Image Credit / x.com/NASA
ഒരു വിമാനത്തോളം വലുപ്പം, മണിക്കൂറില്‍ 37,070 കിലോമീറ്റര്‍ വേഗത. ഭൂമിക്ക് സമീപത്തേക്ക് പാഞ്ഞുകൊണ്ടിരിക്കുന്ന ഛിന്നഗ്രഹത്തെ പറ്റി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് നാസ. 2024 ജെവൈ1 എന്നാണ് ഈ ഭീമന്‍ ഛിന്നഗ്രഹത്തിന് പേര്.
എന്നാല്‍ ഭയപ്പാട് വേണ്ട. 2024 ജെവൈ1 ഭൂമിക്ക് ഒരു ഭീഷണിയല്ല. ഭൂമിയില്‍ നിന്നും 4.16 മില്യണ്‍ മൈല്‍ ദൂരത്തുകൂടിയായിരുക്കും 2024 ജെവൈ1 സഞ്ചരിക്കുക. ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്കുള്ള ദൂരത്തിന്‍റെ 17 മടങ്ങാണ് ഇത്. അപകടകരമല്ലാത്ത ഛിന്നഗ്രഹമായാണ് 2024 ജെവൈ1നെ നാസ തരംതിരിച്ചിരിക്കുന്നത്.
അപ്പോളോ ഛിന്നഗ്രഹങ്ങളുടെ വിഭാഗത്തില്‍ പെട്ടതാണ് 2024 ജെവൈ1. 1930ല്‍ ജര്‍മന്‍ ജ്യോതിശാസ്ത്രജ്ഞനായ കാള്‍ റെയ്ന്മുത്താണ് അപ്പോളോ വിഭാഗത്തില്‍ പെട്ട ആദ്യ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. ഭൂമിക്ക് സമീപത്തുകൂടി കടന്നുപോകുന്ന ഭ്രമണപഥങ്ങളാണ് അപ്പോളോ ഛിന്നഗ്രഹങ്ങളുടെ സവിശേഷത.
2024ജെവൈ1ന്‍റെ സഞ്ചാര പഥം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് നാസ. ഇത്തരം നിരീക്ഷണങ്ങള്‍ ഛിന്നഗ്രഹങ്ങളുടെ ഘടന, ഉത്ഭവം എന്നിവയെ കുറിച്ചുള്ള ഉള്‍ക്കാഴ്ച നല്‍കും. സൗരയൂഥത്തിന് സംഭവിക്കുന്ന മാറ്റങ്ങളെ സൂചിപ്പിക്കുന്നതുകൂടിയാണ് ഛിന്നഗ്രഹങ്ങളുടെ കടന്നുവരവ്. ഈ മാറ്റങ്ങളെ മനസിലാക്കാനും ഛിന്നഗ്രഹങ്ങളെ നിരീക്ഷിക്കുന്നതുവഴി സാധിക്കും.