സ്വന്തം അഞ്ചാം തലമുറ യുദ്ധവിമാന നിര്‍മാണത്തിന് ഒരുങ്ങി ഇന്ത്യ. യുദ്ധവിമാന പദ്ധതിക്ക് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അംഗീകാരം നല്‍കി. പൊതു–സ്വകാര്യ പങ്കാളിത്തതോടെയാകും യുദ്ധവിമാനം നിര്‍മിക്കുക. സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുള്ള ഇന്ത്യയുടെ സ്വന്തം അഡ്വാന്‍സ്ഡ് മീഡിയം കോംബാട് എയര്‍ക്രാഫ്റ്റ് (എഎംസിഎ) ആണ് ലക്ഷ്യത്തോട് അടുക്കുന്നത്. 

പദ്ധതിയുടെ എക്സിക്യൂഷൻ മോഡലാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അംഗീകരിച്ചത്. വ്യോമശക്തി പതിന്മടങ്ങ് വര്‍ധിപ്പിക്കാന്‍ എഎംസിഎ യുദ്ധവിമാനം വഴി സാധിക്കും. ശത്രു റഡാറുകളെയും മറ്റ് നിരീക്ഷണ ഉപകരണങ്ങളെയും കബളിപ്പിക്കുന്ന നൂതന സ്റ്റെൽത്ത് സവിശേഷതകളുള്ളതാണ് അഡ്വാന്‍സ്ഡ് മീഡിയം കോംബാട് എയര്‍ക്രാഫ്റ്റുകള്‍. 

പ്രതിരോധമന്ത്രാലയത്തിന് കീഴിലെ എയ്റോനോട്ടിക്കല്‍ ഡവല‌പ്മെന്‍റ് ഏജന്‍സിയാണ് വ്യവസായ പങ്കാളിത്തത്തിലൂടെ യുദ്ധവിമാനം നിർമിക്കുക. യുദ്ധവിമാന നിർമാണ രംഗത്ത് സ്വയം പര്യാപ്തതയിലേക്കുള്ള സുപ്രധാന നീക്കമാണിതെന്ന്  പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. അഡ്വാന്‍സ്ഡ് മീഡിയം കോംബാട് എയര്‍ക്രാഫ്റ്റ് നിര്‍മാണത്തിന് 15,000 കോടി രൂപയാണ് പ്രാഥമിക ചെലവ് കണക്കാക്കുന്നത്.

ലൈറ്റ് കോംമ്പാക്ട് എയര്‍ക്രാഫ്റ്റായ തേജസ്‌ യുദ്ധവിമാനങ്ങൾ നിർമിച്ചതിന്‍റെ വലിയ ആത്മവിശ്വാസത്തോടെയാകും ഇന്ത്യ അഡ്വാന്‍സ്ഡ് മീഡിയം കോംബാട് എയര്‍ക്രാഫ്റ്റ് നിർമിക്കുക. റഷ്യയും അമേരിക്കയും ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്ത അഞ്ചാം തലമുറ യുദ്ധവിമാനങ്ങളെ തള്ളിയാണ് സ്വന്തം വിമാന നിർമാണത്തിലേക്ക് ഇന്ത്യ കടക്കുന്നത്.

ENGLISH SUMMARY:

India is set to build its own fifth-generation stealth fighter jet — the Advanced Medium Combat Aircraft (AMCA) — with Defence Minister Rajnath Singh approving the execution model. Featuring cutting-edge stealth technology, the indigenous aircraft aims to boost India's air power tenfold. The project, with an initial cost of ₹15,000 crore, marks a major step toward self-reliance in defence manufacturing.