ഐഫോണ്‍ 16 സിരീസ് ഫോണുകള്‍ പുറത്തുവിട്ട് ആപ്പിള്‍. കാലിഫോര്‍ണിയയിലെ ആസ്ഥാനത്ത് നടന്ന ലോഞ്ചില്‍ ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെ നിരവധി സവിശേഷതകളോടെയാണ് പുതിയ ഫോണ്‍ അവതരിപ്പിച്ചത്. ഐഫോണ്‍ 16 പ്രോ സിരീസുകള്‍ കുറഞ്ഞ വിലയില്‍ ഇന്ത്യയില്‍ ലഭ്യമാകും.
കാത്തിരുന്ന ഗാഡ്ജറ്റ് പ്രേമികളിലേക്ക് ആപ്പിള്‍ എത്തിച്ചത് ഏറെ പുതുമകള്‍ നിറഞ്ഞ ഐഫോണ്‍. വലിയ ഡിസ്പ്ലേയും മികച്ച ക്യാമറയും. A18 ബയോണിക് ചിപ്പിലൂടെ ആപ്പിള്‍ ഇന്റലിജന്‍സ് വഴി പുതിയൊരു ടെക് ലോകം. അള്‍ട്രാ മറൈന്‍ അടക്കം അഞ്ച് കളറുകളില്‍ മെലിഞ്ഞ ബെസലുകളോടെ രാജകീയ വരവ്. 15 പ്രോ മാക്സില്‍ മാത്രമുണ്ടായിരുന്ന ടെലിഫോട്ടോ ഫീച്ചര്‍ 16 പ്രോ സിരീസുകളിലും ആപ്പിള്‍ ഇറക്കി. മാക്രോ ഷോട്ടുകള്‍ക്കായി 48 മെഗാ പിക്സല്‍ ക്യാമറയും ചിത്രങ്ങളും വിഡിയോയും പകര്‍ത്താന്‍ പ്രത്യേക കണ്ട്രോള് ബട്ടനും.
ആപ്പിളില്‍ തൊട്ടാല്‍ കൈപൊള്ളില്ല എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ വില കുറഞ്ഞു. ഐഫോണ്‍16 79,990 രൂപ മുതലും 16 പ്ലസ് 99,900 രൂപ മുതലും ലഭ്യമാണ്. 16 പ്രോ സിരീസുകള്‍ക്ക് 1,19,900 രൂപയാണ് അടിസ്ഥാനവില.ഈ മാസം 13 മുതല്‍ പ്രീ ഓര്‍ഡര്‍ ചെയ്യാനാകുമെങ്കിലും 20 മുതലാണ് ആപ്പിള്‍ സ്റ്റോറുകളില്‍ ഫോണ്‍ ലഭ്യമാകുക.ആപ്പിള്‍ പുറത്തിറക്കിയതില്‍ ഏറ്റവും മെലിഞ്ഞ ഐവാച്ച് സിരീസും പുറത്തിറക്കി. സി ടൈപ്പ് പോര്ട്ടുകളോടെയാണ് പുതിയ എയര്പോടുകള്.