ആദ്യമാദ്യം വാര്‍ത്തകളില്‍, പിന്നീട് പരിചയമുള്ളവരുടെ ഫോണില്‍, അവസാനം സ്വന്തം ഫോണില്‍... പച്ച വരകളുടെ പരിണാമം ഇങ്ങനെയായിരുന്നു. ഉപയോഗിച്ച് കൊണ്ടിരിക്കെ പച്ചവര വന്നവരും, ഉപയോഗിച്ച് വച്ച ഫോണില്‍ പച്ചവര വന്നവരുമുണ്ട്. വണ്‍പ്ലസ് ഫോണുകളില്‍ പ്രത്യക്ഷപ്പെട്ട പച്ച വരകള്‍ പിന്നീട് ബ്രാന്‍ഡ് പോലും നോക്കാതെ എല്ലാ ഫോണുകളിലും വന്നുതുടങ്ങി. സ്മാര്‍ട്ട് ഫോണ്‍ രംഗത്തെ കൊമ്പന്മാരായ ആപ്പിളും സാംസങും പോലും പച്ചവരകളോട് അയിത്തം കാണിച്ചില്ല.
എന്താണ് ഈ പച്ച വര?
ഫോണിന്റെ സ്ക്രീനിന് മുകളിൽ നിന്ന് താഴേക്ക് നേരിയതും, സാധാരണയായി പച്ച നിറത്തിലുമുള്ള ഒരു വര പ്രത്യക്ഷപ്പെടുന്നതാണ് ഈ പ്രശ്നം. ചിലപ്പോൾ ഒരൊറ്റ വരയാകാം, മറ്റ് ചിലപ്പോൾ ഒന്നിലധികം വരകളോ സ്ക്രീനിലെ മറ്റ് നിറം മാറ്റങ്ങളോ ഇതിനൊപ്പം കാണാം.ആദ്യം പച്ച നിറത്തില്‍ പ്രത്യക്ഷപ്പെട്ട വരകള്‍ ഇപ്പോള്‍ പിങ്ക് മഞ്ഞ നിറങ്ങളിലും കണ്ടുവരുന്നുണ്ട്. ഒന്നോ രണ്ടോ വരകള്‍ ഫോണില്‍ വരുന്നത് ആദ്യമാദ്യം വലിയ പ്രശ്നമായി തോന്നില്ലെങ്കിലും പതിയെ ഫോൺ ഉപയോഗിക്കുന്നതിന് ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കും. ഈ പ്രശ്നം പ്രധാനമായും OLED (Organic Light Emitting Diode) ഡിസ്പ്ലേകളുള്ള ഫോണുകളിലാണ് കണ്ടുവരുന്നത്.
എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു?
സോഫ്റ്റ്വെയര് പ്രശ്നമല്ലെങ്കില്‍ കൂടെയും അപ്ഡേറ്റ് ചെയ്തതിന് ശേഷം പ്രത്യക്ഷപ്പെടുന്നതിനാല്‍ സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട പ്രശ്നമായി കരുതാറുണ്ട്. എന്നാല്‍ പച്ചവരകള്‍ സോഫ്റ്റ്വെയറിന്റെ സംഭാവനയല്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ചിലപ്പോൾ വലിയ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾക്ക് ശേഷവും ഡിസ്പ്ലേയില്‍ പച്ച വരകള്‍ കണ്ടുവരാറുണ്ട്. അപ്‌ഡേറ്റ് ചെയ്യുമ്പോൾ ഫോൺ ചൂടാകുകയും, അതോടെ ദുർബലമായ കണക്ഷനുകൾക്ക് തകരാറുണ്ടാവുകയുമാണ് ചെയ്യുന്നത്. OLED ഡിസ്പ്ലേകളെ ഫോണിന്റെ മദർബോർഡുമായി ബന്ധിപ്പിക്കുന്ന 'ഫ്ലെക്സ് കേബിൾ' എന്ന ഒരു ഘടകമുണ്ട്. ഈ കേബിളിലെ തകരാറുകളാണ് പച്ചവരയ്ക്ക് കാരണം.
