ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചതിന് പിന്നാലെ പുതിയ ഐഫോൺ 17 സീരീസിനായി ആപ്പിൾ സ്റ്റോറുകൾക്ക് തിക്കിത്തിരക്കി ജനം. മുംബൈയിലെയും ഡൽഹിയിലെയും ആപ്പിൾ ഫ്ലാഗ്ഷിപ്പ് സ്റ്റോറുകൾക്ക് പുറത്ത് വൻ ജനക്കൂട്ടവും നീണ്ട ക്യൂവും കാണാം.
മുംബൈയിലെ ആപ്പിള്‍ സ്റ്റോറുകള്‍ക്ക് മുന്നിലെ കാഴ്ചകളാണ് വൈറല്‍. ജനക്കൂട്ടം തടിച്ചുകൂടിയതിനെ തുടർന്ന് ഒന്നിലധികം തവണ സംഘഷമുണ്ടായി. ബികെസി ജിയോ സെന്ററിലെ ആപ്പിൾ സ്റ്റോറിന് പുറത്ത് സുരക്ഷാ ഉദ്യോഗസ്ഥർക്ക് തിരക്ക് നിയന്ത്രിക്കാൻ പണിപ്പെടേണ്ടി വന്നു. ബാന്ദ്ര-കുർള കോംപ്ലക്സിലെ (ബികെസി) ആപ്പിളിന്‍റെ ഫ്ലാഗ്ഷിപ്പ് സ്റ്റോറിന് പുറത്തും വലിയ ക്യൂ ആയിരുന്നു.
ന്യൂഡൽഹിയിലെ സാകേതിലുള്ള സെലക്ട് സിറ്റിവാക്ക് മാളിലുള്ള ആപ്പിൾ ഔട്ട്‌ലെറ്റിലും സമാന അന്തരീക്ഷമായിരുന്നു. കട തുറക്കുന്നതിനായി രാത്രി മുഴുവൻ ഉപഭോക്താക്കൾ പുറത്ത് കാത്തിരുന്നു. വിൽപ്പന ആരംഭിച്ചതിന് പിന്നാലെ ഡൽഹിയിലെയും മുംബൈയിലെയും ആപ്പിൾ സ്റ്റോറുകള്‍ക്ക് മുന്നിൽ തമ്മിൽത്തല്ല് വരെ ഉണ്ടായി. ഒടുവില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ‘വടിയെടുക്കേണ്ടി’ വന്നു. ബാന്ദ്ര കുർള കോംപ്ലക്സിലാണ് കൂട്ടത്തല്ലുണ്ടായത്. തിക്കും തിരക്കും അതിരുകടന്നതോടെയാണ് സുരക്ഷാ ജീവനക്കാർക്ക് പണിപ്പെട്ടത്. തിരക്കിനിടയിൽ ചിലർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇത് പിന്നീട് കയ്യാങ്കളിയിലെത്തി. സുരക്ഷാ ജീവനക്കാർ ഇടപെട്ടതോടെ നിമിഷനേരം കൊണ്ട് സ്റ്റോറിന് മുന്നിൽ സംഘർഷാവസ്ഥ ഉടലെടുത്തു.
2025 സെപ്റ്റംബർ 9 നാണ് ആപ്പിള്‍ പുതിയ 17 സീരീസ് അവതരിപ്പിക്കുന്നത്. സ്റ്റാൻഡേർഡ് ഐഫോൺ 17, പുതിയ ഐഫോൺ എയർ എന്നിവയ്‌ക്കൊപ്പം ആപ്പിൾ അവരുടെ പ്രീമിയം മോഡലുകളായ ഐഫോൺ 17 പ്രോ, പ്രോ മാക്‌സ് എന്നിവയും ആപ്പിള്‍ അവതരിപ്പിച്ചിട്ടുണ്ട്.