elephant-attack

പത്തനംതിട്ട സീതത്തോട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട് ഭാഗികമായി തകർന്നു. പനിമുല തുണ്ടിയേത്ത് ടി.എസ്. ബെന്നിയുടെ വീടാണ് കാട്ടാന ആക്രമിച്ചത്. വീട് ഏതുസമയവും നിലം പൊത്തുന്ന അവസ്ഥയിലാണ്. 

വീടിന്‍റെ അടുക്കള ഭാഗത്തെ ഭിത്തി പൂർണമായും തകർന്നു. അടുക്കളയിലും വീടിനു പുറത്തും സൂക്ഷിച്ചിരുന്ന ഗൃഹോപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. തടിയിൽ മേൽക്കൂര താങ്ങി നിർത്തിയിരിക്കുകയാണ്. മൺകട്ടയിലാണ് വീടിന്‍റെ നിർമാണം. ഞായറാഴ്ച വീട്ടുടമ ബെന്നി സ്ഥലത്തില്ലായിരുന്നു. രാവിലെ വീട്ടിൽ എത്തിയപ്പോഴാണ് ആക്രമണം അറിയുന്നത്.

വീടിനു സമീപത്തെ റബർ ഷെഡും പുരയോടു ചേർന്ന് സൂക്ഷിച്ചിരുന്ന ഷീറ്റുകളും വനം വകുപ്പിന്‍റെ സോളാർ വിളക്കും പാനലും നശിപ്പിച്ചു. ആന നടന്നു വന്ന ഭാഗത്തെ കയ്യാലകളും തകർത്തു. സമീപത്തെ ഇരച്ചിപ്പാറ വനത്തിൽ‌ നിന്നാണ് കാട്ടാന എത്തിയത്. കഴിഞ്ഞ കുറെ നാളുകളായി ഈ പ്രദേശത്ത് ഒറ്റയാന്‍റെ സാന്നിധ്യമുണ്ട്. വീട് ആക്രമിച്ചത് ഈ കൊമ്പനാണെന്ന നിഗമനത്തിലാണ് ബെന്നി.

കുറെ മാസങ്ങളായി ഈ ഭാഗത്തെ സോളാർ വേലി ഉപയോഗ യോഗ്യമല്ല. ഇതു കാരണം പകൽ പോലും കാട്ടാനകളുടെ സാന്നിധ്യമാണ്. ഗുഡ്രിക്കൽ ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിലാണ് ഈ പ്രദേശങ്ങൾ. സംഭവം അറിഞ്ഞ് കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും  വനപാലകർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ച് മടങ്ങി. സോളാർ വേലി പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ അവസാനഘട്ടത്തിലാണെന്ന് വനപാലകർ പറഞ്ഞു.

ENGLISH SUMMARY:

A wild elephant attacked and partially damaged a house in Seethathodu, Pathanamthitta. The incident highlights the growing wild animal menace in the region and the urgent need for effective wildlife deterrents.