FILE PHOTO: REUTERS/Kacper Pempel/Illustration

  • ഡാർക്ക് വെബ് എന്നാൽ കുറ്റകൃത്യങ്ങളുടെ കേന്ദ്രം മാത്രമാണോ? സർഫസ് വെബ്, ഡീപ് വെബ്, ഡാർക്ക് വെബ് എന്നിവ തമ്മിലുള്ള വ്യത്യാസങ്ങളും, ജേണലിസം, സ്വകാര്യതാ സംരക്ഷണം എന്നിവയിൽ ഡാർക്ക് വെബിനുള്ള പങ്കും അറിയാം.

സൈബര്‍ തട്ടിപ്പുകളെ കുറിച്ച് ഭയപ്പെടുത്തുന്ന വാര്‍ത്തകള്‍ വരുന്ന ഈ കാലത്ത് പേരു പോലെ തന്നെ നിഗൂഢമായി അവശേഷിക്കുന്ന ഒന്നാണ്  'ഡാര്‍‌ക്ക് വെബ്'. കഴിഞ്ഞ ദിവസം 2,500ലേറെ അഗ്നിവീറുകളുടെ വിവരങ്ങൾ 500 ഡോളറിന് ഡാർക്ക് വെബിൽ വിൽക്കാൻ പരസ്യം നൽകിയ പതിനാലുകാരന്‍ പിടിയിലായത് വന്‍ വാര്‍ത്തയായിരുന്നു. ഒരു കൗമാരക്കാരനുപോലും യഥേഷ്ടം ഇടപഴകാന്‍ കഴിയുന്ന ഈ 'സ്പേസ് ' എവിടെയാണ്?

FILE PHOTO: REUTERS/Dado Ruvic/Illustration

സാധാരണക്കാരന് മനസിലാക്കാന്‍ കഴിയുന്നതിനപ്പുറം നിഗൂഢമായ കുറ്റകൃത്യങ്ങള്‍ നടക്കുന്ന ഇടമാണ് ഡാര്‍ക്ക് വെബ് എന്നതാണ് പൊതു ചിന്ത. ഗൂഗിൾ ക്രോം, എഡ്ജ്, സഫാരി തുടങ്ങിയ സാധാരണ ബ്രൗസറുകള്‍  വഴി പ്രവേശിക്കാന്‍ കഴിയാത്ത ഇന്‍റർനെറ്റിന്റെ മറഞ്ഞിരിക്കുന്ന ഭാഗം. 

ശരിക്കും ഡാര്‍ക്ക് വെബില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മാത്രമാണോ നടക്കുന്നത്? അതറിയാന്‍ ഇന്‍റര്‍നെറ്റിന്‍റെ, വെബിന്‍റെ വേര്‍തിരിവുകള്‍ അറിയണം. നാമറിയുന്ന ഇന്‍റര്‍നെറ്റിന് ശരിക്കും മൂന്ന് തലമുണ്ട്.

1. സർഫസ് വെബ്: നമുക്ക് കാണാൻ കഴിയുന്ന, നാം നിരന്തരം ഇടപഴകുന്ന വെബ് ആണിത്. സാധാരണ ബ്രൗസറുകളും സെർച്ച് എൻജിനുകളും ഉപയോഗിച്ച് കണ്ടെത്താവുന്ന എല്ലാ കാര്യങ്ങളും (ഉദാഹരണത്തിന് വാർത്താ സൈറ്റുകൾ, ബ്ലോഗുകൾ, ഇ-കൊമേഴ്സ് സ്റ്റോറുകൾ) ഇതിൽ വരും.

