പ്രതീകാത്മക ചിത്രം
വിമാനത്തിനോളം വലിപ്പമുള്ള ഛിന്നഗ്രഹം പതിക്കാതെ ഭൂമി രക്ഷപെട്ടത് തലനാരിഴയ്ക്കെന്ന് നാസ. 2022 YS5 എന്ന ഛിന്നഗ്രഹമാണ് ഭൂമിയുടെ സമീപത്ത് കൂടി മണിക്കൂറില്‍ 20,993 കിലോമീറ്റര്‍ വേഗതയില്‍ ഭൂമിയെ തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ കടന്നുപോയത്. കൃത്യമായി പറഞ്ഞാല്‍ ഭൂമിയുടെ 2.62 ദശലക്ഷം മൈല്‍ അകലെ കൂടി മാത്രമാണ് ഛിന്നഗ്രഹം പാഞ്ഞുപോയത്. 120 അടിയോളമാണ് 2022 YS5 ന്‍റെ വലിപ്പം. വലിപ്പവും വേഗതയും കൊണ്ട് ഭൂമിക്ക് കടുത്ത അപകടം സൃഷ്ടിച്ചേനെയെങ്കിലും സഞ്ചാരപാതയിലുണ്ടായ വ്യതിചലനം ഭൂമിയെ രക്ഷിച്ചുവെന്നാണ് നാസയുടെ വിലയിരുത്തല്‍.
ഭൂമിയുടെ 4.6 ദശലക്ഷം മൈല്‍ അടുത്ത് കൂടി കടന്നു വരുന്നതും 150 മീറ്ററിലധികം വലിപ്പമുള്ളതുമായ ഛിന്നഗ്രഹങ്ങളെയാണ് നാസ അപകടകാരികളായി കാണുന്നത്. നാസ ഇത്തരം ഛിന്നഗ്രഹങ്ങളെ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും അപകടകാരികളെ കുറിച്ച് സന്ദേശം നല്‍കാറുണ്ടെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.
കൂട്ടിയിടിക്ക് മുന്‍പുള്ള ഡിമോര്‍ഫസ് ചിത്രകാരന്‍റെ ഭാവനയില്‍
വഴിമാറിപ്പോകുന്ന ഛിന്നഗ്രഹങ്ങളെ കുറിച്ച് 2022 ല്‍ നാസ പഠനങ്ങള്‍ നടത്തിയിരുന്നു. ഡാര്‍ട് സ്പേസ് ക്രാഫ്റ്റാണ് ഇതിനായി ഉപയോഗിച്ചത്. ഡിഡിമോസിന്‍റെ ഉപഗ്രഹമെന്ന് പറയാവുന്ന ഡിമോര്‍ഫൊസിലേക്കാണ് ഡാര്‍ട്ട് വിക്ഷേപിച്ചത്. ആയിരം ടണിലേറെ പൊടിയും പാറക്കഷ്ണങ്ങളുമാണ് കൂട്ടിയിടിയുടെ ഫലമായി ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ വലിയ പാറക്കഷ്ണങ്ങള്‍ ചൊവ്വയിലേക്ക് സഞ്ചരിക്കുന്നുവെന്നും ഇവ ഗര്‍ത്തങ്ങളുണ്ടാക്കാന്‍ പര്യാപ്തമാണെന്നും കണ്ടെത്തിയിരുന്നു. പക്ഷേ ഇവയും ഭൂമിക്ക് ഏതെങ്കിലും തരത്തില്‍ അപകടമുണ്ടാക്കുന്നവയല്ല.