TOPICS COVERED

ജൂലൈ 30ന്  ഐ.എസ്.ആര്‍.ഒ അഭിമാനകരവും ചരിത്രപരവുമായ മറ്റൊരു ഉപഗ്രഹ വിക്ഷേപണം നടത്തുകയാണ്. നാസയുമായി സഹകരിച്ചുള്ള ആദ്യ ഭൗമനിരീക്ഷണ ഉപഗ്രം. വൈകീട്ട് 5.40ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് വിക്ഷേപിക്കുന്ന ഉപഗ്രഹത്തിന് നൈസാര്‍ എന്നാണ് ഗവേഷകര്‍ പേരിട്ടിരിക്കുന്നത്.

12 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഈ ജൂലൈ 30ന് ലോകത്തിലെ ഏറ്റവും ചെലവേറിയ ഉപഗ്രഹം അകാശത്തേക്ക് കുതിച്ചുയരാന്‍ തയാറാകുന്നത്. നാസയും ഐ.എസ്.ആര്‍.ഒയും സംയുക്തമായി 12500 കോടി രൂപ ചെലവില്‍ വികസിപ്പിച്ചെടുത്ത ഭൗമനിരീക്ഷണ ഉപഗ്രഹം NISAR (നൈസാര്‍) GSLV F-16 റോക്കറ്റിലാണ്  വിക്ഷേപിക്കുക

എന്താണ് നൈസാര്‍ (NISAR)?

നാസ ഐ.എസ്.ആര്‍.ഒ സിന്തറ്റിക് അപേര്‍ച്വര്‍ റഡാര്‍ (NASA-ISRO Synthetic Aperture Radar) എന്നതാണ് പൂര്‍ണരൂപം. രണ്ട് ഫ്രീക്വന്‍സിയിലുള്ള റഡാര്‍ സംവിധാനം ഉപയോഗിച്ച് ഭൂമിയുടെ ഉപരിതലം മുതല്‍ ആന്തരിക ഘടനവരെ നിരീക്ഷിക്കാന്‍ കഴിയുന്ന ഉപഗ്രഹം. നേരിയ ഉപരിതല ചലനങ്ങള്‍ വരെ കണ്ടെത്താന്‍ കഴിയുന്ന L-ബാന്‍ഡ് റഡാറും ഭൂമിയുടെ ഉപരിതലം മറികടന്ന് ആഴത്തില്‍ സഞ്ചരിച്ച് വിവരം ശേഖരിക്കാനും മഴയിലും മേഘങ്ങളിലും പ്രവര്‍ത്തിക്കുന്ന S-ബാന്‍ഡ് റഡാറുകളും ഉപയോഗിച്ചാണ് നൈസാറിന്‍റെ പ്രവര്‍ത്തനം. L- ബാന്‍ഡിന്‍റെ വികസനം നാസയും  S-ബാന്‍ഡ് വികസിപ്പിച്ചത് ഐ.എസ്.ആര്‍.ഒയുമാണ്. 2,392 കിലോ ഗ്രാം ഭാരമുള്ള ഉപഗ്രഹം ഭൂമിയില്‍ നിന്ന് 743 കി.മീ അകലെയുള്ള ഭ്രമണപഥത്തിലേക്കാണ് വിക്ഷേപിക്കുക. തുടര്‍ന്ന് ഓരോ 12 ദിവസ കാലയളവിലും പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ മഞ്ഞിലും മഴയിലും ഭൂമിയെ നിരീക്ഷിച്ച് ഹൈ റെസല്യൂഷനില്‍ ഉപഗ്രഹം വിവരങ്ങള്‍ കൈമാറും

നൈസാറുകൊണ്ട് എന്ത് ഗുണം?

12500 കോടി രൂപ ചെലവില്‍ 12 വര്‍ഷത്തോളം നീണ്ട തയാറെടുപ്പില്‍ വികസിപ്പിച്ച ഉപഗ്രഹം കൊണ്ട് ഇന്ത്യയ്ക്കും നാസയ്ക്കും എന്ത് ഗുണമെന്ന ചോദ്യം സ്വാഭാവികമാണ്. എന്നാല്‍ പ്രവചനാതീതമായി എത്തുന്ന കാലാവസ്ഥയും അതേ തുടര്‍ന്നുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും നിത്യസംഭവമായി മാറിയ ഈക്കാലത്ത് നൈസാര്‍ വലിയ പങ്കുവഹിക്കും എന്നതില്‍ സംശയമില്ല.  ഭൂമിയുടെ ഉപരിതലത്തെ സൂക്ഷ്മമായി നിരീക്ഷിച്ച് മാറ്റങ്ങള്‍ കണ്ടെത്തുകയാണ് പ്രധാനലക്ഷ്യം

