Image Credit: facebook.com/groups/HopeTownBulletin

ഫെബ്രുവരി 1ന് കലിഫോര്‍ണിയയിലെ വാന്‍ഡെന്‍ബര്‍ഗ് സ്പേസ് ഫോഴ്‌സ് ബേസില്‍ നിന്ന് സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളുമായി ഉയര്‍ന്നു പൊങ്ങിയതായിരുന്നു സ്‌പേസ് എക്സിന്‍റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ്. ബഹിരാകാശത്ത് ഉപഗ്രഹങ്ങളെ എത്തിക്കുന്ന പ്രാഥമിക ദൗത്യം ഭംഗിയായി നടന്നെങ്കിലും ‘മടക്കയാത്ര’ അത്ര സുഖകരമല്ലായിരുന്നു. വിക്ഷേപണ ദൗത്യത്തിന് ശേഷം റോക്കറ്റിന്‍റെ മുകള്‍ ഭാഗം ഡീ-ഓര്‍ബിറ്റ് ചെയ്യണ്ടതായിരുന്നു. സമുദ്രത്തില്‍ നിയന്ത്രിത സ്പ്ലാഷ്ഡൗണ്‍ പ്രതീക്ഷിച്ചെങ്കിലും ശ്രമം പരാജയപ്പെട്ട് അനിയന്ത്രിതമായ രീതിയിൽ ഭാഗം ഭ്രമണപഥത്തിലെത്തുകയായിരുന്നു. എന്തുകൊണ്ടാണ് സ്പ്ലാഷ്ഡൗണ്‍ പരാജയപ്പെട്ടത് എന്ന് വ്യക്തമല്ലെങ്കിലും റോക്കറ്റിന്‍റെ ഭാഗങ്ങള്‍ തീമഴയായി പെയ്തിറങ്ങുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുകയുണ്ടായി. ഇപ്പോളിതാ റോക്കറ്റിന്‍റേത് എന്ന് കരുതപ്പെടുന്ന ഒരു ഭാഗമാണ് ബഹമാസിലെ ബീച്ചില്‍ കണ്ടെടുത്തത്. 

ബുധനാഴ്ച പുലർച്ചെ ജോലിസ്ഥലത്തേക്ക് പോകുമ്പോൾ ആകാശത്ത് തീഗോളങ്ങള്‍ കണ്ടതായി ഒരു ജർമ്മൻ ട്രെയിൻ ഡ്രൈവർ പറയുന്നു. ഇത് അദ്ദേഹം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. വാൽനക്ഷത്രങ്ങളോ ഉല്‍ക്കകളോ ഒരു പക്ഷേ മിസൈലുകളോ ആയിരിക്കാം എന്നാണ് കരുതിയതെന്നാണ് അദ്ദേഹം സിഎന്‍എന്നിനോട് പറഞ്ഞത്. യൂറോപ്യൻ ബഹിരാകാശ ഏജൻസിയും പോളിഷ് ബഹിരാകാശ ഏജൻസിയും ദൃശ്യങ്ങള്‍ റോക്കറ്റിന്‍റെ ഭാഗങ്ങളാണെന്ന് സ്ഥിരീകരിക്കുയും ഇവ പോളണ്ടില്‍ വീഴുമെന്നാണ് കരുതുന്നതെന്ന് പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു. പിന്നാലെ വിവിധ ഭാഗങ്ങളില്‍ നിന്നും റോക്കറ്റിന്‍റെ ഭാഗങ്ങള്‍ എന്ന തരത്തില്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങി. റോക്കറ്റിന്‍റെ ഒരു ഭാഗമാണ് ബഹമാസിന്‍റെ തീരത്തും ഒഴുകിയെത്തിയിരിക്കാന്‍ സാധ്യത.

