Image: Baidu via YouTube
സയന്‍സ് ഫിക്ഷനില്‍ നിന്നിറങ്ങി മൂക്കിന് മുകളില്‍ കയറി ഇരിക്കുകയാണ് എഐ പവേര്‍ഡ് സ്മാര്‍ട്ട് ഗ്ലാസ്. മൂക്കത്ത് വിരല്‍ വയ്‌ക്കേണ്ട, മനുഷ്യന്‍റെ അവയവം പോലെയായി മാറിയ മൊബൈല്‍ ഫോണിനെ വരെ എഐ സ്മാര്‍ട് ഗ്ലാസ് പിന്നിലാക്കുമെന്ന് ഉറപ്പിക്കാം. യുഎസില്‍ ഇതിനകം പ്രചാരം നേടിയ എഐ സ്മാര്‍ട് ഗ്ലാസുകള്‍ നമുക്കും സാധാരണകാഴ്ചയാകാന്‍ ഒരു വര്‍ഷം പോലും വേണ്ടിവന്നേക്കില്ല. ഡിജിറ്റല്‍ ലോകവുമായുള്ള മനുഷ്യന്റെ ഇടപെടലുകളെ അടിമുടി മാറ്റാന്‍ കെല്‍പ്പുള്ളതാണ് സ്മാര്‍ട് ഗ്ലാസുകള്‍.
Image Credit: AP
പൂവ് പോലൊരു കണ്ണട
നമ്മള്‍ ഉപയോഗിക്കുന്ന കണ്ണടകള്‍ക്ക് 20 മുതല്‍ 40 ഗ്രാം വരെ ഭാരമുണ്ടാകും. ആദ്യം വന്ന എഐ സ്മാര്‍ട് ഗ്ലാസുകളില്‍ ചിലതിന് 70 ഗ്രാം വരെ ഭാരം വന്നിരുന്നു. എന്നാല്‍ പുതിയ എഐ പവേര്‍ഡ് സ്മാര്‍ട് ഗ്ലാസുകള്‍ക്ക് ഒട്ടും ഭാരമില്ല. മുഖത്ത് വച്ചതായി പോലും തോന്നില്ല എന്നതാണ് വസ്തുത. ഇത് വെറുതേ മുഖത്ത് വയ്ക്കാനുള്ളതല്ല. പകരം കാഴ്ചയും കേള്‍വിയും പുതിയ അനുഭവമാക്കാന്‍ കഴിയുന്ന ഒരു സഹായിയായി ഇത് മാറും. ക്ലൗഡ് കംപ്യൂട്ടിങിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുത്തതിനാല്‍ മുഴുവന്‍ സമയം ഇന്‍റര്‍നെറ്റ് ഇല്ലെങ്കിലും പ്രശ്‌നമില്ല. വ്യവസായ, ആരോഗ്യമേഖലകള്‍ മുതല്‍ വിദ്യാഭ്യാസരംഗത്തുവരെ വലിയ മാറ്റങ്ങള്‍ക്ക് ഇത് വഴിയൊരുക്കും.
Image Credit: Jason Koski/Cornell University
2024ല്‍ ലോകമാകെ 15 ലക്ഷം എഐ സ്മാര്‍ട് ഗ്ലാസുകള്‍ മാത്രമാണ് വിറ്റഴിഞ്ഞത്. എന്നാല്‍ അഞ്ചുവര്‍ഷം കഴിയുമ്പോള്‍ ഇത് 9 കോടിയായി വര്‍ധിക്കുമെന്നാണ് നിഗമനം. സ്മാര്‍ട് ഫോണ്‍ നിത്യജീവിതത്തിന്റെ ഭാഗമായതിനെക്കാളും വലിയ മാറ്റമാണ് വരാന്‍ പോകുന്നത്. ഇനി സാധാരണ കണ്ണട ഉപയോഗിക്കുന്ന കാര്യം ആലോചിക്കാന്‍ പോലും കഴിയില്ലെന്നാണ് ജോലിയുടെ ഭാഗമായി എഐ സ്മാര്‍ട് ഗ്ലാസ് ഉപയോഗിച്ച് തുടങ്ങിയവര്‍ ഇപ്പോള്‍ പറയുന്നത്,
എന്താണീ സ്മാര്‍ട് ഗ്ലാസിന്റെ പണി?
ഭാഷ, അതൊരു പ്രശ്‌നമേയല്ല. ഇതരഭാഷക്കാരനായ ഒരാളുമായി സംസാരിക്കേണ്ടി വരുന്നുവെന്ന് കരുതുക. അവരെന്താണ് പറയുന്നതെന്ന് എഐ സ്മാര്‍ട് ഗ്ലാസ് ലൈവായി മലയാളത്തിലാക്കിത്തരും. 'അയ്യോ, അതിന്റെ പേര് നാവിന്‍ തുമ്പിലുണ്ട്.. പക്ഷേ ഓര്‍ക്കുന്നില്ല...' ഒരിക്കലെങ്കിലും ഇത്തരം മറവി ഉണ്ടാകാത്തവര്‍ ചുരുക്കമാണ്. അനുവാദം നല്‍കിയാല്‍ വസ്തുക്കള്‍, സ്ഥലങ്ങള്‍, വ്യക്തികള്‍ എല്ലാം ഇനി സ്മാര്‍ട് ഗ്ലാസ് ഓര്‍ത്തുവയ്ക്കും. അതായത് കുടുംബത്തിലെ കല്യാണത്തിനും മറ്റ് ചടങ്ങുകള്‍ക്കും പോകുമ്പോള്‍ ബന്ധുക്കളുടെ പേര് മറന്നു പോകാതെ രക്ഷപെടാമെന്ന് ചുരുക്കം.
