planet-parade-hd

പ്ലാനറ്ററി പരേഡ് എന്ന അപൂര്‍വ ആകാശ വിസ്മയത്തിന് ഇനി ഒരുനാള്‍ മാത്രം. സൗരയൂഥത്തിലെ ഏഴ് ഗ്രഹങ്ങള്‍ സൂര്യന്റെ ദിശയില്‍ വിന്യസിക്കുന്ന ഈ പ്രതിഭാസം നാളെ സൂര്യാസ്തമയം മുതല്‍ ഇന്ത്യയില്‍ കാണാന്‍ കഴിയും. ഈത്തവണ അവസരം നഷ്ടപ്പെടുത്തിയാല്‍ പ്ലാനറ്ററി പരേഡ് കാണാന്‍ 2040വരെ നിങ്ങള്‍ക്ക് കാത്തിരിക്കേണ്ടി വരും. 

ബുധന്‍, ചൊവ്വ, വ്യാഴം,ശനി, ശുക്രന്‍, യുറാനസ്, നെപ്റ്റ്യൂണ്‍ എന്നി ഏഴ് ഗ്രഹങ്ങള്‍ സൂര്യന്റെ ഒരേ വശത്ത് എത്തുന്നു.  ഈ അപൂര്‍വ വിന്യാസം ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ കാണാന്‍ കഴിയുന്നതിനെയാണ് പ്ലാനറ്ററി പരേഡ് എന്നറിയപ്പെടുന്നത്. ഈ ഏഴ് ഗ്രഹങ്ങളുടെയും ക്രമീകരണം  ഫെബ്രുവരി 28ന്  പൂര്‍ത്തിയാകുന്നു. അന്ന് സൂര്യാസ്തമയത്തിനുശേഷം 45 മിനുട്ടിന് ശേഷം ഈ വിന്യാസം ഭൂമിയിന്‍ നിന്ന് വീക്ഷിക്കാന്‍ സാധിക്കുന്നു. ബുധന്‍ ഒഴികെ മറ്റു ആറ് ഗ്രഹങ്ങള്‍ ഈ രീതിയില്‍ വിന്യസിക്കപ്പെടാറുണ്ടെങ്കിലും സൂര്യന്റെ അടുത്ത് കിടക്കുന്നതിനാല്‍ ബുധനെ ഈ വിന്യാസത്തില്‍ കാണാന്‍ കഴിയാറില്ല. 

എന്നാല്‍ ഫെബ്രുവരി 28ന് ബുധന്‍ കൂടി മറ്റു ആറ് ഗ്രഹങ്ങള്‍ക്കൊപ്പം ചേരുന്നതിനാലാണ് ഈ വിന്യാസം അപൂര്‍വമാകുന്നത്. 

മാര്‍ച്ച് മൂന്ന് വരെ പ്ലാനറ്ററി പരേഡ് ആകാശത്ത് പ്രകടമാകും. എങ്കിലും ഫെബ്രുവരി 28നായിരിക്കും വ്യക്തതയോടെ പരേഡ് കാണാന്‍ കഴിയുക.  പരമാവധി കാഴ്ച സാധ്യമാകാന്‍ പ്രകാശം കുറഞ്ഞിടത്ത് നിന്ന് നോക്കുന്നതാകും ഉചിതം. ബുധന്‍, ചൊവ്വ, വ്യാഴം,ശനി, ശുക്രന്‍ എന്നി അഞ്ച് ഗ്രഹങ്ങളെ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയും. എന്നാല്‍ യുറാനസ്, നെപ്റ്റ്യൂണ്‍ എന്നിവ വള്ളരെ ദൂരയായതിനാല്‍ ബൈനോക്കുലര്‍, ടെലിസ്കോപ്പ് എന്നിവ ഉപയോഗിക്കേണ്ടി വരും. എന്തായാലും ഈവര്‍ഷത്തെ പ്ലാനറ്ററി പരേഡ് നിങ്ങള്‍ നഷ്ടപ്പെടുത്തിയാല്‍ 2040 വരെ മറ്റൊരു അവസരത്തിനായി കാത്തിരിക്കണം.

ENGLISH SUMMARY:

Only one day left for the rare celestial spectacle called the Planetary Parade. This phenomenon of aligning the seven planets of the solar system in the direction of the sun can be seen in India from sunset tomorrow. If you miss the opportunity this time, you will have to wait until 2040 to see the planetary parade.