എന്നിരുന്നാലും, ഇതോടെ ജനവാസ കേന്ദ്രങ്ങൾക്ക് മുകളിലൂടെ സഞ്ചരിക്കുന്ന റോക്കറ്റുകള്‍ ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണി വീണ്ടും ചര്‍ച്ചയാകുകയാണ്. ആഴ്ചയിൽ പറന്നുയരുന്ന റോക്കറ്റുകളുടെ എണ്ണം വര്‍ധിക്കുമ്പോഴും വിജയകരമായ റോക്കറ്റ് വിക്ഷേപണങ്ങൾ എത്രത്തോളമാണ് എന്നതിലേക്കും ഇത് വിരല്‍ ചൂണ്ടുന്നു. ഈ വര്‍ധനവ് മൂലം ജനവാസ മേഖലകളിലേക്ക് തിരികെ എത്താന്‍ സാധ്യതയുള്ള ബഹിരാകാശ മാലിന്യങ്ങളുടെ അളവും ചര്‍ച്ച ചെയ്യപ്പെടുകയാണ്. യൂറോപ്യൻ ബഹിരാകാശ ഏജൻസി പറയുന്നത് പ്രകാരം എല്ലായ്പ്പോഴും ഭൂമിയിലേക്ക് ബഹിരാകാശ മാലിന്യങ്ങള്‍ പെയ്തിറങ്ങാറുണ്ടെങ്കിലും അവയിൽ ഭൂരിഭാഗവും അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ കത്തിയെരിയാറാണ് പതിവ്. അതേസമയം, നിലവില്‍ കണ്ടെത്തിയ അവശിഷ്ടങ്ങള്‍ ഫാൽക്കൺ 9 ന്‍റേതാണെന്ന് സ്ഥിരീകരിക്കാന്‍ ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ടെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്പേസ് എക്സ് പ്രതികരിച്ചിട്ടില്ല.

ബഹിരാകാശ അവശിഷ്ടങ്ങൾ അപകടകരമാണെന്ന് നേരത്തെ ദി എയ്‌റോസ്‌പേസ് കോർപ്പറേഷനിലെ സെന്റർ ഫോർ ഓർബിറ്റൽ ആൻഡ് റീഎൻട്രി ഡെബ്രിസ് സ്റ്റഡീസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ മാർലോൺ സോർജ് അഭിപ്രായപ്പെട്ടിരുന്നു. ബഹിരാകാശ അവശിഷ്ടങ്ങൾ ഭൂമിയിലെ ആളുകളുമായി സമ്പർക്കം പുലർത്തുന്നത് അപകടങ്ങൾ സൃഷ്ടിച്ചേക്കാം, പ്രത്യേകിച്ചും വിഷ വാതകങ്ങള്‍ എന്തെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍. അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ ഭൂമിയില്‍ പതിക്കുന്ന ഇന്ധന ടാങ്കുകള്‍ കൈകാര്യം ചെയ്യുന്നതും അപകടകരമാണെന്ന് സോർജ് പറയുന്നു.

ഇതിനുമുന്‍പും ബഹിരാകാശ മാലിന്യങ്ങള്‍ ഇത്തരത്തില്‍ ഭൂമിയില്‍ പതിച്ചിട്ടുണ്ട്. 2021ൽ ഒരു ഫാൽക്കൺ 9 റോക്കറ്റിന്‍റെ ഇന്ധന ടാങ്കിന്‍റെ ഭാഗങ്ങള്‍ വാഷിംങ്ടണ്ണിലെ ഒരു ഫാമിൽ പതിച്ചിരുന്നു. പിന്നാലെ അടുത്തവര്‍ഷം ഓസ്‌ട്രേലിയയിൽ നിന്നും സ്‌പേസ് എക്‌സ് ഡ്രാഗൺ കാപ്‌സ്യൂളിന്റെ ഒരു ഭാഗം കണ്ടെടുക്കുകയുണ്ടായി. ഡിസംബർ അവസാനം കെനിയയിലെ ഗ്രാമത്തിൽ പതിച്ച നിഗൂഢ ലോഹവളയവും ഫ്ലോറിഡയിലെ വീട്ടില്‍ പതിച്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നുള്ള മാലിന്യവും ഈ ലിസ്റ്റില്‍ ചിലതുമാത്രമാണ്. എന്നാല്‍ ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ ബഹിരാകാശ മാലിന്യങ്ങള്‍ പതിക്കുന്നത് വളരെ അപൂര്‍വമായി മാത്രമാണെന്നാണ് ബഹിരാകാശ ഏജൻസികള്‍ വാദിക്കുന്നത്. ബഹിരാകാശ അവശിഷ്ടങ്ങൾ പതിക്കുന്നത് മൂലം ഒരാള്‍ക്ക് പരിക്കേൽക്കാനുള്ള സാധ്യത 100 ബില്യണിൽ 1 ൽ താഴെയാണെന്നും അതേസമയം ഇടിമിന്നൽ ഏൽക്കാനുള്ള സാധ്യത ഇതിനേക്കാള്‍ 65,000 മടങ്ങ് കൂടുതലാണെന്നും ഏജന്‍സികള്‍ പറയുന്നു.

ENGLISH SUMMARY:

After a successful Starlink launch on February 1 from California’s Vandenberg Space Force Base, the Falcon 9 rocket's de-orbit attempt failed, causing debris to re-enter the atmosphere uncontrollably. Fragments were spotted over Europe and washed up on a Bahamas beach.