Image courtesy : Nettle
ഒരു ഹെയര്‍ബാന്‍ഡിലെന്തിരിക്കുന്നു എന്നല്ലേ? ചില്ലറക്കാരനല്ല വിപണിയില്‍ പുതിയതായി എത്തിയ ഹെയര്‍ബാന്‍ഡായ 'നെറ്റില്‍'. ആര്‍ത്തവത്തിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ സ്ത്രീകളെ അലട്ടുന്ന ശാരീരിക വേദനകളില്‍ നിന്നും മൂഡ് സ്വിങ്സില്‍ നിന്നും ഈ ഹെയര്‍ബാന്‍ഡ് മോചനം നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. തലവേദന, വയറുവേദന, മൈഗ്രേന്‍, നടുവേദന, മറ്റ് ഹോര്‍മോണ്‍ മാറ്റങ്ങള്‍ തുടങ്ങിയ പ്രീമെൻസ്ട്രല്‍ സിൻഡ്രത്തിനും (PMS) പിഎംഎസിന്റെ വളരെ കഠിന രൂപമായ സ്ത്രീകളെ വിഷാദത്തിലേക്ക് വരെ എത്തിക്കുന്ന പ്രീമെൻസ്ട്രൽ ഡിസ്ഫോറിക് ഡിസോർഡറിനും (PMDD) നെറ്റില്‍ പരിഹാരമാണെന്നും വാദമുണ്ട്.
ന്യൂറോ സയന്റിസ്റ്റുകൾ രൂപകൽപ്പന ചെയ്ത ഈ ഹെയർ ബാൻഡ് ഹാർവാർഡ് യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ, എൻഎച്ച്എസ്, ഇംപീരിയൽ എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കിടന്നുറങ്ങുമ്പോള്‍ ഈ ബാന്‍ഡ് വച്ചാല്‍ ഇവ തലച്ചോറിൽ നിന്നുള്ള നാഡീഞരമ്പുകളെ നിയന്ത്രിക്കുകമെന്നാണ് ഗവേഷകര്‍ പറയുന്നത്. അതായത് വേദനയ്ക്കും മാനസികാവസ്ഥയ്ക്കും കാരണക്കാരായ നാഡീഞരമ്പുകളെ നിയന്ത്രണത്തിലാക്കി അവയെ റിലാക്സ് ചെയ്യിപ്പിക്കാൻ ബാന്‍ഡ് സഹായിക്കുന്നു. മരുന്നുകളോ ഹോർമോണുകളോ ശരീരത്തിലേക്ക് കുത്തിവയ്ക്കാത്തതിനാല്‍ തന്നെ ഇവയ്ക്ക് പാർശ്വഫലങ്ങൾ ഇല്ലെന്നും നിര്‍മാതാക്കള്‍ പറയുന്നു.
ഒരു ലൈഫ് ചേഞ്ചിങ് ഗാഡ്ജെറ്റായി ഇവ മാറുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പതിറ്റാണ്ടുകളായി സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പാർശ്വഫലങ്ങൾ ഇല്ലാത്ത ഒരു പരിഹാരമായി ഈ ഹെയർ ബാൻഡിനെ കാണാമെന്ന് ഉപയോക്താക്കളും പറയുന്നു.