2. ഡീപ് വെബ്: സെർച്ച് എൻജിനുകളിൽ ഉൾപ്പെടാത്തതും എന്നാൽ ലിങ്ക് വഴിയോ പാസ്‌വേഡ് ഉപയോഗിച്ചോ പ്രവേശിക്കാവുന്നതുമായ ഭാഗം. നിങ്ങളുടെ സ്വകാര്യ ഇമെയിൽ ഇൻബോക്സ്, ഓൺലൈൻ ബാങ്കിംഗ് പോർട്ടലുകൾ, മെഡിക്കൽ റെക്കോർഡുകൾ, കോർപ്പറേറ്റ് വിവരശേഖരങ്ങൾ എന്നിവ ഇതിൽ വരുന്നു. ഇന്റർനെറ്റിന്റെ ഭൂരിഭാഗവും യഥാർഥത്തിൽ ഡീപ് വെബ് ആണ്.

3. ഡാർക്ക് വെബ്: ഡീപ്പ് വെബിന്‍റെ ബോധപൂർവം മറച്ചുപിടിച്ച ചെറിയൊരു ഭാഗമാണിത്. ഇവിടെ പ്രവേശിക്കാൻ ടോർ ബ്രൗസർ (Tor Browser) പോലുള്ള പ്രത്യേക സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനുകള്‍ ആവശ്യമാണ്. ഉപയോക്താവിന്റെ ഐപി അഡ്രസ്സും ലൊക്കേഷനും മറച്ചുവെക്കാൻ 'അണിയൻ റൂട്ടിംഗ്' (Onion routing) ഉപയോഗിക്കുന്നു. ഇതുവഴി സന്ദർശകന്‍റെയും വെബ്സൈറ്റ് ഹോസ്റ്റിന്‍റെയും സ്വകാര്യത സംരക്ഷിക്കപ്പെടും.

(Photo by WANG Zhao / AFP) / China-AI-technology-robots, by Ludovic EHRET

ക്രൈം ഒരു സര്‍വീസ് ആകുമ്പോള്‍

ആശയവിനിമയവും ഇടപാടുകളും അതീവരഹസ്യമായിരിക്കും എന്നത് തന്നെയാണ് ഡാര്‍ക്ക് വെബിനെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇടമാക്കി മാറ്റിയത്. തിരിച്ചറിയപ്പെടാതെ ഇടപെടാം എന്നതിനാൽ നിരോധിതമോ ദോഷകരമോ ആയ ഉള്ളടക്കങ്ങൾ ഹോസ്റ്റ് ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും ഇത് ഉപയോഗിക്കുന്നത്. അതായത് നിയമവിരുദ്ധമായ വസ്തുക്കള്‍, മോഷ്ടിച്ച ഡേറ്റ, സൈബര്‍ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ വിപണി ആയി ഡാര്‍ക്ക് വെബ് പ്രവര്‍ത്തിക്കുന്നു. ലഹരിമരുന്ന്, അനധികൃത ആയുധങ്ങള്‍, മോഷ്ടിച്ച ക്രെഡിറ്റ് കാർഡ് വിവരങ്ങൾ,സ്വകാര്യ വിവരങ്ങള്‍ തുടങ്ങി എന്തും വാങ്ങാനും വില്‍ക്കാനും കഴിയുന്ന 'ഡാർക്ക് നെറ്റ് മാർക്കറ്റുകൾ' ആണ് ഇതിലെ ഏറ്റവും മോശപ്പെട്ട ഭാഗം. സൈബർ ക്രൈം ഇവിടെ സേവമായി മാറുന്നു. ഹാക്കർമാർ മാൽവെയറുകളും റാൻസംവെയറുകളും ഹാക്കിങ് ടൂളുകളും വിൽക്കുന്ന 'ക്രൈം-ആസ്-എ-സർവീസ്' പോലും ഡാര്‍ക്ക് വെബില്‍ കിട്ടും.

