• വിളിക്കുന്നയാളുടെ പേരും നമ്പറും തിരിച്ചറിയാൻ സഹായിക്കുന്ന 'കോളിംഗ് നെയിം പ്രസന്റേഷൻ' സംവിധാനം 2026 നവംബർ 1 മുതൽ നടപ്പിലാക്കാൻ ടെലികോം മന്ത്രാലയം നിർദേശം നൽകി.

ഇനി അറിയാത്ത നമ്പറുകളിൽ നിന്നും ഇനി കോൾ വരില്ല. 2026 നവംബർ ഒന്നു മുതൽ കോളർ ഐഡി നിർബന്ധമാക്കുകയാണ് കേന്ദ്ര സർക്കാർ. 2026 നവംബർ 1 മുതൽ 'കോളിംഗ് നെയിം പ്രസന്റേഷൻ' നടപ്പിലാക്കണമെന്ന് ടെലികോം മന്ത്രാലയം മൊബൈൽ കമ്പനികൾക്ക്  നിർദേശം നൽകി.  വിളിക്കുന്നയാളുടെ നമ്പറും പേരും തിരിച്ചറിയാൻ സാധിക്കുന്ന രാജ്യത്തിന്റെ കോളർ ഐഡന്റിഫിക്കേഷൻ സംവിധാനമാണിത്. 

4ജി, 5ജി നെറ്റ്‍ വർക്കുകൾ ഉപയോ​ഗിക്കുന്ന ഉപഭോക്താക്കൾക്ക് കോളർ ഐഡന്റിഫിക്കേഷൻ ലഭ്യമാകും. കോൾ വരുമ്പോൾ, വിളിക്കുന്നയാളുടെ പേരും നമ്പറും കോളർ ഐഡന്റിഫിക്കേഷനിൽ തെളിയും. 2ജി, 3ജി നെറ്റ്‌വർക്കുകളിലും ലാൻഡ്‌ലൈനുകളിലും ഇത് നടപ്പിലാക്കുന്നത് പിന്നീട് പരിഗണിക്കുമെന്നാണ് ടെലികോം മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നത്. 

ഫോണിലേക്ക് ഒരു കോൾ വരുമ്പോൾ സ്‌ക്രീനിലെ ആദ്യ ഭാഗത്ത് വിളിക്കുന്നയാളുടെ ഫോൺ നമ്പർ കാണിക്കും. രണ്ടാമത്തെ ഭാഗത്ത് നമ്പർ നിങ്ങളുടെ ഫോണിൽ സേവ് ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾ നൽകിയിരിക്കുന്ന പേര് കാണിക്കും. നമ്പർ സേവ് ചെയ്തിട്ടില്ലെങ്കിൽ, ഡൊമെസ്റ്റിക് കോളാണെങ്കിൽ ടെലികോം ഓപ്പറേറ്ററുടെ സബ്‌സ്‌ക്രൈബർ ഡാറ്റാബേസിൽ രേഖപ്പെടുത്തിയിരിക്കുന്ന പേരാണ് കാണിക്കുക. 

രാജ്യാന്തര നമ്പറിൽ നിന്നാണ് കോളെങ്കിൽ സ്ക്രീനിൽ 'ഇന്റർനാഷണൽ കോൾ' എന്ന് കാണിക്കും. എല്ലാ ടെലികോം കമ്പനികളും വരിക്കാരുടെ പേരും നമ്പറും ബന്ധിപ്പിക്കുന്ന ‍ഡാറ്റബേസ് ഉണ്ടാക്കണം. നിങ്ങളുടെ ഫോണിലേക്ക് കോൾ വരുമ്പോൾ ഈ ഡാറ്റബേസിൽ നിന്നുള്ള വിവരമാണ് നിങ്ങളുടെ ഓപ്പറേറ്റർ കോളർ ഐഡന്റിഫിക്കേഷനിൽ കാണിക്കുന്നത്. സ്ഥാപനങ്ങളുടെ ട്രേഡ്മാർക്കോ ജിഎസ്ടി പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഔദ്യോഗിക പേരോ ആണ് കാണിക്കുക. 

ENGLISH SUMMARY:

The Central Government has directed all mobile service providers to implement the Calling Name Presentation (CNAP) system starting November 1, 2026. This mandatory caller identification service will display the verified name and number of incoming callers on 4G and 5G networks. For numbers not saved in contacts, the screen will show the subscriber name registered with the telecom operator or official business details. Meanwhile, implementation for legacy 2G/3G networks and landlines will be evaluated at a later stage.