credits: NASA/SDO
ഭൂമിയെ ലക്ഷ്യമാക്കി സൂര്യനില്‍ നിന്നും അതിശക്തമായ സൗരക്കാറ്റ് പുറപ്പെട്ടുവെന്ന് നാസ. വൈദ്യുതി– വാര്‍ത്ത വിനിമയബന്ധങ്ങള്‍ വ്യാപകമായി തകരാറിലാകുമെന്നും പല പ്രദേശങ്ങളും ഇരുട്ടിലാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. AR 3664 എന്ന സൂര്യകളങ്കത്തില്‍ നിന്നും മേയ് 27ന് പുറപ്പെട്ട കാറ്റിന്‍റെ അനുരണനമാണിതെന്നും X2.8 ക്ലാസില്‍പ്പെട്ട ഈ കാറ്റ് കാല്‍നൂറ്റാണ്ടിലെ ശക്തിയേറിയ സൗരക്കാറ്റായിരുന്നുവെന്നും നാസ പറയുന്നു.
സൗരജ്വാലകളില്‍ ഏറ്റവും ശക്തിയേറിയതിനെയാണ് x ക്ലാസ് എന്ന് ശാസ്ത്രജ്ഞര്‍ വിളിക്കുന്നത്. സൂര്യനിലെ വലിയ പൊട്ടിത്തെറികളാണ് അതിശക്തമായ ഊര്‍ജത്തെയെും വെളിച്ചത്തെയും അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നത്. സൂര്യനില്‍ നിന്നും ശബ്‌ദാതിവേഗത്തിൽ കുതിച്ചുനീങ്ങുന്ന താപകാന്തിക പ്രവാഹമാണു സൗരക്കാറ്റ്. സൂര്യനില്‍ കറുത്തപൊട്ടുകള്‍ പോലെ കാണപ്പെടുന്ന സൗരകളങ്കങ്ങള്‍ (sun spots) എന്ന കാന്തിക മേഖലകളാണ് സൗരജ്വാലകളെയും സൗരക്കാറ്റുകളെയും ഉണ്ടാക്കുന്നത്. സൗരക്കാറ്റുകള്‍ അവയുടെ യാത്രയ്ക്കിടെ വാൽനക്ഷത്രങ്ങളിൽ നിന്നുള്ള ബാഷ്‌പീകൃത വാതകങ്ങളെയും ഉൽക്കകളിലെ പൊടിയെയും ഒപ്പം കൂട്ടാറുണ്ട്. ഇങ്ങനെ വരുന്ന സൗരവാതം ഭൂമിയുടെ ധ്രുവപ്രദേശങ്ങളില്‍ ധ്രുവദീപ്തികള്‍ക്ക് കാരണമാകുന്നു.
സൂര്യനില്‍ നിന്ന് പുറപ്പെടുന്ന സൗരക്കാറ്റുകളിലെ വലിയ ചാര്‍ജുള്ള കണങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തിലെ വായുതന്മാത്രകളുമായി കൂട്ടിമുട്ടുമ്പോഴാണ് ധ്രുവദീപ്തി ഉണ്ടാകുന്നത്. കാന്തികമണ്ഡലങ്ങള്‍ സംയോജിക്കുന്ന ധ്രുവപ്രദേശങ്ങളിലാണ് ഈ പ്രതിഭാസം സംഭവിക്കുക. സൗരക്കാറ്റുകളുടെ ശക്തിക്കും ഭൂമിയുടെ കറക്കത്തിനും അനുസരിച്ച് ധ്രുവദീപ്തി ദൃശ്യമാകുന്നതിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും.
നാസയുടെ കണക്ക് അനുസരിച്ച് ജൂണ്‍ ആറിനാകും സൗരക്കാറ്റ് ഭൂമിയിലെത്തുക. അതിശക്തിയേറിയ ഈ കാറ്റ് ഒട്ടനേകം ഭൗമകാന്തിക കാറ്റുകള്‍ക്ക് വഴിവയ്ക്കുമെന്നും ഭൂമിക്ക് സാരമായ നഷ്ടങ്ങളുണ്ടാകുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. പവര്‍ഗ്രിഡുകള്‍ക്ക് വ്യാപകമായ തടസമുണ്ടാകാമെന്നും ഇത് വഴി പല പ്രദേശങ്ങളും ഇരുട്ടിലായേക്കുമെന്നും മുന്നറിയിപ്പിലുണ്ട്. ഇതിന് പുറമെ വ്യോമ–കപ്പല്‍ ഗതാഗതവും താറുമാറായേക്കാമെന്നും ശാസ്ത്രജ്‍ഞര്‍ കൂട്ടിച്ചേര്‍ക്കുന്നു.