ചിലപ്പോൾ ഫോൺ നിർമ്മിക്കുമ്പോൾ തന്നെ ഈ ഫ്ലെക്സ് കേബിളിന് എന്തെങ്കിലും തകരാറുകൾ ഉണ്ടാകാം. ഇത് കാരണം ഒരു നിശ്ചിത കാലയളവിനു ശേഷം പച്ച വര പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ട്. ഫോൺ അമിതമായി ചൂടാകുന്നതും ഒരു കാരണമാകാം. ഇങ്ങനെ ചൂടാകുന്നത് ഡിസ്പ്ലേയിലെ സൂക്ഷ്മ ഘടകങ്ങളെയും ഫ്ലെക്സ് കേബിളിനെയും ബാധിക്കാനുള്ള സാധ്യതയുമുണ്ട്. തിരക്കുള്ള ജീവിതത്തിനിടയില്‍ ഫോണ്‍ താഴെ വീഴുന്നതും പതിവാണ്. താഴെ വീഴുമ്പോള്‍ ഡിസ്പ്ലേയ്ക്ക് നേരിട്ട് കേടുപാടുകൾ സംഭവിച്ചില്ലെങ്കിൽ പോലും, അകത്തുള്ള ഫ്ലെക്സ് കേബിളിന്റെ കണക്ഷനുകൾക്ക് തകരാർ സംഭവിക്കാം.
പച്ച വരകള്‍ക്കിടയില്‍ കുരുങ്ങി സാംസങും ആപ്പിളും
സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ കൊമ്പന്മാരായ ആപ്പിളിനും സാംസങിനും വരെ പച്ചവര കൊണ്ട് പണി കിട്ടി.സാസംസങ് ഗാലക്സി സീരീസിലെ സാംസങ് ഗാലക്സി S20, S21 സീരീസ് ഫോണുകളിലാണ് ഈ പ്രശ്നം ആദ്യം കണ്ടുവന്നത്. പിന്നീട് S22, S23, S24 സീരിസ് ഫോണുകളിലേക്കും പച്ച വര പ്രശ്നം പടര്‍ന്നുകയറി. പൊതുവെ പ്രീമിയം സെഗ്മെന്‍റ് ഫോണുകളെന്ന് വീമ്പുപറയുന്ന അള്‍ട്രാ സീരീസുകളിലും വരകള്‍ വീണുതുടങ്ങിയിട്ടുണ്ടെന്ന് പുതിയ വാര്‍ത്തകള്‍. പച്ചവര വിപ്ലവത്തിന് തുടക്കം കുറിച്ച വണ്‍പ്ലസ് ഫോണുകളെ ഒന്നടങ്കം ട്രോളിയിരുന്ന സാംസങ് യൂസേഴ്സ് നിലവില്‍ സൈലന്‍റാണ്.
സാംസങിന് പച്ചവര പ്രശ്നം സ്ഥിരീകരിച്ചതുമുതല്‍ പ്രതിക്കൂട്ടില്‍ നിന്ന് എസ്കേപ്പായവരാണ് ആപ്പിള്‍ സീരീസുകള്‍. ആപ്പിളിന്റെ iPhone X, iPhone 11 സീരീസിലെ ഫോണുകളിലും അതിനുശേഷമുള്ള iPhone 12, 13, 14,15 സീരീസുകളിലും അവസാനം ഇറങ്ങിയ ഐഫോണ്‍ 16 സീരീസിലും ഈ പ്രശ്നം വലിയ തോതില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടു. പ്രശ്നം വ്യാപകമായതോടെ സാംസങ് പല രാജ്യങ്ങളിലും ഉപഭോക്താക്കൾക്ക് സൗജന്യമായി സ്ക്രീൻ മാറ്റിനൽകിയിരുന്നു. എന്നാല്‍ വാറന്‍റി ഉണ്ടായിട്ടും ഡിസ്പ്ലേ മാറ്റികിട്ടാന്‍ പെടാപാട് പെടണം എന്ന് പറഞ്ഞ് നിരവധി ഉപഭോക്താക്കള്‍ സമൂഹമാധ്യമങ്ങളില്‍ വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഡിസ്പ്ലേ മാറ്റിക്കിട്ടാന്‍ ഫോണിന് ഫിസിക്കല്‍ ഡാമേജോ വാട്ടര്‍ ഡാമേജോ ഉണ്ടായിരിക്കരുത്. ഫോണ്‍ വാങ്ങിയതിന്‍റെ ബില്‍ നിര്‍ബന്ധമായും കൈയ്യില്‍ വേണം.
ഡുവോപോളിയും ഗ്രീന്‍ലൈനും തമ്മില്‍...
