യുപിഐ പേയ്മെന്‍റിനായി ഓരോ തവണയും പിൻ നമ്പർ അടിച്ചു മടുത്തോ? എങ്കിലിതാ ഒരു സന്തോഷവാർത്ത. ഇനി മുതൽ പിൻ നമ്പറിന് പകരം വിരലടയാളം അല്ലെങ്കിൽ മുഖം കാണിച്ചാൽ മതി! നമ്മുടെ രാജ്യത്ത് ഇന്ന് പണം കൈമാറാൻ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒരു മാർഗമാണ് യുപിഐ (UPI). കടകളിൽ സാധനങ്ങൾ വാങ്ങാനും, ബില്ലുകൾ അടക്കാനും, കൂട്ടുകാർക്ക് പണം അയക്കാനും എല്ലാം നമ്മൾ ഇത് ഉപയോഗിക്കുന്നു. എന്നാൽ, ഓരോ തവണയും പിൻ നമ്പർ അടിക്കുന്നത് പലർക്കും ഒരു ബുദ്ധിമുട്ടാണ്. പ്രത്യേകിച്ചും തിരക്കുള്ള സമയങ്ങളില്‍.
ഇതിനൊരു പരിഹാരമെന്നോണം യുപിഐ ഇടപാടുകൾക്ക് പുതിയൊരു സംവിധാനം വരുന്നുണ്ട്. ഇനി പിൻ നമ്പറിന് പകരം നിങ്ങളുടെ ഫിംഗര്‍പ്രിന്‍റോ, ഫേയ്സ് ഐഡിയോ,ഐറിസ് സ്കാനിലൂടെയോ പേയ്‌മെന്റുകൾ പൂർത്തിയാക്കാൻ സാധിക്കും. ഈ സംവിധാനം ഇപ്പോൾ പരീക്ഷണഘട്ടത്തിലാണ്.
രാജ്യത്ത് ഡിജിറ്റൽ ഇടപാടുകൾ കൂടിയതോടെ യുപിഐ വഴിയുള്ള തട്ടിപ്പുകളും വർധിച്ചിട്ടുണ്ട്. പിൻ നമ്പർ മറ്റൊരാൾക്ക് എളുപ്പത്തിൽ മനസിലാക്കാൻ കഴിഞ്ഞേക്കാം. എന്നാൽ, ഫിംഗര്‍പ്രിന്‍റ് പോലെയുള്ള ബയോമെട്രിക് വിവരങ്ങൾ വളരെ സ്വകാര്യമാണ്. ഇത് സുരക്ഷ ഒരുപാട് വർദ്ധിപ്പിക്കാനും സഹായിക്കും. കൂടാതെ പിൻ നമ്പർ ഓർത്ത് വെക്കാനുള്ള ബുദ്ധിമുട്ട് പുതിയ തലമുറയ്ക്കും മുതിർന്ന ആളുകൾക്കും ഒരുപോലെ ഒരു വെല്ലുവിളിയാണ്. ഈ സംവിധാനം വരുന്നതോടെ, പിൻ നമ്പർ ടൈപ്പ് ചെയ്യാതെ തന്നെ വളരെ വേഗത്തിൽ പേയ്മെന്റുകൾ നടത്താൻ സാധിക്കും. ഇത് സാങ്കേതിക വിദ്യയെക്കുറിച്ച് വലിയ ധാരണയില്ലാത്ത ആളുകൾക്ക് പോലും ഡിജിറ്റൽ പേയ്മെന്റുകൾ എളുപ്പമാക്കും.
കോവിഡ് മഹാമാരിക്ക് ശേഷം ഇന്ത്യയിലെ 80% ആളുകളും ഡിജിറ്റൽ പേയ്മെന്റുകൾക്കാണ് മുൻഗണന നൽകുന്നത്. ഈ സാഹചര്യത്തിൽ, എല്ലാവർക്കും കൂടുതൽ എളുപ്പത്തിലും സുരക്ഷിതമായും പണം കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ഒരു വലിയ മാറ്റമാണിത്. ഈ പുതിയ സംവിധാനം വരുമ്പോൾ, പിൻ നമ്പറിന് പകരം ബയോമെട്രിക് വിവരങ്ങൾ ഉപയോഗിക്കണോ എന്ന് ഉപയോക്താക്കൾക്ക് തീരുമാനിക്കാം. ഇത് യുപിഐയെ കൂടുതൽ ജനകീയവും വിശ്വസനീയവുമാക്കും.