sachet-alert-system
  • വിവിധ പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് ജനങ്ങൾക്ക് മുൻകൂട്ടി വിവരം നൽകുക എന്നതാണ് പ്രധാന ലക്ഷ്യം

കഴിഞ്ഞ ദിവസം നിങ്ങളില്‍ പലരും മൊബൈൽ ഫോണില്‍ നിന്ന്  ഉച്ചത്തിൽ ഒരു അലർട്ട് ശബ്ദം കേട്ട് ‍ഞെട്ടി ഉണര്‍ന്നിരുന്നുവോ ..   ഫോണ്‍ ഹാക്കായോ.. വൈറസാണോ എന്ന് പേടിച്ചോ.. ഫോണ്‍ അടിച്ചുപോയെന്ന് കരുതിയോ... എന്നാൽ അത് ഒരു തകരാറല്ല... നിങ്ങളുടെ ജീവൻ രക്ഷിക്കാൻ സർക്കാർ അയച്ച ഒരു മുന്നറിയിപ്പാണ്.ഈ മുന്നറിയിപ്പിന് പിന്നിലുള്ള സംവിധാനമാണ് SACHET ( സചേത് )  Alert System.

എന്താണ് SACHET?  ഇന്ത്യയിലെ  National Disaster Management Authority വികസിപ്പിച്ച ദേശീയ ദുരന്ത മുന്നറിയിപ്പ് സംവിധാനമാണ് SACHET. പ്രളയം, ചുഴലിക്കാറ്റ്, അതിശക്തമായ മഴ, ഉരുൾപൊട്ടൽ, ഇടിമിന്നൽ, സുനാമി, ഉഷ്ണതരംഗം തുടങ്ങി വിവിധ പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് ജനങ്ങൾക്ക് മുൻകൂട്ടി വിവരം നൽകുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. സമയബന്ധിതമായ മുന്നറിയിപ്പ് ലഭിച്ചാൽ ആളുകൾക്ക് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാനും ജീവനും സ്വത്തിനും ഉണ്ടാകുന്ന നഷ്ടം കുറയ്ക്കാനും കഴിയും.

എങ്ങനെ പ്രവർത്തിക്കുന്നു?  ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്, സെൻട്രൽ വാട്ടർ കമ്മീഷൻ, INCOIS, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റികൾ തുടങ്ങിയ സർക്കാർ ഏജൻസികൾ അപകടസാധ്യത കണ്ടെത്തുന്നു.അവർ നൽകുന്ന വിവരങ്ങൾ NDMAയുടെ സംവിധാനത്തിലേക്ക് എത്തുന്നു.അതിനുശേഷം ടെലികോം കമ്പനികളുടെ സഹായത്തോടെ അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ മൊബൈൽ ഫോണുകളിലേക്ക് മുന്നറിയിപ്പ് സന്ദേശം അയക്കപ്പെടുന്നു. ഇതിന് ഇന്റർനെറ്റ് നിർബന്ധമല്ല. സാധാരണ മൊബൈൽ നെറ്റ്‌വർക്ക് മതി.

എന്തുകൊണ്ടാണ് ചിലർക്കു മാത്രം അലർട്ട് ലഭിക്കുന്നത്?   ഇവിടെയാണ് SACHETയുടെ ഏറ്റവും വലിയ പ്രത്യേകത. ഇത് Location Based Alert System ആണ്. അപകടസാധ്യതയുള്ള പ്രദേശത്തുള്ളവർക്കാണ് മുന്നറിയിപ്പ് ലഭിക്കുക. ഉദാഹരണത്തിന്, ഒരു ജില്ലയിൽ മാത്രം അതിശക്തമായ മഴയ്ക്കോ പ്രളയത്തിനോ സാധ്യതയുണ്ടെങ്കിൽ, ആ പ്രദേശത്തുള്ളവരുടെ ഫോണിലേക്കാണ് അലർട്ട് എത്തുക. ഇത് അനാവശ്യമായ പരിഭ്രാന്തി ഒഴിവാക്കുകയും യഥാർത്ഥ അപകടസാധ്യതയുള്ളവരിലേക്ക് മാത്രം മുന്നറിയിപ്പ് എത്തിക്കുകയും ചെയ്യുന്നു.

ഫോൺ സൈലന്റായിട്ടും അലർട്ട് ശബ്ദം കേൾക്കുന്നത് എന്തുകൊണ്ട് എന്ന സംശയം സ്വാഭാവികമായും ഉണ്ടാകാം. ഇത് സാധാരണ എസ്‌എം‌എസ് അല്ല. ഇത് ഒരു Emergency Cell Broadcast Alert ആണ്. അതുകൊണ്ടാണ് ഫോൺ സൈലന്റിലായാലും ശക്തമായ ശബ്ദത്തോടെയും വൈബ്രേഷനോടെയും മുന്നറിയിപ്പ് എത്തുന്നത്. അതിനുള്ള കാരണവും മറ്റൊന്നല്ല  ദുരന്ത മുന്നറിയിപ്പ് ആരും കാണാതെ പോകരുത്.

സർക്കാരിന്റെ SACHET മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കും. കാലാവസ്ഥാ മുന്നറിയിപ്പുകൾ, വിവിധ ദുരന്തങ്ങളെക്കുറിച്ചുള്ള അറിയിപ്പുകൾ, സുരക്ഷാ നിർദേശങ്ങൾ, അടിയന്തര ഹെൽപ്‌ലൈൻ നമ്പറുകൾ, ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ എന്നിവ ആപ്പിൽ ലഭ്യമാണ്. മലയാളം ഉൾപ്പെടെ 12 ഇന്ത്യന്‍ ഭാഷകളില്‍ അറിയിപ്പുകള്‍ വായിക്കാനും കേള്‍ക്കാനും ഉള്ള സൗകര്യം ഉണ്ട്. 

അലർട്ട് ലഭിച്ചാൽ എന്ത് ചെയ്യണം?  അലർട്ട് അവഗണിക്കരുത്. സന്ദേശം മുഴുവൻ വായിക്കുക. നിർദേശങ്ങൾ പാലിക്കുക. ആവശ്യമെങ്കിൽ സുരക്ഷിത സ്ഥലത്തേക്ക് മാറുക. ഇടിമിന്നൽ മുന്നറിയിപ്പാണെങ്കിൽ തുറസ്സായ സ്ഥലങ്ങൾ ഒഴിവാക്കി സുരക്ഷിത കെട്ടിടങ്ങളിൽ അഭയം തേടുക.

അടുത്ത തവണ നിങ്ങളുടെ ഫോണിൽ ആ ഉച്ചത്തിലുള്ള എമർജൻസി അലർട്ട് കേട്ടാൽ ഭയപ്പെടേണ്ട. അത് നിങ്ങളെ ഭയപ്പെടുത്താനല്ല, സുരക്ഷിതരാക്കാനാണ് എത്തിയിരിക്കുന്നത്.

ENGLISH SUMMARY:

SACHET alert system is a vital government initiative designed to provide timely warnings about natural disasters, ensuring public safety. This emergency broadcast alert system uses location-based technology to notify individuals in potential hazard zones, minimizing panic and loss of life and property.