A pair of Ray-Ban Meta 2nd generation smart glasses is seen on display during the Meta Connect Developer Conference at Meta's headquarters in Menlo Park, California (AFP
ഇനി പരിചയമില്ലാത്തൊരു നഗരത്തിലെത്തിയെന്ന് വയ്ക്കുക. സ്മാര്‍ട് ഗ്ലാസ് നിങ്ങളെ സ്മാര്‍ട്ടാക്കും. എവിടെയാണോ നോക്കി നില്‍ക്കുന്നത് അതേക്കുറിച്ചുള്ള അത്യാവശ്യ വിവരങ്ങള്‍ നല്‍കാന്‍ പാകത്തിലാണ് സ്മാര്‍ട് ഗ്ലാസ് പ്രോഗ്രാം ചെയ്തിരിക്കുന്നത്. ഫോട്ടോയെടുക്കണോ? ഫോണ്‍ വേണ്ട. സ്മാര്‍ട് ഗ്ലാസ് വച്ച് ഫോട്ടോയും വിഡിയോയും ചിത്രീകരിക്കാം. ഏത് രീതിയില്‍ വേണമെന്ന് മനസില്‍ തോന്നിയാലും അതേ രീതിയില്‍ ക്ലിക്ക് ചെയ്യാന്‍ കഴിയും.
സ്മാര്‍ട് ഫോണിന് ഗുഡ് ബൈ പറയാന്‍ നേരമായോ? അതേ എന്നാണ് ടെക് ലോകം പറയുന്നത്. അഡ്വാന്‍സ്ഡ് ആയ എഐ ഇത്തരം ലൈറ്റ് വെയ്റ്റ് വെയറബിള്‍സില്‍ ലഭ്യമാകുന്നതോടെ സ്മാര്‍ട്‌ഫോണുകള്‍ പടിയിറങ്ങുമെന്ന് അനലിസ്റ്റുകള്‍ പറയുന്നു. അടുത്ത വര്‍ഷം റേ ബാന്റെ മെറ്റ ഗ്ലാസുകള്‍ വിപണിയിലെത്തുന്നതോടെ വെയറബിള്‍ ടെക് വിപ്ലവം അതിവേഗത്തിലാക്കുമെന്നുമാണ് വിലയിരുത്തല്‍. മുപ്പതിലേറെ പുതിയ സ്മാര്‍ട് ഗ്ലാസ് മോഡലുകളാണ് കഴിഞ്ഞ വര്‍ഷം മാത്രം വിപണിയിലെത്തിയത്. ഇപ്പോള്‍ വില അല്‍പം കൂടുതലാണെങ്കിലും ഒട്ടുംവൈകാതെ സ്മാര്‍ട് ഫോണിന് വില കുറഞ്ഞതിനേക്കാള്‍ വേഗത്തില്‍ സ്മാര്‍ട് ഗ്ലാസിന്‍റെ വിലയും കുറയും.
സ്വകാര്യത നഷ്ടമാകുമോ?
എഐ ഉള്‍പ്പടെയുള്ള സാങ്കേതിക വിദ്യകള്‍ നിത്യജീവിതത്തിന്റെ ഭാഗമാകുന്നതോടെ സ്വകാര്യത സംബന്ധിച്ച ചര്‍ച്ചകള്‍ കൂടുതല്‍ തീവ്രമായി. സഞ്ചരിക്കുന്ന നിരീക്ഷണ കാമറകളായി മനുഷ്യര്‍ മാറുമെന്നതാണ് എഐ സ്മാര്‍ട് ഗ്ലാസിനെതിരെ ഉയരുന്ന പ്രധാന വിമര്‍ശനം. നോക്കുന്നതിനെയും കാണുന്നതിനെയുമെല്ലാം സംബന്ധിച്ച വിവരങ്ങള്‍ സ്മാര്‍ട് ഗ്ലാസുകള്‍ നല്‍കുമെന്ന് പറയുമ്പോള്‍ത്തന്നെ ഇത്തരത്തില്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ധാര്‍മികതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. മറ്റൊരാളുടെ അനുവാദമില്ലാതെ വിവരങ്ങള്‍ ശേഖരിക്കുന്നത് ശരിയല്ലെന്നും വന്‍തോതില്‍ ദുരുപയോഗ സാധ്യത ഇതിനുണ്ടെന്നുമാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് തന്നെ സ്വകാര്യത സംരക്ഷിച്ചു കൊണ്ടാവണം സ്മാര്‍ട് ഗ്ലാസുകളെ പ്രോല്‍സാഹിപ്പിക്കാന്‍ എന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.