whale-hunt

TOPICS COVERED

ക്രൂഡ് ഓയില്‍ പ്രതിസന്ധി ലോകം ചര്‍ച്ച ചെയ്യുമ്പോള്‍, ക്രൂഡ് ഓയില്‍ കണ്ടെത്തുന്നതിന് മുന്‍പ് ലോകത്തെ നിയന്ത്രിച്ചിരുന്നത് മറ്റൊരു എണ്ണയാണ്. തിമിംഗല എണ്ണ അഥവാ വെയില്‍ ഓയില്‍. നാല്  നൂറ്റാണ്ടിലേറെ ലോകത്തെ നയിച്ച, ഒരിക്കലും അസ്തമിക്കില്ലെന്ന് കരുതിയ ഈ വ്യവസായം, വേരറ്റ് പോയതും ക്രൂഡ് ഓയിലിന്‍റെ വരവോടെ തന്നെ.

 

വ്യവസായവിപ്ലവത്തെ കത്തിച്ച എണ്ണ

പതിനേഴാം നൂറ്റാണ്ടുമുതൽ ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കംവരെ തിമിംഗലങ്ങളെ വ്യാവസായികാടിസ്ഥാനത്തിൽ വേട്ടയാടി എണ്ണ, മെഴുക്, ബലീൻ എന്നിവ ഉത്പാദിപ്പിച്ചിരുന്നു. വിളക്കുകളിൽ ഇന്ധനമായും, സൂക്ഷ്മയന്ത്രങ്ങൾ പ്രവർത്തിപ്പിക്കാനുള്ള ലൂബ്രിക്കന്റായും, സോപ്പ്, പെയിന്റ്, വാർണിഷ്, തുണി, കയർ എന്നിവയുടെ നിർമാണത്തിനും ഇവ ഉപയോഗിച്ചിരുന്നു. സ്പേം തിമിംഗലത്തിന്റെ തലയിൽ നിന്നെടുക്കുന്ന ഉയർന്ന നിലവാരമുള്ള മെഴുക് രൂപത്തിലുള്ള എണ്ണയാണ് സ്പേർമസെറ്റി എണ്ണ.  മറ്റു തിമിംഗല എണ്ണകളേക്കാൾ തെളിഞ്ഞതും കത്തിക്കുമ്പോള്‍ കൂടുതല്‍ പ്രകാശിക്കുന്നതും കൊണ്ടുതന്നെ 

വിലയിലും മുന്നിലായിരുന്നു.  വൈദ്യുതിയും പെട്രോളിയം ഉല്‍പ്പന്നങ്ങളും വ്യാപകമാകുന്നതിന് മുന്‍പ് അമേരിക്കയിലെ പ്രധാന വെളിച്ച സ്രോതസ്സായിരുന്നു തിമിംഗല എണ്ണ. വീടുകൾ, തെരുവുവിളക്കുകൾ, ദീപസ്തംഭങ്ങൾ, ഖനിത്തൊഴിലാളികളുടെ ഹെഡ്‌ലാമ്പുകൾ എന്നിവയ്ക്ക് വെളിച്ചം പകർന്നത് ഈ എണ്ണയായിരുന്നു. വ്യാവസായിക വിപ്ലവകാലത്തെ പ്രധാന ലൂബ്രിക്കന്റും ഇതുതന്നെ. 

