എഐ അരങ്ങുവാഴുന്ന യുഗത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. അപ്പോഴിതാ, ലോകവ്യാപക ഡെവലപ്പർ സമ്മേളനമായ WWDC 2026-ൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത സാങ്കേതികവിദ്യകളുമായി പൂര്‍ണമായി അപ്ഡേറ്റുകള്‍ നടത്തി സിരിയെ അവതരിപ്പിച്ചിരിക്കുകയാണ് ആപ്പിൾ.
ഉപയോക്താക്കളുടെ വ്യക്തിഗത ആവശ്യങ്ങള്‍ മനസ്സിലാക്കി കൂടുതൽ സ്വാഭാവികമായി പ്രതികരിക്കാൻ കഴിയുന്നതാണ് പുതിയ സിരി. ഏകദേശം 15 വർഷം പഴക്കമുള്ള സിരിക്ക് ലഭിക്കുന്ന ഏറ്റവും വലിയ മാറ്റമാണിതെന്നും കമ്പനി വ്യക്തമാക്കി. OpenAIയുടെ ChatGPT, Googleന്‍റെ Gemini തുടങ്ങിയ എഐ അസിസ്റ്റന്റുകളുമായുള്ള മത്സരത്തിൽ കടുത്ത എതിരാളി ആകാന്‍ തന്നെയാണ് ആപ്പിളിന്റെ ശ്രമം.
സോഫ്റ്റ്‌വെയർ സേഫാണ്
സിരിയുടെ നവീകരണത്തിനൊപ്പം iPhone, iPad, Mac, Apple Watch എന്നിവയ്ക്കായി നിരവധി പുതിയ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും ആപ്പിൾ പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടികളുടെ സ്മാർട്ട്ഫോൺ ഉപയോഗവും ഓൺലൈൻ പ്രവർത്തനങ്ങളും കൂടുതൽ ഫലപ്രദമായി നിരീക്ഷിക്കാൻ രക്ഷിതാക്കളെ സഹായിക്കുന്ന സുരക്ഷാ സംവിധാനങ്ങളും പുതിയ അപ്‌ഡേറ്റുകളില്‍ ഉണ്ട്.
സിരിക്ക് അപാരബുദ്ധിയാണ്
ഒരു നിർദ്ദേശത്തിലൂടെ ഒന്നിലധികം ജോലികൾ നിർവഹിക്കാൻ കഴിയുന്ന രീതിയിലാണ് പുതിയ സിരിയെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നവീകരിച്ച ഉപയോക്തൃ ഇന്റർഫേസും പ്രത്യേക ആപ്പും ഇതിനൊപ്പം ലഭിക്കും.
2024-ൽ അവതരിപ്പിച്ച Apple Intelligence പദ്ധതിയുടെ തുടർച്ചയായാണ് പുതിയ സിരി വരിക. മുൻപ് പ്രഖ്യാപിച്ച പല എഐ സവിശേഷതകളും വൈകിയെത്തിയതിനെ തുടർന്ന് ആപ്പിള്‍ ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. പുതിയ സിരി ആ കുറവുകൾ പരിഹരിക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.
രണ്ടാം തലമുറ എഐ മോഡലുകൾ
ആപ്പിൾ വികസിപ്പിച്ച രണ്ടാം തലമുറ "Apple Foundation Models" ആണ്. മനുഷ്യരുടെ സംസാരഭാഷ മനസ്സിലാക്കാനും എഴുത്തുകളും ചിത്രങ്ങളും വിശകലനം ചെയ്യാനും ഈ മോഡലുകൾക്ക് സാധിക്കും. ഈ മോഡലുകൾ കമ്പനിയുടെ പ്ലാറ്റ്‌ഫോമുകളുമായി ആഴത്തിൽ സംയോജിപ്പിച്ചിരിക്കുന്നതിനാൽ സിസ്റ്റം- നിരവധി കഴിവുകൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കുമെന്നാണ് ആപ്പിളിന്‍റെ സോഫ്റ്റ്‌വെയർ എൻജിനീയറിംഗ് വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് ക്രെയ്ഗ് ഫെഡറിഗി പറയുന്നത്.