FILE PHOTO: REUTERS

വിസിൽബ്ലോയിംഗും ജേണലിസവും

എന്നാല്‍ ഡാര്‍ക്ക് വെബില്‍ പൂര്‍ണമായും 'ഡാര്‍ക്ക് 'ആണ് കാര്യങ്ങള്‍ എന്ന് പറയാനാവില്ല. ജേണലിസ്റ്റുകളും അവരുടെ വാര്‍ത്താ ഉറവിടങ്ങളും സുരക്ഷിതമായി ആശയവിനിമയം നടത്താൻ ഡാർക്ക് വെബ് ഉപയോഗിക്കുന്നു. ന്യൂയോർക്ക് ടൈംസ്, ദ് ഗാർഡിയൻ തുടങ്ങിയ മാധ്യമങ്ങൾക്ക് ഡാർക്ക് വെബിൽ 'സെക്യുർ ഡ്രോപ്' (SecureDrop) അഡ്രസ്സുകളുണ്ട്. പ്രതികാര ഭയമില്ലാതെ അജ്ഞാതമായി വിവരങ്ങൾ ചോർത്താൻ വിസിൽ ബ്ലോവര്‍മാര്‍ക്ക് ഇത് സൗകര്യമൊരുക്കുന്നു. ഫെയ്‌സ്‌ബുക്, എക്സ് (X) തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്കും സ്വതന്ത്ര വാർത്താ മാധ്യമങ്ങളിലേക്കുമുള്ള പ്രവേശനം പല ഗവൺമെന്റുകളും തടയാറുണ്ട്. ഇത്തരം സേവനങ്ങളുടെ ‘മിറർ സൈറ്റുകൾ’ ഡാർക്ക് വെബിലുണ്ട്. ഇത് സോഷ്യല്‍ മീഡിയ വിലക്കുള്ള പ്രദേശങ്ങളിലെ ഉപയോക്താക്കൾക്ക് വിവരങ്ങൾ ലഭ്യമാക്കാനും പരസ്പരം ബന്ധം നിലനിർത്താനും സഹായിക്കുന്നു.

Photo by JUSTIN TALLIS / AFP

സ്വകാര്യതാ സംരക്ഷണം നല്‍കുന്നു

ഭരണകൂടങ്ങളുടെ കടുത്ത നിയന്ത്രണങ്ങളും സെൻസർഷിപ്പുമുള്ള രാജ്യങ്ങളിൽ, സര്‍ക്കാര്‍ നിരീക്ഷണത്തെ ഭയപ്പെടാതെ ആശയവിനിമയം നടത്താൻ ഡാർക്ക് വെബ് പൗരന്മാരെ സഹായിക്കുന്നു. പുറംലോകവുമായി ആശയവിനിമയം നടത്താനും ബ്ലോക്ക് ചെയ്ത വാർത്താ സൈറ്റുകളും സോഷ്യൽ മീഡിയയും ഉപയോഗിക്കാനുമൊക്കെ ഡാർക്ക് വെബില്‍ സാധിക്കും. ഐപി അഡ്രസ്സും ലൊക്കേഷനും മറച്ചുവെക്കുന്നതിലൂടെ പീഡനങ്ങളിൽ നിന്നോ തടവ് ശിക്ഷയിൽ നിന്നോ രക്ഷപ്പെടാനുള്ള മാര്‍ഗമായും ഇത് മാറുന്നു.

ഗവേഷണവും രഹസ്യാന്വേഷണവും

കുറ്റകൃത്യങ്ങളിലെ പുതിയ പ്രവണതകൾ നിരീക്ഷിക്കുന്നതിനും മനുഷ്യക്കടത്ത് സംഘങ്ങളെ പിന്തുടരുന്നതിനും മാൽവെയറുകൾ എങ്ങനെ വിതരണം ചെയ്യപ്പെടുന്നു എന്ന് മനസ്സിലാക്കുന്നതിനും നിയമപാലകരും സൈബർ സുരക്ഷാ ഗവേഷകരും ഡാർക്ക് വെബ് ഉപയോഗിക്കുന്നു. ഇത്തരം ഇടങ്ങളിൽ ഇടപെടുന്നതിലൂടെ യഥാർഥ ലോകത്തെ കുറ്റകൃത്യങ്ങൾ തടയാനുള്ള രഹസ്യവിവരങ്ങൾ ശേഖരിക്കാൻ അവർക്ക് സാധിക്കുന്നു.

