ടെക് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഗൂഗിളിന്റെ വാർഷിക "മെയ്ഡ് ബൈ ഗൂഗിൾ 2026" ഇവന്റ് ഓഗസ്റ്റ് 12-ന് ന്യൂയോർക്കിൽ നടക്കും. പിക്‌സൽ 11 സ്മാർട്ട്ഫോൺ സീരീസ്, പിക്‌സൽ വാച്ച് 5, കൂടാതെ ജെമിനി എഐയുടെ പുതിയ സവിശേഷതകൾ ഉൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾ ചടങ്ങിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. ചടങ്ങ് ഇന്ത്യൻ സമയം ഓഗസ്റ്റ് 13 പുലർച്ചെ 3.30-നാണ് ആരംഭിക്കുക.

ഈ വർഷം പിക്‌സൽ 11, പിക്‌സൽ 11 പ്രോ, പിക്‌സൽ 11 പ്രോ എക്‌സ്‌എൽ, പിക്‌സൽ 11 പ്രോ ഫോൾഡ് എന്നീ നാല് മോഡലുകളാണ് ഗൂഗിൾ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതന്നാണ് റിപ്പോർട്ടുകൾ. കമ്പനിയുടെ പുതിയ ടെൻസർ ജി6 പ്രോസസറാണ് ഫോണുകൾക്ക് കരുത്തേകുന്നത്. 2 നാനോമീറ്റർ സാങ്കേതികവിദ്യയിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിപ്പ് എഐ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനവും കൂടുതൽ ബാറ്ററി കാര്യക്ഷമതയും നൽകുമെന്നാണ് വിലയിരുത്തൽ.

ക്യാമറ വിഭാഗത്തിലും ഗൂഗിൾ നിരവധി പുതുമകൾ അവതരിപ്പിക്കാനൊരുങ്ങുകയാണ്. എഐ സഹായത്തോടെ കൂടുതൽ മികച്ച സൂം, നൈറ്റ് ഫോട്ടോഗ്രഫി, വീഡിയോ റെക്കോർഡിങ് എന്നിവയിൽ മെച്ചപ്പെടുത്തലുകൾ പ്രതീക്ഷിക്കുന്നു. പ്രോ മോഡലുകളിൽ 120 മടങ്ങ് വരെ എഐ അധിഷ്ഠിത ഡിജിറ്റൽ സൂം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, അടിസ്ഥാന പിക്‌സൽ 11 മോഡലിൽ ടെലിഫോട്ടോ ക്യാമറ ഒഴിവാക്കാൻ സാധ്യതയുണ്ടെന്നും സൂചനയുണ്ട്.

ഉപയോക്താക്കളുടെ ശ്രദ്ധ ആകർഷിക്കുന്ന മറ്റൊരു സവിശേഷതയാണ് "ഹൈലൈറ്റ്" എന്ന പുതിയ നോട്ടിഫിക്കേഷൻ ലൈറ്റ്. ഫോൺ സ്‌ക്രീൻ താഴേയ്ക്ക് വെച്ചിരിക്കുമ്പോഴും പ്രധാന കോളുകളും സന്ദേശങ്ങളും ലൈറ്റിലൂടെ അറിയിക്കുന്ന സംവിധാനമാണിത്. പഴയ നോട്ടിഫിക്കേഷൻ എൽഇഡിയുടെ ആധുനിക രൂപമായാണ് ഈ ഫീച്ചറിനെ വിലയിരുത്തുന്നത്.

സ്മാർട്ട്ഫോണുകൾക്കൊപ്പം പിക്‌സൽ വാച്ച് 5-ഉം ചടങ്ങിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. കൂടുതൽ റാം, മെച്ചപ്പെട്ട എഐ പിന്തുണ, വെയർ ഒഎസിന്റെ പുതിയ പതിപ്പ് എന്നിവയാണ് പുതിയ സ്മാർട്ട് വാച്ചിന്റെ പ്രധാന സവിശേഷതകളാകുക എന്നാണ് റിപ്പോർട്ടുകൾ. കൂടാതെ ആൻഡ്രോയ്ഡ് എക്‌സ്‌ആർ, പിക്‌സൽ ടാഗ്, മറ്റ് ഗൂഗിൾ ഉപകരണങ്ങളെയും കുറിച്ചുള്ള പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്ന സൂചനകളുമുണ്ട്.

ഗൂഗിളിന്റെ എഐ പ്ലാറ്റ്‌ഫോമായ ജെമിനിക്കും ചടങ്ങിൽ വലിയ പ്രാധാന്യമുണ്ടാകും. ഫോട്ടോ എഡിറ്റിങ്, തത്സമയ വിവർത്തനം, കൂടുതൽ സ്വാഭാവികമായ വോയ്‌സ് അസിസ്റ്റന്റ് അനുഭവം, വ്യക്തിഗത എഐ സഹായം തുടങ്ങിയ സവിശേഷതകൾ കൂടുതൽ ശക്തമാക്കാനാണ് കമ്പനിയുടെ ലക്ഷ്യം.

അതേസമയം, പിക്‌സൽ 11 സീരീസിന്റെ വില മുൻ മോഡലുകളേക്കാൾ ഉയരാനിടയുണ്ടെന്നാണ് വിപണി റിപ്പോർട്ടുകൾ. അടിസ്ഥാന മോഡലിന് ഏകദേശം 899 ഡോളർ മുതൽ വില ആരംഭിക്കാമെന്നും, കൂടുതൽ സ്റ്റോറേജ് ഓപ്ഷനുകൾ ഇത്തവണ ലഭിക്കുമെന്നുമാണ് അറിയിപ്പുകള്‍.

ഈ വർഷത്തെ പരിപാടിയുടെ മറ്റൊരു പ്രത്യേകത, പ്രശസ്ത അവതാരകനും ഹാസ്യതാരവുമായ ട്രെവർ നോവ തന്നെയാണ് പരിപാടി ഹോസ്റ്റ് ചെയ്യാന്‍ എത്തുന്നത്.

ENGLISH SUMMARY:

Made by Google 2026 is anticipated to unveil the Pixel 11 smartphone series, Pixel Watch 5, and enhanced Gemini AI features. This event promises significant advancements in Google's AI and hardware offerings.