ആപ്പ് സ്റ്റോർ റാങ്കിങ്ങില്‍ ആഗോള എതിരാളികളെ മറികടന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആപ്പ്. ഇന്ത്യൻ ടെക് കമ്പനിയായ സോഹോ 2021-ൽ പുറത്തിറക്കിയ ആപ്പാണ് ഇപ്പോൾ ആപ്പ് സ്റ്റോർ റാങ്കിംഗിൽ വാട്‌സ്ആപ്പിനെ പോലും പിന്നിലാക്കി കുതിക്കുന്നത്. വെറും മൂന്നു ദിവസം കൊണ്ട് പ്ലാറ്റ്‌ഫോമിലെ ഉപയോക്താക്കളുടെ എണ്ണത്തിൽ 100 മടങ്ങ് വർധനയുണ്ടായതായി സോഹോ സഹസ്ഥാപകൻ ശ്രീധർ വെമ്പു പറഞ്ഞു. ദിവസേന പുതുതായി റജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം 3,000-ൽ നിന്ന് 3.5 ലക്ഷമായി ഉയർന്നു
ആറാട്ടൈ ആപ്
ആറാട്ടൈ" എന്ന പേരിന്റെ ഉല്‍ഭവം തമിഴ് ഭാഷയിൽ നിന്നാണ് . സംഭാഷണം അല്ലെങ്കിൽ ക്വാഷ്വൽ ചാറ്റ് എന്നാണ് ഈ വാക്കിന്‍റെ അർഥം. ചെന്നൈ ആസ്ഥാനമായുള്ള സോഹോ കോർപ്പറേഷനാണ് ആറാട്ടൈ ആപ്പ് വികസിപ്പിച്ചെടുത്തത്. ഉപയോക്താക്കൾക്ക് വൺ-ഓൺ-വൺ ചാറ്റുകൾ, ഗ്രൂപ്പ് ചാറ്റുകൾ, മീഡിയ ഫയല്‍ ഷെയറിംഗ് എന്നിവയ്ക്കു പുറമേ വോയ്‌സ് നോട്ടുകൾ, ഫോട്ടോകൾ, വീഡിയോകൾ, ഡോക്യുമെന്‍റുകൾ എന്നിവ അയയ്ക്കാനുള്ള ഓപ്ഷനുമുണ്ട്. ആറാട്ടൈ വെറും ചാറ്റിംഗ് ആപ്പ് മാത്രമല്ല. ഗ്രൂപ്പ് ചർച്ചകൾ, ചാനലുകൾ, സ്റ്റോറികൾ, മീറ്റിംഗുകൾ തുടങ്ങിയവയും ചെയ്യാനാകും. ഡെസ്‌ക്‌ടോപ്പുകളിലും (വിൻഡോസ്, മാക്ഒഎസ്, ലിനക്‌സ്) ആൻഡ്രോയ്‌ഡ് ടിവിയിലും പോലും ആപ്പ് ഉപയോഗിക്കാൻ കഴിയും.