ഭൂകമ്പങ്ങള്‍ തിരിച്ചറിയുക: L-ബാന്‍ഡ് റഡാറുകള്‍ക്ക് ഭൂമിയിലുണ്ടാകുന്ന നേരിയ ചലനങ്ങള്‍പോലും എളുപ്പം തിരിച്ചറിയാന്‍ കഴിയും. ഇത് ഭൂകമ്പ സാധ്യത മുന്നില്‍ കണ്ട് ദുരന്തങ്ങള്‍ ഒഴിവാക്കാന്‍  സഹായിക്കും

സുനാമി: കടലിനടിയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ തിരിച്ചറിയാനും നൈസാറിന് കഴിയും. ഇത് വഴി തീരത്തുള്ളവരെ നേരത്തെ മാറ്റിപാര്‍പ്പിക്കാനും ദുരന്തം ഒഴിവാക്കാനും കഴിയും

ഹിമാനികളുടെ ഉരുകല്‍: വേനല്‍കാലത്ത് ഹിമാനികള്‍ ഉരുകുന്നതിന്‍റെ തോത് നൈസാര്‍ മുന്‍കൂട്ടി തിരിച്ചറിയും. ഹിമാനികളുടെ അളവിലുണ്ടാകുന്ന മാറ്റങ്ങളും ഉപഗ്രഹത്തിന് കണക്കാക്കാന്‍ സാധിക്കും

കൃഷി: മണ്ണിലെ ഈര്‍പ്പം, തരിശ് ഭൂമി, ജലലഭ്യത, ജൈവവൈവിധ്യം എന്നിവയെല്ലാം കൃത്യമായി നിരീക്ഷിക്കുന്നതിലൂടെ കാര്‍ഷിക രംഗത്ത് പ്രകടമായ മാറ്റം കൊണ്ടുവരാന്‍ നൈസാര്‍ സഹായിക്കും. പ്രത്യേകിച്ച് കൃഷി പ്രധാന ഉപജീവനമാര്‍ഗമായ ഇന്ത്യയ്ക്ക്

വനനശീകരണം: വനനശീകരണം എളുപ്പം കണ്ടുപിടിക്കാനാകുന്നതോെട പരിസ്ഥിതി സംരക്ഷണത്തിലും നൈസാറിന്റെ പങ്ക് വലുതാണ്

തീരദേശ സംരക്ഷണം: കടല്‍ തിരമാലകളുടെ ഏറ്റകുറച്ചിലുകള്‍, തീരത്തോട് അടുക്കുന്ന കൊള്ളക്കാരുടെ കപ്പലുകള്‍ ഇവയെല്ലാം നൈസാറിന്റെ നിരീക്ഷണ വലയത്തിലാണ്.

ഇന്ത്യയ്ക്ക് എന്ത് നേട്ടം?

പ്രകൃതി ദുരന്തങ്ങളില്‍ കഷ്ടപ്പെടുന്ന ഇന്ത്യയ്ക്ക് മുന്‍കൂട്ടി വരാനിരിക്കുന്ന ദുരന്തങ്ങളെ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ രാജ്യത്തിന് അത് വലിയൊരു മുതല്‍ക്കൂട്ടാകും. ഒപ്പം നാസയോടൊപ്പമുള്ള സഹകരണം ബഹിരാകാശ ദൗത്യങ്ങളില്‍ ഇന്ത്യയ്ക്ക് പുതിയ വാതിലുകള്‍ തുറന്നുകൊടുക്കുകയാണ്.  കൂടാതെ കൃത്യമായ കാലാവസ്ഥ പ്രവചനം വഴി രാജ്യാന്തര ഡാറ്റകളുമായി ഒപ്പം നില്‍ക്കാന്‍ ഇന്ത്യയ്ക്ക് കഴിയും.

ENGLISH SUMMARY:

On July 30, ISRO is set to carry out yet another proud and historic satellite launch. This marks the first Earth observation satellite developed in collaboration with NASA. Named NISAR, the satellite will be launched at 5:40 PM from the Satish Dhawan Space Centre in Sriharikota.