രൂപത്തിലും ഭാവത്തിലും വീണ്ടും മാറാന്‍ ഒരുങ്ങി ആപ്പിള്‍ ഐ ഫോണ്‍. ഏറെക്കാലമായി ആപ്പിള്‍ ആരാധകര്‍ കാത്തിരുന്ന ഫോള്‍ഡബിള്‍ ഐ ഫോണ്‍ വിപണിയിലിറക്കാന്‍ ആപ്പിള്‍ തയ്യാറെടുക്കുന്നുവെന്നാണ് 'ഡിജിറ്റല്‍ ചാറ്റ് സ്റ്റേഷന്‍' റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്‍റേണല്‍ ഡിസ്പ്ലെയില്‍ അണ്ടര്‍സ്ക്രീന്‍ കാമറ സംവിധാനത്തോടെയാകും ഫോള്‍ഡബിള്‍ ഫോണുകള്‍ ഇറക്കുകയെന്നും വെയ്ബോ വഴി പങ്കുവച്ച റിപ്പോര്‍ട്ടില്‍ ഡിജിറ്റല്‍ സ്റ്റേഷന്‍ അവകാശപ്പെടുന്നു. പ്രകടമായ കട്ട് ഔട്ടുകളില്ലാതെ മെച്ചപ്പെട്ട ദൃശ്യാനുഭവം ലഭിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.
അണ്ടര്‍ സ്ക്രീന്‍ കാമറ: ഫോള്‍ഡബിള്‍ ഐ ഫോണില്‍ ഡിസ്പ്ലേയ്ക്കടിയിലായി ഫ്രണ്ട് കാമറ സെറ്റ് ചെയ്യാനും പുറമേയ്ക്കുള്ള സ്ക്രീനിലേക്കായി സാധാരണ ഹോള്‍ പഞ്ച് കാമറയും ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്. ഈ സമീപനം ഫോള്‍ഡബിള്‍ സ്ക്രീനിന്‍റെ ചാരുത വര്‍ധിപ്പിക്കുമെന്നും ഒപ്പം സെല്‍ഫി– വിഡിയോ കോള്‍ പതിവുപോലെ ആകര്‍ഷകമാക്കി നിര്‍ത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
സാംസങ് ഉള്‍പ്പടെയുള്ളവര്‍ മുന്‍പ് അണ്ടര്‍ സ്ക്രീന്‍ കാമറ വിപണിയിലെത്തിച്ചിട്ടുണ്ട്. എന്നാല്‍ കുറച്ച് കൂടി ഗുണമേന്‍മയേറിയ ദൃശ്യാനുഭവമാണ് ആപ്പിള്‍ വാഗ്ദാനം ചെയ്യുന്നത്. അതേസമയം സദാ നിറവും വെളിച്ചവും പുറത്തുവിടുന്ന സജീവമായ ഡിസ്പ്ലേ പാനലിന് താഴെ വേണം കാമറ ആക്ടീവായി പ്രവര്‍ത്തിക്കണം എന്ന വലിയ വെല്ലുവിളി ഇതിനുണ്ടെന്ന് ടെക് വിദഗ്ധര്‍ പറയുന്നു.
മടങ്ങിവരുമോ ടച്ച് ഐഡി?
ഫോള്‍ഡബിള്‍ ഫോണ്‍ പുറത്തിറക്കുമ്പോള്‍ പഴയ ഐ ഫോണുകളിലുണ്ടായിരുന്ന ടച്ച് ഐഡിയും ആപ്പിള്‍ മടക്കിക്കൊണ്ടുവരുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഫെയ്സ് ഐഡിക്ക് പകരമാകും ഇതെന്നും ഫോണിന്‍റെ വശത്തായാകും ടച്ച് ഐഡിയുടെ ബട്ടന്‍ ഉണ്ടാവുകയെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. ഡിസ്പ്ലേയിലെ സമാനത നിലനിര്‍ത്തുന്നതിനും ഡിസൈന്‍ പുതുക്കത്തിനുമാണിതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഫെയ്സ് ഐഡി ഒഴിവാക്കി ടച്ച് ഐഡിയിലേക്കുള്ള മടങ്ങിപ്പോക്ക് നവീന സുരക്ഷാ സംവിധാനങ്ങള്‍ ഫോണില്‍ ഉള്‍പ്പെടുത്തുന്നതില്‍ നിന്നുമുള്ള തിരിഞ്ഞു നടത്തമാണെങ്കിലും കുറച്ച് കൂടി പ്രായോഗികമായ നടപടിയാകുമെന്ന് വിലയിരുത്തുന്നവരും ഉണ്ട്.