പാക്കിസ്ഥാനെതിരായ സംഘര്‍ഷത്തില്‍ ഇന്ത്യ ഉപയോഗിച്ച ബ്രഹ്മോസ് മിസൈലിനായി കൂടുതല്‍ രാജ്യങ്ങള്‍ താല്‍പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യനേഷ്യ, വിയറ്റ്നാം, മലേഷ്യ, ബ്രസീല്‍, ഈജിപ്ത് എന്നിങ്ങനെ 17 രാജ്യങ്ങളാണ് ആവശ്യക്കാരായി മുന്നിലുള്ളത്. നിലവില്‍ ഫിലിപ്പൈന്‍സാണ് ബ്രഹ്മോസ് വാങ്ങാന്‍ ഇന്ത്യയുമായി കരാറിലുള്ളത്. 

2022-ൽ ബ്രഹ്മോസ് എയ്‌റോസ്‌പേസുമായി 375 മില്യൺ ഡോളറിന്റെ കരാറിലാണ് ഇന്ത്യോനേഷ്യ എത്തിയത്. ആദ്യ ബാച്ച് മിസൈലുകള്‍ 2024 ഏപ്രിലിലും രണ്ടാം ബാച്ച് ഈ വര്‍ഷം ഏപ്രിലിലും ഇന്തോനേഷ്യയിലെത്തിയിരുന്നു. 

ബ്രഹ്മോസ് മിസൈലുകള്‍ക്കായി 3800 കോടി രൂപയുടെ (450 മില്യൺ ഡോളർ) കരാറിനുള്ള ചര്‍ച്ചകളാണ് ഇന്തോനേഷ്യയുമായി നടക്കുന്നത്. സൈന്യത്തിനും നേവിക്കും ഉപയോഗിക്കാനുള്ള ബ്രഹ്മോസ് മിസൈലുകളാണ് വിയറ്റ്നാം ഇന്ത്യയില്‍ നിന്നും വാങ്ങാനൊരുങ്ങുന്നത്. 700 മില്യണ്‍ ഡോളറിന്‍റെ ഇടപാടാണ് പ്രതീക്ഷിക്കുന്നതെന്ന് ന്യൂസ്18 റിപ്പോര്‍ട്ട് ചെയ്യുന്നു. 

സുഖോയ് സു-30എംകെഎം യുദ്ധവിമാനങ്ങൾക്കും കെഡ ക്ലാസ് യുദ്ധക്കപ്പലുകൾക്കും ഉപയോഗിക്കാവുന്ന ബ്രഹ്മോസ് മിസൈലുകള്‍ക്കാണ് മലേഷ്യ ചര്‍ച്ച നടത്തുന്നത്. തായ്‌ലൻഡ്, സിംഗപ്പൂർ, ബ്രൂണൈ, ബ്രസീല്‍, ചിലി, അര്‍ജന്‍റീന, വെനസ്വലെ, ഈജിപ്ത്, സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ഒമാന്‍, ദക്ഷിണാഫ്രിക്ക, ബൾഗേറിയ എന്നി രാജ്യങ്ങളാണ് ചര്‍ച്ച നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. 

പാക്കിസ്ഥാനിലെ വ്യോമകേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസ് ഉപയോഗിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ ഏറ്റവും വേഗമേറിയ ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്. കരയിൽ നിന്നും കടലിൽ നിന്നും വായുവിൽ നിന്നും വിക്ഷേപിക്കാൻ കഴിയുന്ന ദീർഘദൂര സൂപ്പർസോണിക് ക്രൂയിസ് മിസൈൽ സംവിധാനമാണിത്. 

ഇന്ത്യയിലെ ഡിആർഡിഒയും റഷ്യയിലെ എൻ‌പി‌ഒ‌എമ്മും സംയുക്തമായി വികസിപ്പിച്ചെടുത്തത മിസൈലിന് കപ്പലുകളെ തകര്‍ക്കാനും കര ആക്രമണങ്ങള്‍ക്കും സാധിക്കും. ഇന്ത്യൻ നാവികസേനയിലും സൈന്യത്തിലും ബ്രഹ്മോസ് ആയുധ സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട്. 600 കിലോമീറ്റർ വരെ റേഞ്ചുള്ള ബ്രഹ്മോസില്‍ 400 കിലോമീറ്റർ വരെ പരീക്ഷണം നടത്തിയിട്ടുണ്ട്. കുറഞ്ഞ പറക്കൽ സമയം, ഉയർന്ന ലക്ഷ്യ കൃത്യത എന്നിവയുള്ള ബ്രഹ്മോസിന് ലക്ഷ്യത്തിലേക്കുള്ള വഴിയിൽ ഒന്നിലധികം പാതകൾ സ്വീകരിക്കാൻ കഴിയും. 

15 കിലോമീറ്റർ വരെ ഉയരത്തിൽ സഞ്ചരിക്കാനും 10 മീറ്റർ വരെ താഴ്ന്ന നിലയിൽ പ്രഹരിക്കാനും ബ്രഹ്മോസിന് കഴിയും. 200 മുതൽ 300 കിലോഗ്രാം വരെ ഭാരമുള്ള വാർഹെഡാണ് മിസൈൽ വഹിക്കുന്നത്. മൂന്ന് സെക്കന്റിന്റെ ഇടവേളകളില്‍ ബ്രഹ്മോസ് മിസൈലുകൾ തൊടുക്കാൻ പറ്റും. ഒരേ സമയം വ്യത്യസ്ത ദിശകളിലേക്ക് കൃത്യമായി അയക്കാനും കഴിയും.

ENGLISH SUMMARY:

Following the India-Pakistan conflict, 17 countries including Vietnam, Malaysia, Brazil, and Egypt have shown interest in India's BrahMos missile. Currently, the Philippines has a formal deal with India for the purchase of the missile system.