Image: FB/Meta
ഫോണ്‍ നമ്പര്‍ എന്നത് വ്യക്തിപരമായ ഒന്നാണ്. ബാങ്ക് അക്കൗണ്ടു മുതല്‍ തിരിച്ചറിയല്‍ രേഖകള്‍ വരെ പലതും ഇതുമായി ലിങ്ക് ചെയ്യപ്പെടുന്നുണ്ട്. ഇനിയിപ്പോള്‍ അങ്ങിനെ അല്ലെങ്കില്‍ക്കൂടിയും ഫോണ്‍ നമ്പര്‍ ഒരു പുതിയ വ്യക്തിയുമായി പങ്കിടാന്‍ പലര്‍ക്കും മടിയുമുണ്ടാകും. ഇന്ന് വലിയൊരു ഭാഗം ആശയവിനിമയവും വാട്ട്സാപ്പിലൂടെയായിരിക്കേ, വാട്ട്സാപ്പ് ചാറ്റുകള്‍ക്ക് ഫോണ്‍ നമ്പര്‍ വേണമെന്നത് ചിലരിലെങ്കിലും ആശങ്കയും ഉണ്ടാക്കാറുണ്ട്. എന്നാല്‍ ആ ആശങ്കയ്ക്കും പരിഹാരമാകുകയാണ്.
ഫോൺ നമ്പർ വെളിപ്പെടുത്താതെ തന്നെ ആളുകളുമായി ചാറ്റ് ചെയ്യാൻ സൗകര്യമൊരുക്കുന്ന 'യൂസർനെയിം' ഫീച്ചർ അവതരിപ്പിക്കാൻ വാട്‌സാപ്പും ഒരുങ്ങുകയാണ്. ഈ വാര്‍ത്ത മുന്‍പു തന്നെ എത്തിയെങ്കിലും ഇതിന്‍റെ ഭാഗമായി ഉപയോക്താക്കൾക്ക് തങ്ങൾക്ക് ഇഷ്ടപ്പെട്ട യൂസർനെയിമുകൾ നേരത്തെ റിസർവ് ചെയ്യാനുള്ള സൗകര്യം വാട്‌സാപ്പ് ഇപ്പോൾ നൽകുന്നുണ്ട് എന്ന് നിങ്ങള്‍ക്കറിയാമോ? അതായത് ഫീച്ചര്‍ വരുന്നതിന് മുന്‍പേ, യൂസര്‍ നെയിം സ്വന്തമാക്കാം... എന്താണ് ഈ ഫീച്ചറെന്നും എങ്ങിനെ യൂസർനെയിം റിസര്‍വ് ചെയ്യാമെന്നും അറിയാം.
എന്തുകൊണ്ട് യൂസർനെയിം?
ഫോൺ നമ്പർ എന്നത് ഒരാളുടെ വ്യക്തിപരമായ വിവരമാണ്. പുതിയ ആളുകളുമായോ ഗ്രൂപ്പുകളിലോ ആശയവിനിമയം നടത്തുമ്പോൾ ഫോൺ നമ്പർ വെളിപ്പെടുത്താൻ പലർക്കും മടിയുണ്ടാകാം. ഈ സാഹചര്യത്തിൽ ഫോൺ നമ്പറിന് പകരം യൂസർനെയിം ഉപയോഗിച്ച് ചാറ്റ് ചെയ്യാൻ ഈ ഫീച്ചർ സഹായിക്കും. മാത്രമല്ല, വാട്ട്സാപ്പ് യൂസർനെയിമുകൾക്ക് പബ്ലിക് ഡയറക്ടറിയോ സെർച്ച് ഓപ്ഷനോ ഉണ്ടാകില്ല. ഒരു വ്യക്തിയുടെ കൃത്യമായ യൂസർനെയിം അറിയുന്നവർക്ക് മാത്രമേ അവരുമായി ചാറ്റ് തുടങ്ങാൻ കഴിയൂ. സ്വകാര്യത വര്‍ധിപ്പിക്കുന്നതിനായി 'യൂസർനെയിം കീ' എന്നൊരു ഓപ്ഷനും വാട്‌സാപ്പ് ഒരുക്കുന്നുണ്ട്. ഇത് എനേബിൾ ചെയ്താൽ, ഒരാൾക്ക് മെസേജ് അയക്കുന്നതിന് മുൻപ് യൂസര്‍ നെയിം മാത്രമല്ല, അവർക്ക് ആ കീ കൂടി അറിഞ്ഞിരിക്കേണ്ടി വരും.
യൂസർനെയിം റിസർവ് ചെയ്യാം
വാട്‌സാപ്പ് ആപ്പ് അപ്‌ഡേറ്റ് ചെയ്ത ശേഷം Settings > Account > Username എന്ന ഭാഗത്ത് പോയി നിങ്ങൾക്ക് ഇഷ്ടപ്പെട്ട യൂസർനെയിം റിസർവ് ചെയ്യാവുന്നതാണ്. മികച്ച യൂസർനെയിം തിരഞ്ഞെടുക്കാൻ സഹായിക്കുന്ന ഒരു 'യൂസർനെയിം ജനറേറ്ററും' വാട്‌സാപ്പ് നൽകുന്നുണ്ട്. മെറ്റയുടെ തന്നെ മറ്റ് സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളായ ഇൻസ്റ്റാഗ്രാം, ഫെയ്സ്ബുക്ക് എന്നിവയിൽ നിലവിലുള്ള യൂസർനെയിമുകൾ തന്നെ വാട്‌സാപ്പിലും ക്ലെയിം ചെയ്യാൻ ബിസിനസ്സ് അക്കൗണ്ടുകൾക്കും ക്രിയേറ്റർമാർക്കും അവസരവുമുണ്ട്.
അതേസമയം, യൂസർനെയിം റിസർവ് ചെയ്യുന്നത് പൂർണ്ണമായും ഓപ്ഷണലാണ്. ചെയ്തില്ലെങ്കിലും അക്കൗണ്ടുകള്‍ക്ക് യാതൊരു പ്രശ്നവും സംഭവിക്കുകയില്ല. മാത്രമല്ല. എപ്പോൾ വേണമെങ്കിലും റിസർവ് ചെയ്ത യൂസർനെയിം മാറ്റുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്യാം. നിങ്ങൾ അത് മാറ്റുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്താൽ, അത് മറ്റുള്ളവർക്ക് ക്ലെയിം ചെയ്യാൻ ലഭ്യമായേക്കാം.
നിലവിൽ യൂസർനെയിം റിസർവ് ചെയ്യാനുള്ള സൗകര്യം മാത്രമേ വാട്ട്സാപ്പ് ആരംഭിച്ചിട്ടുള്ളൂ. ഈ ഫീച്ചർ ഈ വർഷം അവസാനത്തോടെ മാത്രമേ ലഭ്യമാകുകയുള്ളൂ. ഘട്ടം ഘട്ടമായിട്ടായിരിക്കും ഈ ഫീച്ചര്‍ ലഭ്യമാക്കുക. ഫീച്ചർ ലഭ്യമാകുമ്പോൾ ഉപയോക്താക്കൾക്ക് വാട്‌സാപ്പിലൂടെ തന്നെ നേരിട്ട് അറിയിപ്പ് ലഭിക്കും.