യുപിഐ ഹാൻഡിൽ മാറ്റങ്ങളുമായി ബന്ധപ്പെട്ടുണ്ടായ അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തി പേടിഎം. യുപിഐ ഇടപാടുകളിൽ തടസ്സങ്ങളുണ്ടാകില്ലെന്ന് കമ്പനി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഗൂഗിൾ പ്ലേയുടെ അറിയിപ്പുമായി ബന്ധപ്പെട്ടാണ് ഓഗസ്റ്റ് 31 മുതൽ പേടിഎം ആപ്പിൽ യുപിഐ സേവനങ്ങൾ ലഭിക്കില്ലെന്ന അഭ്യൂഹം പരന്നത്.
പേടിഎമ്മിൽ യുപിഐ ഇടപാടുകൾ നടത്തുമ്പോൾ തടസ്സങ്ങളുണ്ടാകില്ലെന്നും സബ്സ്ക്രിപ്ഷൻ അടക്കമുള്ളവയുടെ റിക്കറിങ് ഇടപാടുകളുമായി ബന്ധപ്പെട്ടാണ് മാറ്റമെന്ന് കമ്പനി വ്യക്തമാക്കി. ഉപഭോക്താക്കളുടെയും വ്യാപാരികളുടെയും ഇടപാടുകളെ ഇത് ബാധിക്കില്ല.
യൂട്യൂബ് പ്രീമിയം, ഗൂഗിൾ വൺ എന്നിങ്ങനെയുള്ള സബ്സ്ക്രിപ്ഷനുകളുടെ റിക്കറിങ് പേയ്മെന്റുകൾക്ക് പേടിഎം ഉപയോഗിക്കുന്നവരാണെങ്കിൽ ശ്രദ്ധിക്കണം. പഴയ @paytm ഹാൻഡിൽ @pthdfc, @ptaxis, @ptyes അല്ലെങ്കിൽ @ptsbi എന്ന ബാങ്കുമായി ലിങ്ക് ചെയ്തിരിക്കുന്ന പുതിയ ഹാൻഡിലിലേക്ക് മാറ്റേണ്ടതുണ്ടെന്ന് കമ്പനി വ്യക്തമാക്കി. ഇതിനുള്ള അവസാന തീയതിയാണ് ഓഗസ്റ്റ് 31.
ഉദാഹരണമായി rajesh@paytm എന്ന യുപിഐ ഐഡി ഉപയോഗിക്കുന്നവരാണെങ്കിൽ rajesh@pthdfc or rajesh@ptsbi എന്നിങ്ങനെ ബാങ്ക് അനുസരിച്ചുള്ള യുപിഐ ഐഡി തിരഞ്ഞെടുക്കണം. സാധാരണ യുപിഐ ഇടപാടുകളെ ഇത് ബാധിക്കില്ലെന്നും ഇടപാടുകൾ സാധാരണപോലെ തുടരുമെന്നും കമ്പനി വ്യക്തമാക്കി.