ആറാട്ടൈ ആപ്പ് എങ്ങനെ ഡൗൺലോഡ് ചെയ്യാം
ആൻഡ്രോയ്‌ഡ് ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ സെർച്ച് ചെയ്‌ത് Arattai Messenger (Zoho Corporation) ഇൻസ്റ്റാൾ ചെയ്യാം. ഐഫോൺ ഉപയോക്താക്കൾക്ക് ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്ന് ഇത് ഡൗൺലോഡ് ചെയ്യാം. ആൻഡ്രോയ്‌ഡ്, iOS പതിപ്പുകൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചും ആക്‌സസ് ചെയ്യാൻ കഴിയും. ഇൻസ്റ്റാളേഷന് ശേഷം, ഉപയോക്താക്കൾ ഒരു ഒടിപി ഉപയോഗിച്ച് അവരുടെ മൊബൈൽ നമ്പർ പരിശോധിച്ച് ഉറപ്പിക്കണം. ഒരു പ്രൊഫൈൽ നെയിമും ഫോട്ടോയും ചേർത്തുകൊണ്ട് അക്കൗണ്ട് ആക്‌ടീവാക്കാം. ആറാട്ടൈ കോൺടാക്റ്റുകൾ ഓട്ടോമാറ്റിക്കായി സിങ്ക് ചെയ്യുന്നു. കൂടാതെ എസ്എംഎസ് വഴി ഉപയോക്താക്കൾ അല്ലാത്തവർക്കും ഇൻവിറ്റേഷനുകൾ അയയ്ക്കാനും കഴിയും
ആറാട്ടൈയുടെ പ്രത്യേകതകള്‍
1. ആറാട്ടൈ മീറ്റിങ് – ഗൂഗിൾ മീറ്റും വാട്സാപ്പും ഒന്നിൽ
വാട്സാപ്പ് പോലുള്ള ആപ്പുകൾ ഗ്രൂപ്പ് സംഭാഷണങ്ങൾക്കോ ചെറിയ വിഡിയോ കോളുകൾക്കോ അനുയോജ്യമാണെങ്കിലും, ഓൺലൈൻ മീറ്റിങ്ങുകൾക്കായി മിക്ക സ്ഥാപനങ്ങളും ഗൂഗിൾ മീറ്റ് പോലുള്ള പ്ലാറ്റ്‌ഫോമുകളെയാണ് ആശ്രയിക്കുന്നത്. ഇതിന് രണ്ടിന്റെയും മികച്ച ഗുണങ്ങൾ ഒരുമിപ്പിക്കാനാണ് അറട്ടൈയുടെ ശ്രമം. ഇതിനായി ഒരു പ്രത്യേക മീറ്റിങ്സ് വിഭാഗം തന്നെ ആപ്പിലുണ്ട്
2. ആറാട്ടൈ പോക്കറ്റ് – വിവരങ്ങൾ സൂക്ഷിക്കാൻ ഒരിടം
പ്രധാനപ്പെട്ട ഫയലുകളോ രേഖകളോ ഒരിടത്ത് സൂക്ഷിക്കുന്നതിനായി നമ്മൾ പലപ്പോഴും വാട്സാപ്പിൽ നമുക്ക് തന്നെയോ കുടുംബാംഗങ്ങൾക്കോ അയയ്ക്കാറുണ്ട്. ഈ രംഗത്ത് ഒരു പടി കൂടി കടന്നാണ് അറട്ടൈ 'പോക്കറ്റ്' എന്ന സൗകര്യം അവതരിപ്പിക്കുന്നത്. ആപ്പിനുള്ളിൽ വിവരങ്ങൾ സൂക്ഷിക്കാനുള്ള ഒരു സ്വകാര്യ ഇടമായി ഇത് പ്രവർത്തിക്കുന്നു
3. ലൊക്കേഷൻ ഷെയറിങ്ങിൽ പുതിയ മാറ്റം
ലൊക്കേഷൻ ഷെയറിങ് ഒരു പുതിയ ഫീച്ചറല്ല. എന്നാല്‍ ആറാട്ടൈയുടെ ലൊക്കേഷൻ ഷെയറിങ് വിഭാഗത്തിൽ 'ലക്ഷ്യസ്ഥാനത്ത് എത്തും വരെ' ('Till I reach') എന്നൊരു ഓപ്ഷൻ കാണാം. നിങ്ങൾ എവിടേക്കാണ് പോകുന്നതെന്ന് ഇതിൽ സെറ്റ് ചെയ്താൽ, ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ നിങ്ങളുടെ ലൊക്കേഷൻ ഷെയർ ചെയ്യപ്പെടും. അവിടെ എത്തിക്കഴിഞ്ഞാൽ ലൊക്കേഷൻ ഷെയറിങ് തനിയെ നിലയ്ക്കും. അടുത്ത ദിവസത്തെ യാത്രയ്ക്കായി ലക്ഷ്യസ്ഥാനങ്ങൾ നേരത്തേ സെറ്റ് ചെയ്തു വയ്ക്കാനും സാധിക്കും.
