ചിത്രം ; Reuters
ആകാശത്ത് നിറങ്ങള്‍ വാരി വിതറി ധ്രുവ ദീപ്തി വീണ്ടുമെത്തുന്നു. മേയ് മാസത്തെ ധ്രുവദീപ്തി 'മിസ്' ചെയ്തവര്‍ക്ക് പ്രകൃതി വീണ്ടും വിസ്മയക്കാഴ്ച ഒരുക്കുകയാണ്. ജൂണ്‍ 6 മുതല്‍ 9 വരെയാകും മാനത്ത് ധ്രുവദീപ്തി പ്രത്യക്ഷമാകുക. 30 വര്‍ഷത്തിനിടയിലെ ഏറ്റവുംവലിയ സൗരക്കാറ്റിന്റെ ഫലമായി മേയ് 20 ന് ഓസ്ട്രേലിയയിലെ ടാസ്മാനിയ മുതല്‍ ബ്രിട്ടന്റെ ആകാശം വരെയും ഇങ്ങ് ലഡാക്കിലും ധ്രുവദീപ്തി ദൃശ്യമായിരുന്നു. സൗരക്കാറ്റുകള്‍ തുടര്‍ന്നും ഉണ്ടാകുമെന്ന് ശാസ്ത്രജ്ഞര്‍ അന്നേ പ്രവചിച്ചിരുന്നു.
ജൂണ്‍ ആറിന് ആകാശത്ത് ചന്ദ്രനൊപ്പം സൗരകളങ്കവും പ്രത്യക്ഷപ്പെടും. ഇത് ആകാശത്തെ കൂടുതല്‍ ഇരുണ്ടതാക്കുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. എന്നാല്‍ ഉത്തരാര്‍ധ മേഖലയില്‍ ധ്രുവദീപ്തി തെളിയും.
ധ്രുവദീപ്തി എവിടെ കാണാം?
കാനഡ, യു.എസ്, യൂറോപ്പ് എന്നിവിടങ്ങളിലാണ് ഏറ്റവും ചാരുതയോടെ ധ്രുവദീപ്തി കാണാന്‍ കഴിയുക. കാനഡയിലെ വാന്‍കൂവര്‍, വിനിപെഗ്, ഒട്ടാവ, ഇനുവിക് അമേരിക്കയിലെ വാഷിങ്ടണ്‍, മിഷിഗണ്‍, ഓറിഗണ്‍, മൊണ്ടാന, നോര്‍ത്ത് ഡകോട്ട എന്നിവിടങ്ങളിലും ആകാശം നിറച്ചാര്‍ത്തണിയും. യൂറോപ്പിലെ ഓസ്ലോ, സ്റ്റോക്ഹോം, ഹെല്‍സിങ്കി എന്നിവിടങ്ങളിലും ജൂണ്‍ ഒന്‍പത് വരെ ധ്രുവദീപ്തി വ്യക്തമായി കാണാം.
സൗരക്കാറ്റുകളുടെ പ്രഭാവം ശക്തമാകുമെന്നതിനാല്‍ വാര്‍ത്താ വിനിമയ സംവിധാനങ്ങളിലും റേഡിയോ തരംഗങ്ങളിലും കപ്പല്‍, വിമാനം എന്നിവയുടെ സഞ്ചാരപാതകളിലും ബുദ്ധിമുട്ടുകള്‍ നേരിട്ടേക്കാം.
എന്താണ് ധ്രുവദീപ്തി?
സൂര്യനില്‍ നിന്ന് പുറപ്പെടുന്ന സൗരക്കാറ്റുകളിലെ വലിയ ചാര്‍ജുള്ള കണങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തിലെ വായുതന്മാത്രകളുമായി കൂട്ടിമുട്ടുമ്പോഴാണ് ധ്രുവദീപ്തി ഉണ്ടാകുന്നത്. കാന്തികമണ്ഡലങ്ങള്‍ സംയോജിക്കുന്ന ധ്രുവപ്രദേശങ്ങളിലാണ് ഈ പ്രതിഭാസം സംഭവിക്കുക. സൗരക്കാറ്റുകളുടെ ശക്തിക്കും ഭൂമിയുടെ കറക്കത്തിനും അനുസരിച്ച് ധ്രുവദീപ്തി ദൃശ്യമാകുന്നതിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും.
ധ്രുവദീപ്തി സൃഷ്ടിക്കുന്ന സൗരക്കാറ്റ്
സൂര്യന്റെ പ്രഭാവലയത്തിൽനിന്നു ശബ്ദാതിവേഗത്തിൽ കുതിച്ചുനീങ്ങുന്ന താപകാന്തിക പ്രവാഹമാണു സൗരക്കാറ്റ്. സൂര്യനില്‍ കറുത്തപൊട്ടുകള്‍ പോലെ കാണപ്പെടുന്ന സൗരകളങ്കങ്ങള്‍ (sun spots) എന്ന കാന്തിക മേഖലകളാണ് സൗരജ്വാലകളെയും സൗരക്കാറ്റുകളെയും ഉണ്ടാക്കുന്നത്. സൗരക്കാറ്റുകള്‍ അവയുടെ യാത്രയ്ക്കിടെ വാൽനക്ഷത്രങ്ങളിൽ നിന്നുള്ള ബാഷ്പീകൃത വാതകങ്ങളെയും ഉൽക്കകളിലെ പൊടിയെയും ഒപ്പം കൂട്ടാറുണ്ട്. ഇങ്ങനെ വരുന്ന സൗരവാതം ഭൂമിയുടെ ധ്രുവപ്രദേശങ്ങളില്‍ ധ്രുവദീപ്തികള്‍ക്ക് കാരണമാകുന്നു.