പുത്തന്‍ പ്രതീക്ഷകളോടെ ലോകം 2025നെ സ്വാഗതം ചെയ്തുകഴിഞ്ഞു. പുതുവര്‍ഷത്തില്‍ ആകാശത്ത് കാണാന്‍ എന്തുണ്ട് എന്ന് ചോദിച്ചാല്‍.... ഏഴ് വിസ്മയങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. സമ്പൂര്‍ണ ചന്ദ്രഗ്രഹണവും ഭാഗിക സൂര്യഗ്രഹണവും പതിവുപോലെ വിരുന്നെത്തുന്ന ഉല്‍ക്കാവര്‍ഷങ്ങളും അതില്‍ പ്രധാനപ്പെട്ടവയാണ്.
Image Credit: NASA/Preston Dyches
ആദ്യ ഉല്‍ക്കാവര്‍ഷം
ഈ വര്‍ഷത്തെ ആദ്യ വലിയ ഉല്‍ക്കാവര്‍ഷത്തിന് സാക്ഷ്യം വഹിക്കാന്‍ അധിക ദിവസം കാത്തിരിക്കേണ്ട. ക്വാഡ്രാന്‍റിഡ് ഉൽക്കാവർഷത്തോടെയാണ് 2025 ആരംഭിക്കുന്നത്. സെക്കൻഡിൽ 70 കിലോമീറ്റർ വേഗത്തിലായിരിക്കും ഉല്‍ക്കകള്‍ അന്തരീക്ഷത്തില്‍ പ്രവേശിക്കുക. മണിക്കൂറിൽ 120 ഉൽക്കകൾ വരെ കാണാം. ക്വാഡ്രന്‍സ് (മ്യൂറല്‍ ക്വാഡ്രന്റ്) നക്ഷത്രസമൂഹത്തില്‍ നിന്നാണ് ഉല്‍ക്കാവര്‍ഷത്തിന് ഈ പേര് ലഭിക്കുന്നത്. ഭൂരിഭാഗം ഉല്‍ക്കാവര്‍ഷങ്ങളും ധൂമകേതുക്കളില്‍ നിന്നുണ്ടാകുമ്പോള്‍ ക്വാഡ്രാന്റിഡുകള്‍ ഉത്ഭവിക്കുന്നത് 2003 EH1 എന്ന ഛിന്നഗ്രഹത്തില്‍ നിന്നാണ്. ഡിസംബര്‍ 27 മുതല്‍ ഇത് കണ്ടുതുടങ്ങി. ജനുവരി 16 വരെ നീണ്ടുനില്‍ക്കുമെങ്കിലും മൂന്ന്, നാല് തീയതികളിലാണ് ഇന്ത്യയില്‍ ഉല്‍ക്കാവര്‍ഷം വ്യക്തമായി കാണാന്‍ കഴിയുക.
രണ്ട‌് ഭാഗിക സൂര്യഗ്രഹണങ്ങള്‍
അടുത്തവര്‍ഷം വാനനിരീക്ഷകരെ കാത്തിരിക്കുന്നത് രണ്ട് സൂര്യഗ്രഹണങ്ങളാണ്. മാർച്ച് 29നാണ് ആദ്യ സൂര്യഗ്രഹണം. യൂറോപ്പിന്‍റെ ചില ഭാഗങ്ങളിലും ഏഷ്യയുടെ വടക്ക് ഭാഗങ്ങൾ, ആഫ്രിക്കയുടെ വടക്ക്, പടിഞ്ഞാറ് മേഖലകള്‍, അമേരിക്ക, തെക്കേ അമേരിക്കയുടെ വടക്കൻ ഭാഗങ്ങൾ, അറ്റ്ലാന്‍റിക്, ആർട്ടിക് മേഖലകള്‍ എന്നിവിടങ്ങളിലെല്ലാം ഈ സൂര്യഗ്രഹണം ദൃശ്യമാകും. സൂര്യന്‍റെ 30 മുതൽ 40 ശതമാനം വരെ മറയും. ഇന്ത്യയിൽ ഇത് ദൃശ്യമാകില്ല. 2025ലെ രണ്ടാമത്തെയും അവസാനത്തേതുമായ സൂര്യഗ്രഹണം സെപ്റ്റംബർ 21 നാണ്. ഓസ്‌ട്രേലിയയുടെ തെക്കൻ ഭാഗങ്ങൾ, പസഫിക്, അറ്റ്ലാന്‍റിക്, അന്‍റാര്‍ട്ടിക് പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഈ ഭാഗിക സൂര്യഗ്രഹണം കാണാം. ഇതും ഇന്ത്യയിൽ ദൃശ്യമാകില്ല.
