ഒരു ബഹിരാകാശ ദൗത്യത്തില്‍ ഏതൊക്കെ ഉപകരണങ്ങൾ കൊണ്ടുപോകാം എന്നതു സംബന്ധിച്ച് കര്‍ശനമായ നിയന്ത്രണങ്ങളുണ്ട്. അങ്ങിനെയിരിക്കെ ഒരു മൊബൈല്‍ ബഹിരാകാശത്തെത്തുന്നു... അതും ചന്ദ്രന്‍റെ ആകര്‍ഷണ വലയത്തില്‍. അവിടെ നിന്ന് ചന്ദ്രന്‍റെ ചിത്രങ്ങള്‍ പകര്‍ത്തുന്നു. ആ മൊബൈലിനെന്താണ് പ്രത്യേകത? മൊബൈല്‍ കമ്പനിയും നാസയും ചേര്‍ന്നുള്ള വെറുമൊരു മാര്‍ക്കറ്റിങ് തന്ത്രമാണോ ആ ഫോട്ടോയെടുപ്പ്? 

ബഹിരാകാശ പേടകത്തില്‍ നിന്നും യാത്രികര്‍ക്ക് ചിത്രങ്ങള്‍ എടുക്കാന്‍ വളരെക്കാലമായി നിക്കോൺ D5 ക്യാമറകളെയും ഗോപ്രോ ഹീറോ 11 ക്യാമറകളെയുമാണ് നാസ ആശ്രയിച്ചിരുന്നത്. മുമ്പ് സ്വകാര്യ ദൗത്യങ്ങളിൽ സ്മാർട്ട്‌ഫോണുകൾ ബഹിരാകാശത്തേക്ക് പോയിട്ടുണ്ടെങ്കിലും ബഹിരാകാശയാത്രികർക്ക് നാസ സ്മാർട്ട്‌ഫോണുകൾ അനുവദിക്കുന്നത് ഇതാദ്യമാണ്. ആര്‍ട്ടെമിസ് ടുവിലാകട്ടെ അമ്പിളിയുടെ അടുത്തെത്തിയതും ചിത്രം പകര്‍ത്തിയതും ആപ്പിളിന്‍റെ ഐഫോണാണ്.

ആർട്ടെമിസ് II വിന്‍റെ യാത്രയിലുടനീളം ബഹിരാകാശയാത്രികർ ഭൂമിയുടെ അതിമനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തുകയും നാസ അവ പങ്കിടുകയും ചെയ്യുന്നുണ്ട്. ഇതിനിടെയാണ് ചന്ദ്രനിലേക്കുള്ള യാത്രാമധ്യേ ഓറിയോൺ പേടകത്തിന്റെ ഒരു ജാലകത്തിൽ നിന്നുള്ള ഭൂമിയുടെ ഫോട്ടോ നാസ ഇൻസ്റ്റാഗ്രാം ഹാൻഡിൽ പങ്കിട്ടത്. ഈ മനോഹരമായ ഫോട്ടോ ഏത് ക്യാമറയിലാണ് പകര്‍ത്തിയത് എന്നായിരുന്നു ഒരാളുടെ ചോദ്യം, പിന്നാലെ നാസയുടെ ഉത്തരവുമെത്തി... ‘ഐഫോൺ 17 പ്രോ മാക്സ്’

ചിത്രങ്ങൾ ഐഫോണിലാണ് പകര്‍ത്തിയത് എന്നുള്ളതല്ല മറിച്ച് നാസ ബഹിരാകാശ ദൗത്യത്തിൽ ഐഫോണുകൾ അനുവദിച്ചു എന്നതാണ് ഇവിടെ പലരേയും അദ്ഭുതപ്പെടുത്തിയത്. പറന്നുയർന്ന് ഏകദേശം നാല് മണിക്കൂർ കഴിഞ്ഞപ്പോൾ ആർട്ടെമിസ് II ബഹിരാകാശ പേടകത്തിന്റെ കോക്ക്പിറ്റിന് മുകളിലുള്ള ക്യാമറയ്ക്ക് സമീപം ഒരു ഐഫോൺ കിടക്കുന്നത് കാഴ്ചക്കാർ ഇതിനകം തന്നെ ശ്രദ്ധിച്ചിരുന്നു. എന്തായാലും ഐഫോണിന്റെ മാർക്കറ്റിങ് തന്ത്രത്തിന്‍റെ മറ്റൊരു തലമാണിതെന്നാണ് പലരുടേയും വാദം. എന്നാല്‍ ദൗത്യത്തില്‍ നാസയുമായുള്ള മാര്‍ക്കറ്റിങ് പങ്കാളിത്തം ആപ്പിൾ നിഷേധിച്ചിട്ടുണ്ട്. അങ്ങിനെയെങ്കില്‍ ആപ്പിളിന് ഇത് ഒരു വലിയ നേട്ടമാണ്... ഒരു ആഗോള സൗജന്യ മാര്‍ക്കറ്റിങും!