ഒരു ഉൽപ്പന്നത്തിന്റെയോ സേവനത്തിന്റെയോ വിപണിയെ ഭൂരിഭാഗവും രണ്ട് കമ്പനികൾ മാത്രം നിയന്ത്രിക്കുന്ന അവസ്ഥയെയാണ് ഡുവോപോളി എന്ന് പറയുന്നത്. സ്മാർട്ട്ഫോൺ വിപണിയിൽ, പ്രത്യേകിച്ച് ഉയർന്ന വിലകളുള്ള ഫോണുകളുടെ വിഭാഗത്തിൽ, സാംസങ്ങും ആപ്പിളും ചേർന്നാണ് ഈ വിപണിയെ മൊത്തത്തില്‍ നിയന്ത്രിക്കുന്നത്. ഇവർ തമ്മിലാണ് പ്രധാന മത്സരം. ഈ കുത്തക സ്വഭാവം കാരണം സ്മാര്‍ട് ഫോണ്‍ വിപണിയിൽ ഇവര്‍ക്ക് മൂന്നാമതൊരു എതിരാളി ഇല്ലാത്ത അവസ്ഥ തന്നെ നിലവിലുണ്ട്.
ഡുവോപോളി മാർക്കറ്റ് ഈ പച്ചവര അഥവാ ഗ്രീന്‍ ലൈന്‍ പ്രശ്നത്തെ സ്വാധീനിക്കുന്നത് എങ്ങനെയാണെന്നാണോ ചിന്തിക്കുന്നത്? ഈ മാര്‍ക്കറ്റിലെ പ്രധാനികളായ ആപ്പിളിന്‍റെയും സാംസങ്ങിന്‍റെയും ഫോണുകള്‍ക്കാണല്ലോ ഇപ്പോള്‍ പ്രശ്നങ്ങള്‍ വരുന്നത്. ഇങ്ങനെ പ്രശ്നങ്ങള്‍ വന്നാലും പരിഹാരങ്ങൾക്കുള്ള സാധ്യത വളരെ കുറവാണ്. സര്‍വീസ് സെന്‍ററുകള്‍ നല്‍കുന്ന മറുപടി കൊണ്ട് തൃപ്തിപ്പെടാന്‍ ഉപഭോക്താക്കള്‍ നിര്‍ബന്ധിതരാവുന്നതും ഇതുകൊണ്ടാണ്. ഫോണിനും ബോക്സിലെ പാര്‍ട്സിനും ലിമിറ്റഡ് വാറണ്ടിയാണ് രണ്ടു കമ്പനികളും നല്‍കുന്നത്. അത് കഴിഞ്ഞുള്ള കേടുപാടുകള്‍ക്ക് മറ്റ് കമ്പനികളെ പോലെ തന്നെ ആപ്പിളോ സാംസങോ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
സ്മാര്‍ട് ഫോണ്‍ വിപണിയില്‍ ഇരുവര്‍ക്കും ബദലായി മറ്റൊരു എതിരാളി ഇല്ലാത്തതുകൊണ്ട് തന്നെ ഈ കമ്പനികൾക്ക് അവരുടെ റിപ്പയർ, വാറണ്ടി പോളിസികൾ തീരുമാനിക്കാൻ കൂടുതൽ സ്വാതന്ത്ര്യമുണ്ട്. ഒരുപാട് ഉപഭോക്തൃ സമ്മർദ്ദം ഉണ്ടാകുമ്പോൾ മാത്രമാണ് പലപ്പോഴും സൗജന്യ സ്ക്രീൻ റീപ്ലേയ്സ്മെന്‍റ് പോലെയുള്ള കാര്യങ്ങൾ അവർ വാഗ്ദാനം ചെയ്യുന്നത്. നാള്‍ക്കുനാള്‍ പുതിയ ഫോണുകളും ബ്രാന്‍ഡുകളും രൂപപ്പെടുന്ന വിപണിയിൽ, ഉപഭോക്തൃ സംതൃപ്തിക്കായി മെച്ചപ്പെട്ട നയങ്ങൾ കൊണ്ടുവരാൻ ഇരു കമ്പനികളും നിർബന്ധിതരാകുമായിരുന്നു.
ആപ്പിളും സാംസങ്ങും അവരുടെ റിപ്പയർ നെറ്റ്‌വർക്കിന്മേൽ വലിയ നിയന്ത്രണം വെക്കുന്നുണ്ട്. ഇത് മൂലം തേർഡ് പാർട്ടി റിപ്പയർ ഷോപ്പുകൾക്ക് ഒറിജിനൽ സ്പെയർ പാർട്‌സുകൾ ലഭിക്കാനും ബുദ്ധിമുട്ടാണ്. ഇത് റിപ്പയർ ചെലവ് വർദ്ധിപ്പിക്കാനും ഉപഭോക്താവിന് മറ്റ് വഴിയില്ലാതെ ഔദ്യോഗിക സർവ്വീസ് സെന്ററുകളെ ആശ്രയിക്കാനും കാരണമാകുന്നു.