സമ്പൂര്‍ണ ചന്ദ്രഗ്രഹണം
ഈ വര്‍ഷം സെപ്തംബര്‍ ഏഴിന് ആകാശത്തിന് അഴകേറ്റി സമ്പൂര്‍ണ ചന്ദ്രഗ്രഹണമെത്തും. സൂര്യനും ഭൂമിയും ചന്ദ്രനും നേർരേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുക. ഭൂമി ചന്ദ്രനും സൂര്യനും ഇടയിലായിരിക്കും. ഗ്രഹണസമയത്ത് ചന്ദ്രൻ ചുവന്നിരിക്കും. ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യപ്രകാശം ചന്ദ്രനിലെത്തുന്നതുകൊണ്ടാണിത്. സമ്പൂര്‍ണ ചന്ദ്രഗ്രഹണം ഒരു മണിക്കൂറും 22 മിനിറ്റും നീണ്ടുനില്‍ക്കും. 2022 ന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ പൂർണ്ണ ചന്ദ്രഗ്രഹണമാണ് ഒരുങ്ങുന്നത്. സൂര്യപ്രകാശം മാത്രം പ്രതിഫലിപ്പിക്കുന്നതിനാല്‍ ചന്ദ്രഗ്രഹണം നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സുരക്ഷിതമാണ്.
മൂന്ന് സൂപ്പര്‍മൂണുകള്‍
2024 ൽ തുടർച്ചയായി നാല് സൂപ്പർമൂണുകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ മൂന്ന് സൂപ്പര്‍മൂണുകളാണ് കാത്തിരിക്കുന്നത്; ഒക്ടോബർ ഏഴിന് ഹണ്ടേഴ്‌സ് മൂൺ, നവംബർ അഞ്ചിന് ബീവർ മൂൺ, ഡിസംബർ നാലിന് കോൾഡ് മൂൺ. ചന്ദ്രൻ അതിന്‍റെ ഭ്രമണപഥത്തിൽ ഭൂമിയോട് ഏറ്റവും അടുത്ത് വരുമ്പോഴാണ് സൂപ്പർമൂണുകള്‍ സംഭവിക്കുന്നത്. സാധാരണ പൂർണ്ണ ചന്ദ്രനേക്കാൾ 15 ശതമാനം വരെ തെളിച്ചവും 30 ശതമാനം വലുതുമായിരിക്കും സൂപ്പര്‍മൂണുകള്‍.
കൂടുതല്‍ ശക്തിയോടെ ധ്രുവദീപ്തി
2024ല്‍ ഒന്നിലധികം തവണയാണ് ധ്രുവദീപ്തി വിരുന്നെത്തിയത്. ചുവപ്പ്, പച്ച, നീല എന്നിങ്ങനെ വര്‍ണങ്ങള്‍ ആകാശത്ത് നിറഞ്ഞു. സൂര്യനില്‍ നിന്ന് പുറപ്പെടുന്ന സൗരക്കാറ്റുകളിലെ വലിയ ചാര്‍ജുള്ള കണങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തിലെ വായുതന്മാത്രകളുമായി കൂട്ടിമുട്ടുമ്പോഴാണ് ധ്രുവദീപ്തി ഉണ്ടാകുന്നത്. 2025-ൽ സൂര്യനിലെ കൊറോണൽ മാസ് ഉജക്ഷൻ ഉച്ചസ്ഥായിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്. ഇത് കൂടുതല്‍ ശക്തമായ ധ്രുവദീപ്തിക്ക് കാരണമായേക്കാം.