ദീര്‍ഘകാലം ബഹിരാകാശത്ത് ചിലവഴിച്ച ശേഷം മടങ്ങിയെത്തുന്ന ബഹിരാകാശ യാത്രികരില്‍ കാഴ്ച ശക്തിക്ക് ഗുരുതരമായ തകരാര്‍ സംഭവിച്ചേക്കാമെന്ന് റിപ്പോര്‍ട്ട്. ഗുരുത്വാകര്‍ഷണബലമില്ലായ്മയില്‍ ദീര്‍ഘകാലം ജീവിക്കുന്നതാണിതിന് കാരണമായി ഗവേഷകര്‍ പറയുന്നത്. 'IEEE ഓപ്പണ്‍ ജേണല്‍ ഓഫ് എഞ്ചിനീയറിങ് ഇന്‍ മെഡിസിന്‍ ആന്‍റ് ബയോളജി'യിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ബഹിരാകാശത്ത് ദീര്‍ഘകാലമായി കഴിയുന്ന സുനിത വില്യംസിന്‍റെയും ബുഷ് വില്‍മോറിന്‍റെയും ആരോഗ്യ സ്ഥിതിയെ കുറിച്ച് ആശങ്കകള്‍ ഉയരുകയാണ്. അതേസമയം, ചൊവ്വ പര്യവേഷണം പോലുള്ളവ നടത്തുമ്പോഴാകും ഈ പ്രശ്നം അതിരൂക്ഷമാവുകയെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.
ബഹിരാകാശത്തെത്തിക്കഴിയുമ്പോള്‍ ശരീരത്തിലെ രക്തചംക്രമണത്തിലും മര്‍ദാവസ്ഥകളിലുമുണ്ടാകുന്ന വ്യതിയാനമാണ് കാഴ്ച വൈകല്യത്തിലേക്ക് നയിക്കുന്നത്. സ്പേസ് ഫ്ലൈറ്റ് അസോസിയേറ്റഡ് ന്യൂറോ ഒക്യൂലര്‍ സിന്‍ഡ്രോം എന്നാണ് ഈ അവസ്ഥയെ ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്. ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ കഴിയേണ്ടി വരുന്നവരില്‍ ഈ വൈകല്യം പിടിപെടാനുള്ള സാധ്യത 70 ശതമാനത്തോളമാണെന്നും ചൊവ്വാ പര്യവേഷണത്തില്‍ ഇതിന്‍റെ സാധ്യകള്‍ ഇരട്ടിയാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കണ്ണിനുള്ളിലെ മര്‍ദം, കടുപ്പം, കണ്ണിലെ നാഡികളുടെ മിടിപ്പിന്‍റെ അളവ് എന്നിവയെ അടിസ്ഥാനമാക്കിയാണ് ഗവേഷകര്‍ പഠനം നടത്തിയത്. 157 ദിവസം മുതല്‍ 186 ദിവസം വരെ ബഹിരാകാശത്ത് ചെലവഴിച്ച 13 ബഹിരാകാശ യാത്രക്കാരെയാണ ്പഠന വിധേയമാക്കിയത്. ഞെട്ടിക്കുന്നതായിരുന്നു പഠനഫലം. കാഴ്ച ശക്തിയില്‍ 33 ശതമാനത്തോളം കുറവുണ്ടായെന്നും, കണ്ണിനുള്ളിലെ മര്‍ദത്തില്‍ 11 ശതമാനവും കണ്ണിലെ നാഡീമിടിപ്പില്‍ 25 ശതമാനവും കുറവുണ്ടായെന്നും കണ്ടെത്തി. ഇതിന്‍റെ ഫലമായി കണ്ണിന്‍റെ വലിപ്പം കുറയുന്നതായും കൃഷ്ണമണി ചുരുങ്ങുന്നതായും നാഡികള്‍ക്ക് വീക്കം സംഭവിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ഗുരുത്വബലമില്ലായ്മ ശരീരത്തിലെ രക്തചംക്രമണത്തെ ബാധിക്കുന്നതിനാല്‍ തന്നെ കണ്ണിലേക്കുള്ള രക്തപ്രവാഹത്തിന്‍റെ അളവും താളം തെറ്റും. ഇത് നേത്രപടലത്തിന്‍റെ ഏറ്റവും പുറമെയുള്ള ഭാഗത്തില്‍ പ്രകടമായ മാറ്റമുണ്ടാക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നിലവില്‍ ബഹിരാകാശ യാത്രികള്‍ ഭൂമിയിലെത്തിക്കഴിയുന്നതിന് ശേഷം കുറച്ച് സമയമെടുത്താണ് സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നത്. ഇവരില്‍ ചിലര്‍ക്കെങ്കിലും കാഴ്ച വൈകല്യം പരിഹരിക്കാന്‍ വൈദ്യസഹായം സ്വീകരിക്കേണ്ടി വന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പഠന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഒരു വര്‍ഷം വരെ നീണ്ടേക്കാവുന്ന ബഹിരാകാശ ദൗത്യങ്ങളെ കുറിച്ച് ആശങ്കകള്‍ ഉയരുകയാണ്. റിപ്പോര്‍ട്ടിന്‍മേല്‍ വിശദമായ തുടര്‍ പഠനങ്ങള്‍ ആവശ്യമാണെന്നും പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്നും ഗവേഷകര്‍ നിര്‍ദേശിക്കുന്നു.