Immersion cooling system for artificial intelligence data centres (Photo REUTERS/Benoit Tessier)

ഇരുതലമൂര്‍ച്ചയുള്ള വാള്‍

1960 കളിലെ ARPANET ല്‍ തുടങ്ങി ഇന്റര്‍നെറ്റ് വികസനത്തിലെ നിര്‍ണായക കണ്ടുപിടുത്തങ്ങളിലാണ് ഡാര്‍ക്ക് വെബിന്‍റെ വേരുകള്‍. യുഎസ് പ്രതിരോധ വകുപ്പ് സൃഷ്ടിച്ച ARPANET വികേന്ദ്രീകൃത ആശയവിനിമയം സാധ്യമാക്കുന്നതിനും നെറ്റ് വര്‍ക്ക് തടസ്സങ്ങള്‍ ഉണ്ടായാലും വിശ്വസീനമായ ഡേറ്റ കൈമാറ്റം ഉറപ്പാക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്ത വിപ്ലവകരമായ പദ്ധതിയായിരുന്നു. 1990കളുടെ മധ്യത്തില്‍ ടോര്‍ (ദ് ഒനിയന്‍ റൂട്ടര്‍) പോലുള്ളവയുടെ ആവിര്‍ഭാവം ഡാര്‍ക്ക് വെബിന്റെ പരിണാമത്തില്‍ സുപ്രാധാന നാഴികക്കല്ലാണ്.

REUTERS/Dado Ruvic/Illustration/File Photo/File Photo

ഡേറ്റാ പ്രൊട്ടക്ഷനുവേണ്ടി യുഎസ് നേവൽ റിസർച്ച് ലബോറട്ടറി വികസിപ്പിച്ചെടുത്ത ടോര്‍, സര്‍ക്കാര്‍ ആശയവിനിമയങ്ങള്‍ സംരക്ഷിക്കുന്നതിനും സുരക്ഷിതമായ ഓണ്‍ലൈന്‍ പ്രവര്‍ത്തനം സാധ്യമാക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്തതാണ്. 2,000 ത്തോടെ ടോര്‍ പ്രൊജക്ട് പൊതു ഉപയോഗത്തിനായി പുറത്തിറക്കി. കാലക്രമേണയാണ് ഇതിലെ പ്രൈവസി ഫാക്ടര്‍ ലോകം കീഴടക്കാന്‍ പാകത്തിനുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് വഴിമാറിയത്. ഇന്ന് ലോക ഗതിയെ നിര്‍ണയിക്കുന്ന ഇരുതലവാളാണ് ഡാര്‍ക്ക് വെബ്. അവിടെ നടക്കുന്നതെല്ലാം ലോകത്ത് വലിയ സ്വാധീനം സൃഷ്ടിക്കാന്‍ പോന്നതാണ്. എഐ ശക്തിയാര്‍ജിച്ച കാലത്ത് ഡാര്‍ക് വെബ് എങ്ങനെ മാറും എന്നതും ലോകമെങ്ങുമുള്ള ഭരണകൂടങ്ങളുടെയും സുരക്ഷാ ഏജന്‍സികളുടെയും ഉറക്കംകെടുത്തുന്ന കാര്യമാണ്.

Is everything on the dark web illegal? Understanding the reality, risks, and uses:

While the dark web is notorious for cybercrime, stolen data, and illegal markets, it is not solely a hub for criminal activity. Accessible only through specialized software like the Tor browser, this hidden layer of the internet uses onion routing to mask user identities and locations. Beyond illicit trade, the dark web serves vital legitimate purposes, such as enabling whistleblowers to safely leak information to journalists, helping citizens bypass government censorship, and aiding law enforcement in intelligence gathering. Originally developed from U.S. defense and naval research projects to protect sensitive communications, the dark web remains a double-edged sword in the modern digital era.