ മണിക്കൂറിൽ 27600 കിലോമീറ്റർ ആയിരിക്കും അപ്പോഴത്തെ വേഗത. ഏകദേശം 200 kg വരെ ഭാരമുള്ള പേലോടുകൾ ഈ വേഗത്തിൽ ഭ്രമണപഥത്തിൽ എത്തിക്കാം. ചേമ്പറിനുള്ളില്‍ അതിവേഗം ചുറ്റിക്കാന്‍ ഓർബിറ്റൽ ആക്സിലറേറ്റർ എന്ന ഘടകം ആവശ്യമാണ്. എന്നാലിത് വികസിപ്പിക്കാൻ ഇതുവരെ സ്പിൻലോഞ്ചിനു കഴിഞ്ഞിട്ടില്ല. സബ് ഓർബിറ്റൽ ആക്സിലറേറ്ററാണ് ഇവർ ഇപ്പോൾ വികസിപ്പിച്ചിരിക്കുന്നത്. അത് ഉപയോഗിച്ചാണ് പരീക്ഷണങ്ങള്‍.
ഉപഗ്രഹ വിക്ഷേപണത്തിന് വേണ്ടിവരുന്ന ചെലവ് ഗണ്യമായി കുറയ്ക്കാം എന്നതാണ് സ്പിൻ ലോഞ്ചിൻ്റെ സവിശേഷത. പ്രധാന കാരണം ഇന്ധന ഉപയോഗം കുറവാണ് എന്നതാണ്. ഒരു റോക്കറ്റ് വിക്ഷേപണത്തില്‍ 9000000 പൗണ്ട് ഇന്ധനമാണ് ആവശ്യമായി വരുന്നത്. റോക്കറ്റ് വിക്ഷേപണങ്ങളിൽ ഏറ്റവും കൂടുതൽ ഇന്ധനം ജ്വലിപ്പിക്കേണ്ടി വരുന്നത് ഭൂമിയുടെ ഗുരുത്വാകർഷണ വലയത്തിലാണ് പുറത്തു കടക്കാൻ ആണ്. എന്നാൽ ഇവിടെ ആ ഘട്ടത്തിൽ ഇന്ധന ഉപയോഗം വളരെ കുറവാണ്. അതിലൂടെ ഓസോണ്‍ ശോഷണം പരിമിതപ്പെടുന്നു. നിലവിൽ സ്പിൻ ലോഞ്ച് ഉപയോഗിച്ച് ഒരു ഉപഗ്രഹം ബഹിരാകാശത്ത് എത്തിക്കാൻ 2500 ഡോളർ മാത്രമാണ് ചെലവാകുന്നത്. സ്പെയ്സ് എക്സിന്‍റെ ഫാൽക്കൺ 9 റോക്കറ്റിൽ ഒരു പേലോടിന് 6000 ഡോളറാണ് ചെലവ്. നാസ ഉൾപ്പെടെയുള്ള വമ്പൻ ബഹിരാകാശ ഏജൻസികളുടെ ചെലവുമായി താരതമ്യം പോലും സാധ്യമല്ല.
എന്നാൽ ചില പോരായ്മകളും സ്പിൻ ലോഞ്ചിന് ഉണ്ട്. ഒരു വസ്തു ചുറ്റിക്കറക്കുമ്പോൾ ഉണ്ടാകുന്ന ഗ്രാവിറ്റേഷൻ പുള്ളിനെ ജീ-ഫോഴ്സ് എന്ന് പറയാം. ഇത്തരത്തിൽ 30 മിനിറ്റ് 10000 ജി ഫോഴ്സ് താങ്ങാൻ ശേഷിയുള്ള വസ്തുക്കളെ സ്പിൻ ലോഞ്ച് ചെയ്യാനാകൂ. അതിനാൽ ഉപഗ്രഹ നിര്‍മാണഘട്ടത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. 10000 ജി ഫോഴ്സ് താങ്ങാന്‍ മനുഷ്യ ശരീരത്തിന് ശേഷിയില്ലാത്തതിനാല്‍ മനുഷ്യരെ ഉപയോഗിച്ചുള്ള ദൗത്യങ്ങള്‍ക്ക് ഇവ ഉപയോഗിക്കാനാകില്ല. കൂടാതെ 400 കിലോ വരെയാണ് സ്പിൻ ലോഞ്ച് ചെയ്യാൻ ആകുന്ന പരമാവധി ഭാരം.
ഏതായാലും ലോക റോക്കറ്റ് ലോഞ്ചിംഗ് ക്രമത്തിൽ വൻ മാറ്റമാണ് സ്പിൻ ലോഞ്ച് കൊണ്ടുവന്നിരിക്കുന്നത്. കൂടുതൽ വിക്ഷേപണങ്ങൾക്ക് ശേഷമേ ഇവയുടെ യഥാർത്ഥ ഗുണദോഷങ്ങൾ വ്യക്തമാകൂ.