E20 ഇന്ധനത്തിന്‍റെ വരവോടെ എഥനോളിനെ മാക്സിമം പ്രമോട്ട് ചെയ്യുന്ന തിരക്കിലാണ് കേന്ദ്രം. ഇതുവരെ ആര്‍ക്കും അറിയാത്ത അദ്ഭുത ദ്രാവകമെന്ന നിലയ്ക്ക് എഥനോളിന് പേരുവന്നു കഴിഞ്ഞു. ഇതിനിടയിലാണ്  ഏഴ് ശതമാനം എത്തനോള്‍ വെള്ളത്തില്‍ കലര്‍ത്തിയാല്‍ അത് പാചക ഇന്ധനമായി ഉപയോഗിക്കാം എന്ന പ്രസ്താവനയുമായി കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി രംഗത്തുവന്നത്. സ്റ്റൗ പോലുള്ള തീ ഈ ലായനിയില്‍ നിന്ന് വരുമെന്നും ഇത് പാചകവാതകത്തേക്കാള്‍ വിലകുറഞ്ഞതാണെന്നും രാജ്യത്ത് തന്നെ സുലഭമാണെന്നും ഗഡ്കരി അവകാശവാദമുന്നയിച്ചു. 

എന്നാല്‍ എഥനോള്‍ അത്തരമൊരു അല്‍ഭുത ലായനിയാണോ. കേന്ദ്രമന്ത്രി പറയുന്ന പോലെ എത്തനോള്‍ വെള്ളത്തില്‍ കലക്കി പാചക ഇന്ധമായി ഉപയോഗിക്കാമോ? ചാടിക്കയറി എഥനോള്‍ വെള്ളത്തില്‍ കലര്‍ത്തി ഉപയോഗിക്കാന്‍ വരട്ടെ. അതിന് പിന്നിലെ ശാസ്ത്രമൊന്ന് നിരീക്ഷിക്കണം. 

എഥനോള്‍ ഇന്ധനമായി ഉപയോഗിക്കാമെന്നത് ഒരു സത്യമാണ്. അങ്ങനെ ഉപയോഗിച്ച് വരുന്നുമുണ്ട്. എന്നാല്‍ വെറുതേ വെള്ളത്തില്‍ കലര്‍ത്തി ഉപയോഗിക്കാമെന്നത് അതിമോഹമാണ്. മദ്യത്തിലെ ആല്‍ക്കഹോളിന്‍റെ കുറേക്കൂടി ശുദ്ധമായ രൂപമാണ് എത്തനോള്‍. മര്‍ദത്തില്‍ ഗ്യാസ് ആയി എല്‍പിജി ഉപയോഗിക്കുന്ന പോലെ അല്ല എത്തനോള്‍ കത്തുന്നത്. എഥനോളിലെ ആല്‍ക്കഹോള്‍ ഓക്സിജനുമായി കലര്‍ന്നാലാണ്  അത് കത്തിക്കാനാവുന്ന അവസ്ഥയിലെത്തുക. 

എന്നാല്‍ എഥനോള്‍ വലിയ അളവില്‍ വെള്ളവുമായി ചേര്‍ക്കുമ്പോള്‍ വെള്ളം ആല്‍ക്കഹോളിന്‍റെ ഓക്സിജനുമായുള്ള പ്രവര്‍ത്തനത്തിന് തടസമുണ്ടാക്കുന്നു. ഇത് തീപിടിക്കുന്നത് തടയുന്നു. ഏഴ് ശതമാനം വളരെ കുറഞ്ഞ അളവാണ്. എന്നാല്‍ എഥനോള്‍ കൂടുതലും വെള്ളം വളരെ കുറവുമാണെങ്കില്‍ ഇതിന് കത്താന്‍ സാധ്യതയുണ്ട്. വീര്യം കൂടിയ എത്തനോള്‍ 70–90ശതമാനം ഉപയോഗിച്ചാല്‍ മാത്രമേ ഇത്തരത്തില്‍ ഇത് ഇന്ധനമായി ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു. 

അഞ്ച് മുതല്‍ ഏഴ്  ശതമാനം വരെ എത്തനോള്‍ കലര്‍ന്ന മറ്റൊരു ദ്രാവകമാണ് ബീയര്‍. കേന്ദ്രമന്ത്രിയുടെ പ്രസ്താവന സത്യാവസ്ഥയാണെങ്കില്‍ ബിയറും ഇന്ധനമായി ഉപയോഗിക്കാവുന്നതാണ്.  

ENGLISH SUMMARY:

Ethanol is being heavily promoted as a fuel, especially with the advent of E20 fuel. Union Minister Nitin Gadkari has claimed that a mixture of 7% ethanol with water can be used as cooking fuel, costing less than LPG and readily available in India.