ടെക് പ്രേമികളുടെ കാത്തിരിപ്പിനൊടുവിലാണ് ആപ്പിള്‍ തങ്ങളുടെ ഏറ്റവും പുതിയ ഐഫോൺ മോഡലുകളായ ഐഫോണ്‍ 17 സീരിസ് പുറത്തിറക്കിയത്. അൾട്രാ-തിന്‍ ആപ്പിൾ ഐഫോൺ എയർ ഉള്‍പ്പെടെയുള്ള നാല് പുതിയ വേരിയന്‍റുകളാണ് കമ്പനി അവതരിപ്പിച്ചത്. ഇവയില്‍ തന്നെ ആപ്പിള്‍ ഇതുവരെ പുറത്തിറക്കിയിട്ടുള്ളതില്‍ ഏറ്റവും കനംകുറഞ്ഞ മോഡലാണ് ഐഫോണ്‍ എയര്‍. എന്നാല്‍ ഐഫോണ്‍ 17 സീരീസിന്‍റെ അവതരണത്തിന് പിന്നാലെ ആപ്പിളിനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് ആന്‍ഡ്രോയിഡ് ഭീമനായ സാംസങ്.
ടെക് ലോകത്തെ ഭീമന്‍മരായ ആപ്പിളും സാംസങും തമ്മിലുള്ള യുദ്ധം ഇന്നും ഇന്നലെയും തുടങ്ങിതല്ല മറിച്ച് ഒരു ദശാബ്ദത്തോളം പഴക്കമുണ്ട് ഈ പോരിന്. അതുകൊണ്ടു തന്നെ പരസ്പരം ട്രോളാന്‍ കിട്ടുന്ന അവസരങ്ങള്‍ ഒന്നും തന്നെ ഇരുകൂട്ടരും പാഴാക്കാറുമില്ല. മുന്‍പ് ആപ്പിള്‍ ഐഫോണ്‍15 സീരീസ് അവതരിച്ചപ്പോളും അതിന് ശേഷം ഐഫോണ്‍ 16 അവതരിപ്പിച്ചപ്പോളുമെല്ലാം ആപ്പിളിനെ ട്രോളി സാംസങ് രംഗത്തുണ്ടായിരുന്നു. ഇത്തവണയും പതിവ് തെറ്റിച്ചില്ല. ഐഫോണ്‍ 17 ന്‍റെ അവതരണത്തിന് പിന്നാലെ തങ്ങളുടെ 2022 ലെ എക്സിലെ ഒരു ട്വീറ്റ് ഒന്നു റീട്വീറ്റ് ചെയ്യുക മാത്രമാണ് സാസംങ് ചെയ്തത്. 'ഇത് മടക്കാന്‍കഴിയുമ്പോള്‍ ഞങ്ങളെ അറിയിക്കണം' എന്ന് കുറിച്ച 2022ലെ ട്വീറ്റാണ് കമ്പനി വീണ്ടും പങ്കുവച്ചത്. കൂടെ ഈ ട്വീറ്റ് ഇപ്പോഴും പ്രസക്തമാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും കമ്പനി കുറിച്ചു.
സാസംങ് തങ്ങളുടെ ഫോള്‍ഡബിള്‍ ഹാന്‍ഡെസെറ്റുകള്‍ വിപണിയിലെത്തിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഫോള്‍ഡബിള്‍ ഫോണുകളുടെ വിപണിയില്‍ ഐഫോണ്‍ എവിടെയും എത്തിയില്ല എന്നതാണ് സാംസങ്ങിന്‍റെ ഒളിയമ്പ്. ഇതാദ്യാമായല്ല ഫോള്‍ഡബിള്‍ ഫോണുകളുടെ പേരില്‍ സാംസങ് ഐഫോണിനെ ട്രോളുന്നതും. ആപ്പിളിന്‍റേത് ഫോള്‍ഡബിള്‍ ഫോണുകളെല്ലെന്ന് ചൂണ്ടിക്കാണിച്ച് ഇതിന് മുന്‍പും സാംസങ് രംഗത്തെത്തിയിട്ടുണ്ട്. 2024 ല്‍ ഐഫോണ്‍ 16 ലോഞ്ച് ചെയ്തപ്പോളും 2022 ലെ ഇതേ ട്വീറ്റ് റീഷെയര്‍ ചെയ്യുകയായിരുന്നു സാംസങ് ചെയ്തത്. അന്ന് ഇപ്പോഴും കാത്തിരിക്കുകയാണെന്ന് കുറിച്ചായിരുന്നു സാംസങ് തങ്ങളുടെ പഴയ ട്വീറ്ര് റിട്വീറ്റ്.
2019 ലാണ് സാംസങ് തങ്ങളുടെ ഫോള്‍ഡബിള്‍ ഫോണ്‍ വിപണിയിലെത്തിച്ചത്. എന്നാല്‍ ആളുകൾ ഏറെ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഫോള്‍ഡബിള്‍ ഐഫോണിന്‍റെ നിര്‍മാണം ഇപ്പോഴും പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടുതന്നെ ഇത്തവണത്തെ ആപ്പിള്‍ ഈവന്‍റില്‍ ഫോള്‍ഡബിള്‍ ഐഫോണ്‍ ഉണ്ടായിരിക്കില്ലെന്ന് നേരത്തെ തന്നെ ഏറെക്കുറെ സ്ഥിരീകരിച്ചിരുന്നു. 2026 വരെ ഫോള്‍ഡബിള്‍ ഐഫോണ്‍ പുറത്തിറങ്ങില്ല എന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ഏറ്റവും കനംകുറഞ്ഞ ഐ.ഫോണ്‍ എയര്‍ ഉള്‍പ്പടെ നാല് വേരിയന്റുകളാണ് 17 സീരിസില്‍ ആപ്പിള്‍ പുറത്തിറക്കിയത്. അൾട്രാ-തിന്‍ ആപ്പിൾ ഐഫോൺ എയർ, ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിവയാണ് പുതിയ മോഡലുകള്‍. ആപ്പിള്‍ പുറത്തിറക്കിയിട്ടുള്ളതില്‍ ഏറ്റവും കനംകുറഞ്ഞ ഫോണാണ് ഐ.ഫോണ്‍ എയര്‍. 48 മെഗാപിക്സല്‍ ക്യാമറ, പ്രോ മോഷന്‍ ഡിസ്പ്ലേ തുടങ്ങിയ സവിശേഷതകളുമായി ഇറങ്ങുന്ന 17 സീരിസിന് കരുത്ത് പകരുന്നത് പുതിയ A19 ചിപ്പ്സെറ്റ് ആണ്. ആപ്പിള്‍ ഇന്റലിജന്‍സ് എന്നറിയപ്പെടുന്ന എ.ഐ ഫീച്ചറുകളും പുതിയ മോഡലുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഐ.ഒ.എസ് 26 ആയിരിക്കും 17 സീരിസില്‍ ഉണ്ടാവുക. മാത്രമല്ല, മുമ്പ് പ്രോ മോഡലുകൾക്ക് മാത്രമുള്ള സവിശേഷതായിരുന്നെങ്കില്‍ 17 സീരീസില്‍ എല്ലാ മോഡലുകളിലും 120Hz റിഫ്രഷ് റേറ്റ് ആപ്പിള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.