**EDS: TWITTER IMAGE VIA @IAF_MCC ON WEDNESDAY, MAY 31, 2023** New Delhi: Rafale jets of the Indian Air Force (IAF) during a long-range mission lasting over six hours delivering pinpoint precision strikes, in the Indian Ocean Region (IOR). (PTI Photo)(PTI05_31_2023_000070B)
കഴിഞ്ഞ ദിവസമാണ് 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ വേണമെന്ന് വ്യോമസേന പ്രതിരോധമന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് ലക്ഷം കോടിയോളം രൂപ ചെലവ് വരുന്ന പദ്ധതിക്ക് അനുമതിയാകുമോ എന്ന ചോദ്യമാണ് ഇനി ബാക്കിയുള്ളത്. മള്‍ട്ടി റോള്‍ ഫൈറ്റര്‍ എയര്‍ക്രാഫ്റ്റ് (MRFA) വിഭാഗത്തില്‍ 114 വിമാനങ്ങള്‍ വാങ്ങിയാല്‍ വ്യോമസേന നേരിടുന്ന യുദ്ധവിമാന സ്ക്വാഡ്രണുകളുടെ കുറവ് ഒരു പരിധി വരെ പരിഹരിക്കാനാകും. ഇന്ത്യന്‍ വ്യോമസേനയുടെ അനുവദനീയ പരിധി എന്ന് പറയുന്നത് 42 സ്ക്വാഡ്രുണുകളാണ്. എന്നാല്‍ മിഗ് – 21ന്‍റെ വിരമിക്കലോടെ ഇത് വെറും 29 സ്ക്വാഡ്രണുകളായി കുറയും.
എന്തുകൊണ്ട് റഫാല്‍?
2016 ല്‍ സര്‍വസജ്ജമായ (പറക്കല്‍ ശേഷിയോടെ, ആയുധങ്ങള്‍ ഘടിപ്പിച്ച്) 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഫ്രഞ്ച് കമ്പനിയായ ദാസോ ഏവിയേഷനില്‍നിന്ന് ഇന്ത്യ വാങ്ങിയിരുന്നു. നാവികസേനയ്ക്കായി 26 റഫാല്‍ മറീന്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ ഒപ്പിടുകയും ചെയ്തു. എന്നാല്‍ എന്തുകൊണ്ട് വീണ്ടും റഫാല്‍ എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു. ഓപ്പറേഷന്‍ സിന്ദൂരിലെ റഫാലിന്‍റെ മികച്ച പ്രകടനം. 114 റഫാല്‍ യുദ്ധവിമാനം വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചാല്‍ പല പ്രത്യേകതകളുമുണ്ടാകും. യുദ്ധവിമാനങ്ങളുടെ എണ്ണത്തില്‍ കുറവ് നേരിടുന്നതിനാല്‍ റെഡി ടു ഫ്ലൈ എന്ന രീതിയില്‍ 18 റഫാല്‍ യുദ്ധവിമാനങ്ങള്‍ എത്തിയേക്കും. തദ്ദേശീയമായ ഉപകരണങ്ങളടക്കം ഏതാണ്ട് 60% ഇന്ത്യന്‍ നിര്‍മിതമായിരിക്കും. ചുരുക്കത്തില്‍ ‘മെയ്ഡ് ഇന്‍ ഇന്ത്യ’ റഫാല്‍ വിമാനങ്ങളാകും ഇവയെന്നാണ് റിപ്പോര്‍ട്ടുകള്‍.