കര്‍ശനമായ ഹാർഡ്‌വെയർ പരിശോധനകൾ, അപകടങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കല്‍, ഉപകരണത്തിൽ എന്തെങ്കിലും തകരാറ് സംഭവിക്കുക എന്നിങ്ങനെ നീണ്ട പരീക്ഷണ പ്രക്രിയയ്ക്ക ശേഷമാണ് ഒരു വസ്തു ബഹിരാകാശ പേടകത്തില്‍ ഇടം പിടിക്കുന്നത്. ഇത്രയും ദൈർഘ്യമേറിയ അംഗീകാര പ്രക്രിയയും പുതിയ ഉപകരണങ്ങൾ അനുവദിക്കുന്നതിന്റെ അപകടസാധ്യതകളും ഇന്റർനെറ്റ് കണക്റ്റിവിറ്റിയില്ലാത്ത ബഹിരാകാശവും കണക്കിലെടുക്കുമ്പോൾ നാസ ഐഫോണുകൾ അംഗീകരിച്ചത് എന്തുകൊണ്ടാണെന്ന് പലരും ചിന്തിച്ചിക്കുന്നത്.

ബഹിരാകാശയാത്രികർക്ക് അവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടാനോ ബഹിരാകാശത്ത് ഗെയിമുകൾ കളിക്കാനോ അല്ല ഐഫോണുകൾ. പകരം, ദൗത്യത്തിനിടയിലെ അനുഭവം രേഖപ്പെടുത്താനും പ്രധാനപ്പെട്ട നിമിഷങ്ങൾ പകർത്താനുമാണ്. ഓറിയോൺ കാപ്സ്യൂളിൽ, ബഹിരാകാശയാത്രികർ അവരുടെ ഫോണുകൾ ഉപയോഗിച്ച് ബഹിരാകാശ പേടകത്തിന്റെ ജനാലകളിലൂടെ ഫോട്ടോകളും വിഡിയോകളും എടുത്തിട്ടുണ്ട്. അതേസമയം അവര്‍ക്ക് ഫോണ്‍ ഇന്റർനെറ്റുമായി കണക്റ്റുചെയ്യാനോ ബ്ലൂടൂത്ത് ഉപയോഗിക്കാനോ അനുവാദമില്ല. 

ഐഫോൺ 17 പ്രോ മാക്സ്

ഐഫോണ്‍ സീരിസില്‍ ക്യാമറ പേരുകേട്ട മോഡലാണ് ഐഫോൺ 17 പ്രോ മാക്സ്. മെയിൻ, അൾട്രാ വൈഡ്, ടെലിഫോട്ടോ എന്നീ പിന്‍ ക്യാമറകളും 48MP സെൻസറുകളുമാണ് ക്യാമറ സിസ്റ്റത്തിനുള്ളത്. 24MP ഫോട്ടോ റെസല്യൂഷനുമുണ്ട്. ഉയർന്ന റെസല്യൂഷനുള്ള 24MP ചിത്രങ്ങൾ, 4x, 8x ഒപ്റ്റിക്കൽ-ക്വാളിറ്റി സൂം, മെച്ചപ്പെടുത്തിയ 48MP മാക്രോ ഫോട്ടോഗ്രാഫി എന്നിവയും പ്രത്യേകതയാണ്. സെൽഫികൾക്കായി 18MP മുൻ ക്യാമറയുമുണ്ട്. 200mm ടെലിഫോട്ടോ ലെൻസും (8x) 48MP 100mm ലെൻസും (4x) മികച്ച സൂം അനുഭവവും നല്‍കും.

ENGLISH SUMMARY:

In a historic first, NASA has allowed astronauts to use an iPhone 17 Pro Max to capture stunning images of Earth and the Moon during the Artemis II mission. While NASA traditionally relies on Nikon and GoPro, the high-resolution 48MP triple-camera system of the latest iPhone passed rigorous hardware testing to join the Orion spacecraft. Apple has denied any official marketing partnership, making this a major organic win for the tech giant. The device is used solely for documentation and capturing mission experiences, with all wireless connectivity like internet and Bluetooth strictly disabled.