4. മെൻഷനുകൾക്ക് പ്രത്യേക പേജ്
എല്ലാ ചാറ്റുകളും ഗ്രൂപ്പുകളും പരിശോധിച്ച് നമ്മളെ എവിടെയൊക്കെ മെൻഷൻ ചെയ്തു എന്ന് കണ്ടെത്താൻ മിക്കവർക്കും സമയം കിട്ടാറില്ല. സോഹോ ഈ പ്രശ്നം മനസ്സിലാക്കിയിട്ടുണ്ട്. അറട്ടൈയിൽ 'മെൻഷനുകൾക്ക്' മാത്രമായി ഒരു പ്രത്യേക പേജ് തന്നെയുണ്ട്. ഏത് ചാറ്റിലോ ഗ്രൂപ്പിലോ ആകട്ടെ, നിങ്ങളെ മെൻഷൻ ചെയ്ത എല്ലാ സന്ദേശങ്ങളും ഇവിടെ ഒരുമിച്ച് കാണാം.
5. വിവിധ ഉപകരണങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാം
സ്മാർട് ഫോൺ, ടാബ്‌ലറ്റ്, ഡെസ്ക്ടോപ്പ് എന്നിവയുൾപ്പെടെ ഒരേസമയം അഞ്ച് ഉപകരണങ്ങളിൽ വരെ ഉപയോഗിക്കാനുള്ള സൗകര്യം (മൾട്ടി ഡിവൈസ് സപ്പോർട്ട്) മറ്റ് ചാറ്റ് പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള സംഭാഷണങ്ങൾ അറട്ടൈയിലേക്ക് കൊണ്ടുവരാനും (ഇംപോർട്ട്) സാധിക്കും.
സുരക്ഷയിലെ ആശങ്ക
നിലവിൽ ടെക്സ്റ്റ് സന്ദേശങ്ങൾക്ക് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഇല്ല എന്നത് സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്ന ഉപയോക്താക്കൾക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. എന്നാൽ സന്ദേശങ്ങൾക്കും വൈകാതെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ നൽകുമെന്ന് സോഹോ സ്ഥിരീകരിച്ചിട്ടുണ്ട്
സോഹോ കോര്‍പറേഷന്‍
ഇന്ത്യയിലെ സോഫ്റ്റ്‌വെയർ വ്യവസായ രംഗത്തെ പ്രമുഖരായ സോഹോ കോർപറേഷനാണ് ആറാട്ടൈ വികസിപ്പിച്ചത്. 1996-ൽ ശ്രീധർ വെമ്പുവും ടോണി തോമസും ചേർന്ന് സ്ഥാപിച്ച ഈ ചെന്നൈ ആസ്ഥാനമായുള്ള കമ്പനി, ഇമെയിൽ, സിആർഎം, എച്ച്ആർ, അക്കൗണ്ടിങ്, പ്രോജക്ട് മാനേജ്മെന്റ് തുടങ്ങി 55-ൽ അധികം ബിസിനസ് ആപ്ലിക്കേഷനുകൾ നൽകുന്നുണ്ട്. ഇന്ന് 150 രാജ്യങ്ങളിലായി 13 കോടിയിലധികം ഉപയോക്താക്കൾ സോഹോയുടെ സേവനങ്ങൾ ഉപയോഗിക്കുന്നു. ആമസോൺ, നെറ്റ്ഫ്ലിക്സ്, ഡിലോയിറ്റ്, ടൊയോട്ട, സോണി, പ്യൂമ, ലോറിയൽ തുടങ്ങിയ ആഗോള ഭീമന്മാർ സോഹോയുടെ ഉപയോക്താക്കളിൽ ഉൾപ്പെടുന്നു.