 

അമേരിക്കയെ വളർത്തിയ തിമിംഗലവേട്ട

ഏതാണ്ട് 100 വർഷത്തോളം, തിമിംഗലവേട്ടയിൽ നിന്നുള്ള ഉത്പന്നങ്ങൾ അമേരിക്കൻ ജിഡിപിയുടെ നട്ടെല്ലായിരുന്നു.  17-ാം നൂറ്റാണ്ടിൽ ന്യൂ ഇംഗ്ലണ്ടിലാണ് അമേരിക്കൻ തിമിംഗല വ്യവസായം ആരംഭിച്ചത്. 1800-കളോടെ വലിയ കപ്പലുകൾ ലോകമെമ്പാടും തിമിംഗല വേട്ടയ്ക്കായി പുറപ്പെട്ടു. ഒരോ കപ്പലും മൂന്നുവര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന പര്യവേഷണത്തിനുശേഷം മടങ്ങിയെത്തുന്നത് ആയിരക്കണക്കിന് വീപ്പ തിമിംഗല എണ്ണയുമായാണ്. പതിനെട്ടും പത്തൊൻപതും നൂറ്റാണ്ടുകളിൽ അമേരിക്കയിലെ ഒരു വൻ സാമ്പത്തിക സ്രോതസ്സായിരുന്നു തിമിംഗല എണ്ണ വ്യവസായം. ന്യൂ ഇംഗ്ലണ്ടിലെ നാൻറ്റക്കറ്റ്, ന്യൂ ബെഡ്ഫോർഡ് തുടങ്ങിയ തുറമുഖങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഈ വ്യാപാരം, പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ തകർച്ച നേരിടുന്നതുവരെ വ്യാവസായികവൽക്കരണത്തിന് വലിയ ഊർജം നൽകി. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിലെ  പ്രതാപകാലത്ത്, അമേരിക്കയിലെയും യൂറോപ്പിലെയും വിപണികളിലേക്ക് തിമിംഗലത്തിന്റെ എണ്ണയും എല്ലും കയറ്റുമതി ചെയ്ത്  വർഷം തോറും ദശലക്ഷക്കണക്കിന് ഡോളറാണ് സമ്പാദിച്ചിരുന്നത്.

 

പതനത്തിന്‍റെ വഴി

അമേരിക്കയുടെ കുത്തകയും വരുമാന സ്രോതസ്സുമായിരുന്ന തിമിംഗലവേട്ട വ്യവസായത്തെ തകര്‍ത്തത് അനിയന്ത്രിതമായ വേട്ടമൂലം തിമിംഗലങ്ങളുടെ  എണ്ണം കുറഞ്ഞതും  പെട്രോളിയത്തിന്റെ വരവുമാണ്. 1846-ൽ എഴുനൂറിലധികം കപ്പലുകളുമായി പ്രതാപത്തിന്റെ കൊടുമുടിയിലായിരുന്ന ഈ വ്യവസായത്തിന്റെ തകർച്ചയ്ക്ക് പാരിസ്ഥിതികവും സാമ്പത്തികവുമായ ഘടകങ്ങളും വഴിയൊരുക്കി. തിമിംഗലങ്ങളുടെ എണ്ണം കുറഞ്ഞതോടെ വേട്ടക്കാർക്ക് പസഫിക്, ആർട്ടിക് സമുദ്രങ്ങളിലേക്ക് യാത്രകൾ ദീർഘിപ്പിക്കേണ്ടി വന്നു. ഇത്  ചെലവും അപകടസാധ്യതയും വർധിപ്പിച്ചു. 1859-ൽ പെൻസിൽവേനിയയിൽ പെട്രോളിയം നിക്ഷേപം കണ്ടെത്തിയതോടെ തിമിംഗല എണ്ണയുടെ ആവശ്യം കുത്തനെ ഇടിഞ്ഞു. വിളക്കുകൾക്ക് മണ്ണെണ്ണയും യന്ത്രങ്ങൾക്ക് പെട്രോളിയം ലൂബ്രിക്കന്റുകളും ബദലായി. സ്റ്റീലിന്‍റെ  വരവ് തമിംഗല എല്ലുകളുടെ ഉപയോഗത്തിനും അറുതിവരുത്തി. 

ENGLISH SUMMARY:

Whale oil was a dominant energy source before the discovery of crude oil, powering industries and lighting homes for centuries. Its decline was primarily caused by overhunting and the advent of petroleum.