പാമ്പുകടിയും പാമ്പുപേടിയും കേരളത്തെ മുള്‍മുനയില്‍ നിറുത്തുന്നതിനിടെ ‘സര്‍പ്പ ലൈറ്റ്’ വരുന്നു. എളുപ്പം ഉപയോഗിക്കാവുന്നതും പുതിയ വിവരങ്ങള്‍ അടങ്ങിയതുമായ സര്‍പ്പ ആപ്പിന്‍റെ പുതിയ വേര്‍ഷനായ സര്‍പ്പ ലൈറ്റ് ഉടന്‍ പുറത്തിറക്കാനാണ് വനം വകുപ്പിന്‍റെ നീക്കം.
പാമ്പിനെ കണ്ടാല്‍ ഈ ആപ്പുവഴി വനം വകുപ്പിനെ വേഗം വിവരം അറിയിക്കാം. സ്നേക് റെസ്ക്യൂ ടീം വന്ന് പാമ്പിനെ പിടികൂടും. പാമ്പുകടിയേറ്റാല്‍ ഏത് ആശുപത്രിയാണ് അടുത്തുള്ളത്. അവിടെ ആന്‍റി വെനം ലഭ്യമാണോ? ഡോക്ടറുടെ സേവനം ഉണ്ടോ? തുടങ്ങിയ എല്ലാ വിവരവും ലഭിക്കുന്ന വിധമാണ് പുതിയ വേര്‍ഷന്‍ വരുന്നത്. ആന്‍ഡ്രോയിഡ്, ഐ ഫോണുകളില്‍ എളുപ്പം ഉപയോഗിക്കാവുന്ന വിധമാണ് സര്‍പ്പലൈറ്റ് തയാറാകുന്നത്. ആപ്പ് ഉപയോഗിച്ച് ശീലമില്ലാത്തവര്‍ക്കുപോലും വിവരങ്ങള്‍ എളുപ്പം കണ്ടുപിടിക്കാന്‍ കഴിയും വിധമാണ് ഡിസൈന്‍.
സര്‍പ്പ ആപ്പ് മാത്രമല്ല, ഒപ്പം വീടിന്‍റെയും ഓഫീസിന്‍റെയും പരിസരങ്ങള്‍ വൃത്തിയായി സൂക്ഷിക്കുക, രാത്രി ഇരുട്ടുള്ള സ്ഥലങ്ങളില്‍ നടക്കാതിരിക്കുക എന്നും വനംവകുപ്പ് നിര്‍ദേശിക്കുന്നു. ഒപ്പം എപ്പോഴും സര്‍പ്പ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ഫോണും കൈയ്യില്‍ കരുതണമെന്നാണ് വനം വകുപ്പ് നല്‍കുന്ന ഉപദേശം.