114 റഫാല്‍ യുദ്ധവിമാനങ്ങള്‍ക്ക് പ്രതീക്ഷിക്കുന്ന ചെലവ് ഏകദേശം രണ്ട് ലക്ഷം കോടി രൂപയാണ്. ഇത്രയും ചെലവ് വരുന്ന പദ്ധതിക്ക് അനുമതി നല്‍കുന്നതും വിവിധ വശങ്ങള്‍ പഠിച്ചശേഷം മാത്രമാകും. യാഥാര്‍ഥ്യമായാല്‍ ഇന്ത്യ ഇതുവരെ ഒപ്പിട്ടതില്‍ ഏറ്റവും വലിയ പ്രതിരോധ ഇടപാടാകും ഇത്. മാത്രമല്ല ഇന്ത്യയുടെ കൈവശമുള്ള റഫാല്‍ യുദ്ധവിമാനങ്ങളുടെ എണ്ണം 176 ആയി മാറുകയും ചെയ്യും (നിലവില്‍ വ്യോമസേന– 36 എണ്ണം, നാവികസേന ഓര്‍ഡര്‍ നല്‍കിയത്– 26 എണ്ണം, വ്യോമസേനയ്ക്കായി പുതിയതായി വാങ്ങാന്‍ പദ്ധതിയിട്ടിരിക്കുന്നത്– 114 എണ്ണം). അതായത് ലോകത്ത് ഫ്രാന്‍സ് കഴിഞ്ഞാല്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്ന രാജ്യമായി ഇന്ത്യ മാറും. പുതിയ റഫാല്‍ ഇടപാടില്‍ ഇന്ത്യന്‍ വ്യോമയാന കമ്പനികളും ഭാഗമായേക്കും. റഫാല്‍ യുദ്ധവിമാനം അസംബിള്‍ ചെയ്യാനായി ഇന്ത്യയില്‍ ഒരു കേന്ദ്രം ദാസോ ഏവിയേഷന്‍ സ്ഥാപിച്ചേക്കും. ഹൈദരാബാദില്‍ റഫാല്‍ യുദ്ധവിമാനങ്ങളുടെ എന്‍ജിന്‍ അറ്റകുറ്റപ്പണിക്കായി പ്രത്യേക കേന്ദ്രം തന്നെ വന്നേക്കും. റഫാല്‍ യുദ്ധവിമാനങ്ങളുടെ ഫ്യൂസലേജ് നിര്‍മാണത്തിനായി ടാറ്റാ ഗ്രൂപ്പുമായി ഇപ്പോള്‍ തന്നെ ദാസോ ഏവിയേഷന് കരാറുണ്ട്. ദാസോ ഏവിയേഷന്‍റെ ചില കോക്പിറ്റ് സീറ്റുകള്‍ നിര്‍മിക്കുന്നത് മഹീന്ദ്രയാണ്.
കാലപ്പഴക്കം കാരണം മിഗ് – 21 യുദ്ധവിമാനം ഒഴിവാക്കിയതോടെ വ്യോമസേനയില്‍ ഇപ്പോള്‍ 29 സ്ക്വാഡ്രണ്‍ യുദ്ധവിമാനങ്ങളാണ് ഉള്ളത്. ഇന്ത്യയ്ക്കുള്ള യുദ്ധവിമാനങ്ങളുടെ എണ്ണം അഞ്ഞൂറിനും അഞ്ഞൂറ്റന്‍പതിനും ഇടയില്‍. പാക്കിസ്ഥാനും ചൈനയ്ക്കുമുള്ള യുദ്ധവിമാനങ്ങളുടെ എണ്ണവും സമാന്തരമായി നോക്കിയാല്‍, പാക്കിസ്ഥാന് 25 സ്ക്വാഡ്രണ്‍ (450 യുദ്ധവിമാനങ്ങള്‍), ചൈനയ്ക്ക് 66 സ്ക്വാഡ്രണ്‍ (1,200 യുദ്ധവിമാനങ്ങള്‍) ഉണ്ട്. ഒരു സ്ക്വാഡ്രണില്‍ 18 - 20 വരെ വിമാനങ്ങളുണ്ടാകും. ഇന്ത്യന്‍ വ്യോമസേന ഇപ്പോള്‍ ഉപയോഗിക്കുന്ന മിറാഷ്, ജാഗ്വാര്‍, മിഗ് ഇവയെല്ലാം കാലപ്പഴക്കമുള്ളവയാണ്. അതുകൊണ്ട് പഴയ യുദ്ധവിമാനങ്ങള്‍ ഒഴിവാക്കി റഫാല്‍, സുഖോയ് – 30 എംകെഐ, തേജസ് യുദ്ധവിമാനങ്ങളാകും ഇനി വ്യോമസേനയുടെ കുന്തമുനയായി മാറുക. LCA – മാര്‍ക് 2, അഞ്ചാം തലമുറ അഡ്വാന്‍സ്ഡ് മള്‍ട്ടിറോള്‍ കോംപാക്ട് എയര്‍ക്രാഫ്റ്റ് (AMCA) എന്നിവ വികസനത്തിലുമാണ്.