TOPICS COVERED

നാവികസേനയ്ക്കുവേണ്ടി കൊച്ചിന്‍ ഷിപ്‍യാര്‍ഡ് നിര്‍മിച്ച അന്തര്‍വാഹിനി പ്രതിരോധ കപ്പല്‍ ഐഎന്‍എസ് മാഹി സേനയ്ക്കു കൈമാറി. സേനയ്ക്കുവേണ്ടി നിര്‍മിക്കുന്ന 8 അന്തര്‍വാഹിനി പ്രതിരോധ കപ്പലുകളില്‍ ആദ്യത്തേതാണ് ഐഎന്‍എസ് മാഹി. രാജ്യത്തു ഡീസല്‍ എന്‍ജിന്‍–വാട്ടര്‍ജെറ്റില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ നാവിക പടക്കപ്പലാണ് 78 മീറ്റര്‍ നീളമുള്ള ഐഎന്‍എസ് മാഹി. മണിക്കൂറില്‍ 25 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള കപ്പലില്‍ അത്യാധുനിക അണ്ടര്‍വാട്ടര്‍ സെന്‍സറുകള്‍, വെള്ളത്തില്‍ നിന്നും വിക്ഷേപിക്കാവുന്ന സ്വയം നിയന്ത്രിത ടോര്‍പിഡോകള്‍, റോക്കറ്റുകള്‍, മൈനുകള്‍ എന്നിവ വിന്യസിക്കാന്‍ സംവിധാനമുണ്ട്. 

സമുദ്രത്തിലെ അന്തര്‍വാഹിനി സാന്നിധ്യം തിരിച്ചറിയുന്നതിനും തിരച്ചിലിനും രക്ഷാദൗത്യങ്ങള്‍ക്കും ഐഎന്‍എസ് മാഹി ഉപകരിക്കും. കേന്ദ്രസര്‍ക്കാരിന്‍റെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി കപ്പലിന്‍റെ 90 ശതമാനവും തദ്ദേശീയമായി രൂപകല്‍പന ചെയ്തു നിര്‍മിച്ചതാണ്. ശ്രേണിയിലെ മറ്റു കപ്പലുകളുടെ നിര്‍മാണം പല ഘട്ടങ്ങളിലാണ്. ആറാമത്തെ കപ്പല്‍ ഐഎന്‍എസ് മഗ്ദല കഴിഞ്ഞ ദിവസം നീറ്റിലിറക്കിയിരുന്നു. 

ചടങ്ങില്‍ സിഎസ്എല്‍ ഓപറേഷന്‍സ് ഡയറക്ടര്‍ എസ് ഹരികൃഷ്ണന്‍, ഐഎന്‍എസ് മാഹിയുടെ കമാന്‍ഡിങ് ഓഫിസര്‍ അമിത് ചന്ദ്ര ചൗബേ, പശ്ചിമ നാവിക കമാന്‍ഡ് ചീഫ് സ്റ്റാഫ് ഓഫിസര്‍ റിയര്‍ അഡ്മിറല്‍ ആര്‍ ആദിശ്രീനിവാസന്‍, കമാന്‍ഡര്‍ അനൂപ് മേനോന്‍, നാവികസേനയിലെയും കൊച്ചിന്‍ ഷിപ്‍യാര്‍ഡിലെയും ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.  

ENGLISH SUMMARY:

INS Mahi, the first anti-submarine warfare corvette built by Cochin Shipyard for the Indian Navy, has been delivered. This advanced vessel significantly enhances India's naval capabilities and promotes self-reliance in defense production.