ഭൂമിയില്‍  നടക്കുന്ന പോര് ബഹിരാകാശത്തേക്കും വ്യാപിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കുമിടയിലാണ് കഴിഞ്ഞ ദിവസം യുഎന്നില്‍ ഒരു പ്രമേയചര്‍ച്ച നടക്കുന്നത്.  റഷ്യ അടുത്തിടെ വിക്ഷേപിച്ച ഉപഗ്രഹം കൗണ്ടര്‍ സ്പേസ് ആയുധമെന്ന് ആരോപിച്ച് യുഎസ് രംഗത്തെത്തി. അമേരിക്കന്‍ രഹസ്യാന്വേഷണ ഉപഗ്രഹത്തിന്റെ ഏതാണ്ട് അതേ ഭ്രമണപഥത്തിലാണ് ഈ ഉപഗ്രഹം സ്ഥാപിച്ചിരിക്കുന്നതെന്നും യുഎസ് അവകാശപ്പെടുന്നു. ബഹിരാകാശത്ത് ഏതെങ്കിലും തരത്തിലുള്ള ആയുധങ്ങൾ സ്ഥാപിക്കുന്നത് നിരോധിക്കണമെന്ന് നിർദ്ദേശിക്കുന്ന റഷ്യൻ പ്രമേയത്തിന്‍മേലുള്ള ചര്‍ച്ചയിലാണ് അമേരിക്കയുടെ വാദം.  

മേയ് 16നാണ് റഷ്യ ഒരു ഉപഗ്രഹം താഴ്ന്ന ഭൗമഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ചതായി യുഎസ് പറയുന്നത്. ഇത് മറ്റ് ഉപഗ്രഹങ്ങളെ ആക്രമിക്കാന്‍ തക്കവിധത്തിലുള്ള കൗണ്ടര്‍സ്പേസ് ആയുധമാണെന്ന വിലയിരുത്തലിലാണ് യുഎസ്. യുഎൻ സുരക്ഷാ കൗൺസിൽ മെയ് 20 ന് നടത്തിയ ചർച്ചയിൽ  യുഎസ് പ്രതിനിധി റോബർട്ട് വുഡ് ആണ് ആരോപണം ഉന്നയിച്ചത്. വടക്കൻ റഷ്യയിലെ പ്ലെസെറ്റ്സ്‌ക് കോസ്മോഡ്രോമിൽ നിന്ന് മെയ് 16-ന് റഷ്യ സോയൂസ്-2.1ബി എന്നുപേരായ റോക്കറ്റ് വിക്ഷേപിച്ചിരുന്നു. കോസ്മോസ് 2576 എന്ന ഉപഗ്രഹമായിരുന്നു ഇതിൻ്റെ പ്രാഥമിക പേലോഡ്.  എന്നാല്‍ ഉപഗ്രഹത്തെക്കുറിച്ചോ അതിന്റെ ദൗത്യത്തെക്കുറിച്ചോ റഷ്യൻ സർക്കാർ വിശദാംശങ്ങൾ വെളിപ്പെടുത്താത്തതാണ് യുഎസിന്റെ സംശയങ്ങളെ ബലപ്പെടുത്തിയത്. 

വിക്ഷേപണത്തിനു ശേഷമുള്ള ദിവസങ്ങളില്‍ കോസ്‌മോസ് 2576, യുഎസ്എ 314ന്റെ അതേ പാരാമീറ്ററുകളുള്ള ഭ്രമണപഥത്തിലാണെന്ന് ഉപഗ്രഹ നിരീക്ഷകര്‍ കണ്ടെത്തി. 2022ലും സമാനമായ സംഭവമുണ്ടായിരുന്നെന്നും യുഎസ് വ്യക്തമാക്കുന്നു. യുഎസ്എ 326നടുത്തേക്ക് കോസ്മോസ് 2558ഉപഗ്രഹത്തെ എത്തിച്ചെന്നും നിരീക്ഷകര്‍ പറയുന്നു. എന്നാല്‍ ആരോപണത്തിന് അടിസ്ഥാനമായ തെളിവുകള്‍ കണ്ടെത്താനോ വെളിപ്പെടുത്താനോ യുഎസിന് കഴിഞ്ഞിട്ടില്ല. എങ്കിലും റഷ്യയുടേത് ആക്രമലക്ഷ്യത്തോടെയുള്ള കൗണ്ടര്‍ സ്പേസ് ഉപഗ്രഹമാണെന്ന് ഉറപ്പിച്ചു പറയുകയാണ് യുഎസ്. 

ബഹിരാകാശത്ത് ഏതെങ്കിലും തരത്തിലുള്ള ആയുധങ്ങൾ സ്ഥാപിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് റഷ്യ നിർദ്ദേശിച്ച പ്രമേയത്തിൽ സുരക്ഷാ കൗൺസിൽ നടത്തിയ ചർച്ചയിലാണ് യുഎസ് പ്രതിനിധിയുടെ  പരാമർശം. ബഹിരാകാശത്ത് ആയുധങ്ങൾ സ്ഥാപിക്കുന്നത് നിരോധിക്കുന്ന ബഹിരാകാശ ഉടമ്പടിയിലെ വ്യവസ്ഥകൾ വീണ്ടും ഉറപ്പിക്കാന്‍ ജപ്പാനും അമേരിക്കയും വാഗ്ദാനം ചെയ്ത പ്രമേയം ഏപ്രിൽ 24 ന് വീറ്റോ ചെയ്തതിന് ശേഷമാണ് റഷ്യ പ്രമേയം അവതരിപ്പിച്ചത്, റഷ്യ ആണവ വിരുദ്ധ ഉപഗ്രഹം വികസിപ്പിക്കുന്നു എന്ന റിപ്പോർട്ടുകളെ തുടർന്നാണ് ഈ ചര്‍ച്ചയും പ്രമേയവും. 

America Russia war in Space:

US against Russia claims that recently launched satellite is a counterspace weapon