ഗൂഗിളുമായി സഹകരണം
സിരിയുടെ എഐ ശേഷി വർധിപ്പിക്കുന്നതിനായി Google Gemini മോഡലുകളുമായി സഹകരിക്കുന്നതായും ആപ്പിൾ വ്യക്തമാക്കിയിട്ടുണ്ട്. ഈ നീക്കം കമ്പനിയുടെ എഐ തന്ത്രത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് അറിയാനാണ് നിക്ഷേപകരും വിപണിയും കാത്തിരിക്കുന്നത്.
ഇവിടെ എല്ലാം സീക്രട്ടാണ് ട്ടോ...
എഐ സാങ്കേതിക മേഖലയിലുള്ള മറ്റ് കമ്പനികളിൽ നിന്ന് വ്യത്യസ്തമായി, ഓൺ-ഡിവൈസ് പ്രോസസിംഗ്, സ്വകാര്യത, മോഡൽ-അജ്ഞേയ സമീപനം എന്നിവയ്ക്കാണ് ആപ്പിൾ മുൻഗണന നൽകുന്നത്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളും ആവശ്യങ്ങളും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നതിനാൽ Apple Intelligence കൂടുതൽ പ്രായോഗികമാക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.
ഡെവലപ്പർ പിന്തുണ നിർണായകം
സിരിയുടെ ഭാവി വിജയത്തിന് ഡെവലപ്പർമാരുടെ പിന്തുണ നിർണായകമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിനായി മൂന്നാം കക്ഷി ആപ്പുകൾ App Intents സംവിധാനവുമായി സംയോജിപ്പിക്കേണ്ടതുണ്ട്. ഇതിലൂടെ ആപ്പുകൾക്കുള്ളിൽ വിവിധ പ്രവർത്തനങ്ങൾ സിരിക്ക് നിർവഹിക്കാനും സാധിക്കും.
ആപ്പിളിന് മുന്നിലെ എഐ വെല്ലുവിളി
ലോകമെമ്പാടുമായി 2.5 ബില്യണിലധികം സജീവ ആപ്പിൾ ഉപകരണങ്ങൾ ഉപയോഗത്തിലുണ്ടെന്നത് കമ്പനിയുടെ ഏറ്റവും വലിയ ശക്തിയാണ്. മുന്‍പ് എഐ സേവനങ്ങൾ ഉപയോഗിച്ചിട്ടില്ലാത്ത സാധാരണ ഉപഭോക്താക്കളിലേയ്ക്കുപോലും ഈ സാങ്കേതികവിദ്യ എത്തിക്കാൻ ആപ്പിളിന് കഴിയുമെന്നാണ് വിലയിരുത്തൽ.
ഉപയോക്താക്കളുടെ ദൈനംദിന അനുഭവം യഥാർത്ഥത്തിൽ മെച്ചപ്പെടുത്താൻ ഈ സാങ്കേതികവിദ്യയ്ക്ക് കഴിയുമോ എന്നത് ഇനി തെളിയിക്കേണ്ടതുണ്ടെന്നാണ് CCS Insight-ലെ ചീഫ് അനലിസ്റ്റ് ബെൻ വുഡിന്‍റെ അഭിപ്രായം.
എഐ രംഗത്ത് അവതരിപ്പിച്ച പല സവിശേഷതകളും ഏതിരാളികൾ നേരത്തെ നൽകിയവയുമായി സാമ്യമുള്ളതാണെങ്കിലും, ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ, സേവനങ്ങൾ എന്നിവ തമ്മിലുള്ള മികച്ച സംയോജനമാണ് ആപ്പിളിന്‍റെ പ്രധാന ശക്തിയെന്നും അദ്ദേഹം പറഞ്ഞു.