രാജ്യത്തെ കോടിക്കണക്കിന് മൊബൈൽ ഉപഭോക്താക്കളെ ബാധിച്ചിരുന്ന 28 ദിവസത്തെ റീചാർജ് സംവിധാനത്തിൽ മാറ്റം വരുന്നു. 30 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനുകൾ അവതരിപ്പിക്കാൻ ടെലികോം മന്ത്രാലയം കമ്പനികൾക്ക് നിർദ്ദേശം നൽകിയതായി കൊടിക്കുന്നിൽ സുരേഷ് എംപി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

പാർലമെന്റിലെ തന്റെ ഇടപെടലുകൾ ഫലം കണ്ടുവെന്നാണ് ഫേസ്‌ബുക്ക് പോസ്റ്റിൽ കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കിയത്. 28 ദിവസത്തെ പ്ലാനുകൾ കാരണം ഉപഭോക്താക്കൾ വർഷത്തിൽ 13 പ്രാവശ്യം റീചാർജ് ചെയ്യേണ്ടി വന്നിരുന്നു. 30 ദിവസത്തെ പ്ലാനുകൾ വരുന്നതോടെ വർഷത്തിൽ 13 ന് പകരം 12 പ്രാവിശ്യം റീചാർജ് ചെയ്‌താൽ മതിയാകും. 28 ദിവസത്തെ ബില്ലിങ് സംവിധാനം വഴി നടന്നുകൊണ്ടിരുന്ന ഉപഭോക്തൃ ചൂഷണത്തിന് ഇതോടെ അവസാനമാകും.

2025 ഡിസംബർ മാസം വിന്റർ സെഷനിലും 2026 മാർച്ച് മാസം ബഡ്ജറ്റ് സെഷനിലും എംപി ലോക് സഭയിൽ നടത്തിയ ഇടപെടലിന്റെ തെളിവുകൾ പങ്കുവെച്ചായിരുന്നു പോസ്റ്റ്.  സാധാരണ ജനങ്ങളുടെ സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കാൻ പാർലമെന്റിൽ ഇടപെടൽ തുടരുമെന്നും, ഈ അന്യായ സംവിധാനം പൂര്‍ണമായും അവസാനിപ്പിക്കുന്നതുവരെ വിഷയം ശക്തമായി ഉന്നയിക്കുമെന്നും കൊടിക്കുന്നിൽ പറഞ്ഞു.

അതേസമയം എഎപിയുടെ രാഘവ് ഛദ്ദ എംപിയാണ് ലോക് സഭയിൽ ഇതിനായി ഇടപെടലുകൾ നടത്തിയതെന്നാണ് പോസ്റ്റിലെ കമന്റുകളിലെ അവകാശവാദം. വിഷയത്തിൽ രാഘവ് ഛദ്ദ ലോക് സഭയിൽ നടത്തുന്ന പ്രസംഗത്തിന്റെ വിഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 

ENGLISH SUMMARY:

Mobile recharge plans are changing from 28 days to 30 days, ending customer exploitation and reducing the number of recharges needed annually. This significant shift aims to benefit millions of mobile users across India, making telecom services more user-friendly and cost-effective.