പാട്ട് കേട്ട് പലതരം ജോലികള്‍ ചെയ്യുന്നവരാണ് നമ്മളില്‍ പലരും. ഒരു പാട്ടെങ്കിലും കേള്‍ക്കാതെ ഉറക്കം വരാത്തവര്‍ നിരവധിയുണ്ട്. പാട്ട് കേള്‍ക്കുന്നതിനിടയില്‍ ഉറങ്ങിപ്പോയാല്‍ ആര് പാട്ട് നിര്‍ത്തും? സ്ലീപ്പ് ടൈമറുകളെയാണ് ഇപ്പോള്‍ പലര്‍ക്കും ആശ്രയം. ഉപയോക്താവ് ഉറങ്ങിയെന്ന് തിരിച്ചറിഞ്ഞ് പാട്ട് നിര്‍ത്തുന്ന എയർപോഡ് ഉണ്ടെങ്കിലോ. കേള്‍ക്കുമ്പോള്‍ കുറച്ച് അതിശയോക്തി തോന്നിയല്ലേ. എന്നാല്‍ പറഞ്ഞതില്‍ കാര്യമുണ്ട്. സംഭവം ആപ്പിള്‍ ആലോചിച്ച് തുടങ്ങി. ഓട്ടോമാറ്റിക് സ്ലീപ്പ് ഡിറ്റക്ഷൻ ഫീച്ചർ എയർപോഡ്സിൽ വികസിപ്പിക്കുകയാണ് ആപ്പിൾ എന്നാണ് റിപ്പോർട്ടുകൾ. എയർപോഡ്സിന്‍റെ സ്റ്റെമ്മിൽ ടാപ്പ് ചെയ്ത് തങ്ങളുടെ ഐഫോണിലോ ഐപാഡിലോ ഫോട്ടോ എടുക്കാൻ സാധിക്കുന്ന സംവിധാനവും ആപ്പിൾ പരീക്ഷിക്കുന്നുണ്ടെന്ന് പ്രമുഖ ടെക് വെബ്സൈറ്റായ 9to5Mac റിപ്പോർട്ട് ചെയ്തു. ഇന്ന് മുതല്‍ ജൂൺ 13 വരെ നടക്കുന്ന ആപ്പിളിന്റെ വേൾഡ് വൈഡ് ഡെവലപ്പേഴ്സ് കോൺഫറൻസിൽ ഇത്തവണ എയർപോഡ്സും താരമാകുമെന്നാണ് ടെക് ലോകത്തിന്‍റെ പ്രതീക്ഷ.
എല്ലാവർഷവും നടത്തുന്ന വേൾഡ് വൈഡ് ഡെവലപ്പേഴ്സ് കോൺഫറൻസ് സാധാരണയായി iOS, macOS പോലുള്ള സോഫ്റ്റ്‍വെയര്‍ പ്ലാറ്റ്ഫോമുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കാറുള്ളത്. എന്നാൽ ഇത്തവണ സ്ലീപ്പ് ഡിറ്റക്ഷൻ, ഹാൻഡ്സ്-ഫ്രീ ക്യാമറ നിയന്ത്രണങ്ങൾ പോലുള്ള പുതിയ ഫീച്ചറുകളോടെ എയർപോഡ്സിന് കാര്യമായ മികവ് നൽകാനാണ് ആപ്പിൾ പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓട്ടോമാറ്റിക് സ്ലീപ്പ് ഡിറ്റക്ഷൻ ഫീച്ചർ സ്വതന്ത്രമായി പ്രവർത്തിക്കുമോ അതോ ഉറക്കം ട്രാക്ക് ചെയ്യുന്ന ആപ്പിൾ വാച്ചുമായി ബന്ധിപ്പിക്കേണ്ടിവരുമോ എന്നത് വ്യക്തമല്ല. എങ്കിലും ഉറങ്ങുന്നതിനുമുമ്പ് പാട്ട് കേൾക്കുന്നവർക്ക് സഹായകമാകും പുതിയ ഫീച്ചർ എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.