ലോകമെങ്ങുമുള്ള കോടിക്കണക്കിന് ഉപയോക്താക്കളുടെ സംഭാഷണങ്ങളെല്ലാം വാട്സാപ്പും മെറ്റയും ചോര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ഉപയോക്താക്കളുടെ രാജ്യാന്തര സംഘടന ഇക്കാര്യം ചൂണ്ടിക്കാട്ടി മെറ്റയ്ക്കെതിരെ പരാതി നല്‍കി. എന്‍ഡ്–ടു–എന്‍ഡ് എന്‍ക്രിപ്ഷനുണ്ടെന്ന് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയാണ് മെറ്റ ചെയ്യുന്നതെന്നും നോട്ടിസില്‍ പറയുന്നു. അതേസമയം, നിയമനടപടിക്ക് അടിസ്ഥാനമില്ലെന്നും ആരോപണങ്ങള്‍ വസ്തുതാരഹിതമാണെന്നും മെറ്റ പ്രതികരിച്ചു. സന്‍ഫ്രാന്‍സിസ്കോയിലെ ഡിസ്ട്രിക്ട് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തതെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വാട്സാപ്പ് ഉപയോക്താക്കള്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ സുരക്ഷാ വാഗ്ദാനമാണ് എന്‍ഡ്–ടു–എന്‍ഡ് എന്‍ക്രിപ്ഷന്‍. അയയ്ക്കുന്നയാള്‍ക്കും ലഭിക്കുന്നയാള്‍ക്കുമല്ലാതെ മറ്റാര്‍ക്കും ഈ സന്ദേശം വായിക്കാന്‍ കഴിയില്ലെന്നും വാട്സാപ്പിനോ മെറ്റയ്ക്കോ പോലും ഇത് സാധ്യമല്ലെന്നുമാണ് കമ്പനി നാളിതുവരെ അവകാശപ്പെട്ടിരുന്നത്. സന്ദേശം വായിക്കുന്നതിനും കേള്‍ക്കുന്നതിനും മറ്റൊരാളുമായി പങ്കുവയ്ക്കുന്നതിനും അതത് വ്യക്തികള്‍ക്ക് മാത്രമേ കഴിയൂവെന്നും വാട്സാപ്പ് തങ്ങളുടെ സവിശേഷതയായി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ പറയപ്പെടുന്ന കാര്യങ്ങളൊന്നും പാലിക്കപ്പെടുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
ഉപയോക്താക്കള്‍ അയയ്ക്കുന്ന സന്ദേശങ്ങള്‍ മെറ്റയും വാട്സാപ്പും ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്യുന്നുണ്ടെന്നും പ്രൈവറ്റ് ചാറ്റുകളും വണ്‍ടൈം മെസേജുകളും ഇതില്‍പ്പെടുന്നുവെന്നുമാണ് പരാതിയില്‍ പറയുന്നത്. പ്രൈവറ്റ് മെസേജിങ് പ്ലാറ്റ്ഫോമെന്നത് കേവലം അവകാശവാദം മാത്രമാണെന്നും ഇത് വ്യാജമാണെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. ഓസ്ട്രേലിയ, ബ്രസീല്‍, ഇന്ത്യ, മെക്സിക്കോ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പരാതിക്കാര്‍.
അതേസമയം, അസംബന്ധമാണ് പരാതിയിലുള്ളതെന്നും നിയമപരമായി നേരിടുമെന്നും മെറ്റ വക്താവ് അറിയിച്ചു. വാട്സാപ്പ് സന്ദേശങ്ങള്‍ എന്‍ക്രിപ്റ്റഡ് തന്നെയാണ്. പത്തുവര്‍ഷത്തോളമായി ഇതേ സാങ്കേതിക വിദ്യയാണ് വാട്സാപ്പ് പിന്തുടര്‍ന്ന് വരുന്നത് എന്നും മെറ്റ വക്താവ് ആന്‍ഡി സ്റ്റോണ്‍ അറിയിച്ചു.