പാസ്‌വേഡ് മറന്നോ?. പേടിക്കേണ്ട. പഴയ മൊബൈൽ ഫോൺ കൈവശമില്ലെങ്കിലും ഗൂഗിൾ അക്കൗണ്ട് തിരിച്ചുപിടിക്കുന്നത് ഇനി കൂടുതൽ എളുപ്പമാകും. അക്കൗണ്ടിൽ പ്രവേശിക്കാനും അക്കൗണ്ട് റിക്കവറിക്കുമായി "Selfie Video" എന്ന പുതിയ സുരക്ഷാ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍. 

ഉപയോഗിക്കേണ്ട രീതി; ഗൂഗിള്‍ അക്കൗണ്ടിലെ Security & Sign inല്‍ കയറുക. റഫറന്‍സ് സെൽഫി വിഡിയോ റെക്കോർഡ് ചെയ്ത് അക്കൗണ്ടിൽ സേവ് ചെയ്യണം.  ഗൂഗിള്‍ നല്‍കുന്ന നിര്‍ദേശം അനുസരിച്ചാകണം റെക്കോര്‍ഡ് ചെയ്യേണ്ടത്.  വിഡിയോ റെക്കോർഡ് ചെയ്യുമ്പോൾ തല വ്യത്യസ്ത ദിശകളിലേക്ക് തിരിക്കണം. ഇതിലൂടെ ക്യാമറയ്ക്ക് മുന്നിലുള്ളത് യഥാർഥ വ്യക്തിയാണെന്നും ഒരു ഫോട്ടോയോ മുൻകൂട്ടി റെക്കോർഡ് ചെയ്ത വിഡിയോയോ അല്ലെന്നും പരിശോധിക്കാനാകും.

 

ഭാവിയില്‍  അക്കൗണ്ടിൽ പ്രവേശിക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടായാൽ പുതിയൊരു സെൽഫി വിഡിയോ റെക്കോർഡ് ചെയ്യാം. ഈ വിഡിയോ നേരത്തേ സേവ് ചെയ്ത വിഡിയോയുമായി ഗൂഗിളിന്റെ AI താരതമ്യം ചെയ്ത് ഉപയോക്താവിന്‍റെ തിരിച്ചറിയൽ സ്ഥിരീകരിക്കും. മുഖത്തിന്‍റെ ഘടന, വ്യത്യസ്ത ആംഗിളുകള്‍, ലൈവ് മൂവ്മെന്‍റുകള്‍ എന്നിവ പരിശോധിച്ച ശേഷമാണ് അക്കൗണ്ടിലേക്ക് പ്രവേശനം അനുവദിക്കുക.

ഡീപ്‌ഫേക്ക് വിഡിയോയോ ഉപയോഗിച്ച്  മറ്റൊരാളുടെ മുഖം അനുകരിക്കാനുള്ള സാധ്യത വര്‍ധിച്ച സാഹചര്യത്തില്‍ , വെറും മുഖസാദൃശ്യം മാത്രമല്ല പരിശോധിക്കുകയെന്ന് ഗൂഗിള്‍ വ്യക്തമാക്കുന്നു . വിഡിയോ യഥാര്‍ഥത്തില്‍ ലൈവ് ആയി റെക്കോര്‍ഡ് ചെയ്തതാണോ എന്ന് ഉറപ്പിക്കാന്‍ നിരവധി സുരക്ഷാ പരിശോധനകളും ലിവ്നസ് ഡിറ്റക്ഷന്‍ സംവിധാനങ്ങളും ഉപയോഗിക്കുന്നുണ്ട്.

സ്വകാര്യത സംബന്ധിച്ച ആശങ്കകള്‍ക്കും ഗൂഗിള്‍ വിശദീകരണം നല്‍കുന്നുണ്ട്. ഉപയോക്താവിന്‍റെ അനുമതിയോടെയാണ് റഫറൻസ് സെൽഫി വിഡിയോ സൂക്ഷിക്കുക. ആവശ്യമുള്ളപ്പോൾ ഗൂഗിൾ അക്കൗണ്ട് സെറ്റിങ്ങുകളിൽ നിന്ന് വിഡിയോ നീക്കം ചെയ്യാനും സാധിക്കും. അക്കൗണ്ട് ലോഗിൻ, റിക്കവറി ആവശ്യങ്ങൾക്കായിരിക്കും വിഡിയോ പ്രധാനമായും ഉപയോഗിക്കുക. മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കണമെങ്കില്‍ ഉപയോക്താവിന്‍റെ പ്രത്യേക അനുമതി വേണം

ഈ സൗകര്യം എല്ലാവര്‍ക്കും ഉടന്‍ ലഭിക്കില്ല. യോഗ്യരായ ഗൂഗിൾ അക്കൗണ്ട് ഉപയോക്താക്കൾക്കായി ഈ സൗകര്യം ഘട്ടംഘട്ടമായി ലഭ്യമാക്കും. എന്നാൽ ഫീച്ചർ ലഭിച്ചാലും പാസ്‌വേഡ്, പാസ്‌കീ, ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ തുടരുന്നത് അക്കൗണ്ടിന് കൂടുതൽ സംരക്ഷണം നൽകും. പാസ്‌വേഡുകൾക്ക് പകരം മുഖം, വിരലടയാളം തുടങ്ങിയ ബയോമെട്രിക് സംവിധാനങ്ങൾ ഉപയോഗിക്കുന്ന ഡിജിറ്റൽ ലോകത്തിലേക്കുള്ള ഗൂഗിളിന്റെ മറ്റൊരു പ്രധാന ചുവടുവയ്പ്പാണ് Selfie Video Sign-in.

ENGLISH SUMMARY:

Google's new 'Selfie Video' feature simplifies Google account recovery, even without an old phone. This AI-powered system enhances security by verifying your identity through a short video recording.