മൊബൈൽ നെറ്റ്‌വർക്കുകളുടെ അഞ്ചാം തലമുറയാണ് 5G. ഈ തലമുറ മാറ്റത്തിലൂടെ മികച്ച നെറ്റ്‌വർക്ക് കവറേജും വേഗതയും മാത്രമല്ല മൊബൈൽ കമ്പനികൾ വാഗ്ദാനം ചെയ്തത്, മറിച്ച് പുതിയൊരു ലോകമായിരുന്നു. റിമോര്‍ട്ട് സർജറി, ഡ്രൈവർ ഇല്ലാത്ത കാറുകൾക്ക് ട്രാഫിക് ഇല്ലാത്ത റോഡുകൾ അങ്ങനെ പലതും. ഫ്രിഡ്ജ് മുതൽ വാഷിംഗ് മെഷീൻ വരെ 5G അധിഷ്ഠിതം എന്നതായിരുന്നു മറ്റൊരു വാഗ്ദാനം. എന്നാൽ ഇവയിൽ പലതിനും വേഗതയും ലൈറ്റൻസിയും കുറഞ്ഞ നെറ്റ്‌വർക്കും മാത്രം മതിയാകില്ല. ജപ്പാനിൽ ആദ്യമായി 5G അവതരിപ്പിച്ചിട്ട് അഞ്ചുവർഷം പിന്നിടുകയാണ്, എന്തു മാറ്റമാണ് ഈ നെറ്റ്വർക്ക് ലോകത്തുണ്ടാക്കിയത്.
2008ലെ ഇന്ത്യൻ മൊബൈൽ കോൺഗ്രസിൽ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള മൊബൈല്‍ നെറ്റ്വര്‍ക്ക് കമ്പനിയുടെ പവലിയനിൽ റിമോട്ട് ലൊക്കേഷൻ ഇരിക്കുന്ന ഡോക്ടർ അൾട്രാ സൗണ്ട് സർജറി നടത്തുന്നത് പ്രദർശിപ്പിച്ചിരുന്നു. 4000 എംബിപിഎസ് വേഗതയിൽ വെറും നാല് മില്ലി സെക്കൻഡ് ലെറ്റൻസി അഥവാ ലാഗുള്ള നെറ്റ്‌വർക്കായിരുന്നു ഇവിടെ ഉപയോഗിച്ചത്. എന്നാല്‍ ഇത് കൃത്യമായ സംവിധാനങ്ങൾ ഉള്ള ആംബിയന്റ് കണ്ടീഷനുകളിൽ മാത്രമാണ് സാധ്യമാവുക. നിലവിൽ രാജ്യത്തുള്ള 5G നെറ്റ്‌വർക്ക് ഉപയോഗിച്ച് ഇത്തരം സർജറി ഒരിക്കലും സാധ്യമല്ല. ഒരു വയർഡ് നെറ്റ്‌വർക്കിൽ നിന്ന് ലഭിക്കുന്ന കുറഞ്ഞ ലെറ്റിൻസിയിൽ മൊബൈൽ നെറ്റ് വർക്കുകൾക്ക് പ്രവർത്തിക്കാൻ ഒരിക്കലും സാധിക്കുകയുമില്ല.
അടുത്തത് ഡ്രൈവർ ഇല്ലാത്ത കാറുകളും അതിലൂടെ ട്രാഫിക് ഇല്ലാത്ത റോഡ് ആയിരുന്നു. ഡ്രൈവർ ഇല്ലാത്ത കാറുകൾ ഓഫ് ലൈൻ ആയി പ്രവർത്തിക്കാൻ ആകില്ലെങ്കിൽ അത് വമ്പൻ മണ്ടത്തരം ആയിരിക്കും. കാറുമായി ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങൾക്ക് നെറ്റ്‌വർക്ക് ഉപയോഗിക്കാം എന്നതിനപ്പുറം, നിയന്ത്രണത്തിനായി അവ ഒരിക്കലും ഉപയോഗിക്കാൻ ആകില്ല. പക്ഷേ പല മൊബൈൽ കമ്പനികളും പണ്ട് നൽകിയ വാഗ്ദാനങ്ങളിൽ അവയും ഉൾപ്പെട്ടിരുന്നു. ഒപ്പം ഇന്നും എല്ലാ പുതിയ ടെക്നോളജിയുടെയും അറ്റത്ത് 5G അനാവശ്യമായി ചേർക്കുന്നുമുണ്ട്. പക്ഷേ എന്തുകൊണ്ടാണ് ഇത്തരം വാഗ്ദാനങ്ങൾ നടക്കാതെ പോകുന്നു.
ഫോർജി യിൽ നിന്നും 5G യിലേക്ക് എത്തുമ്പോൾ പ്രധാന മാറ്റം പുതിയ ഹൈലൈവൽ ഫ്രീക്വൻസുകൾ ഉപയോഗിക്കുന്നു എന്നതാണ്. 5G ക്ക് മുമ്പ് 5 GB യിലും താഴെ ശേഷിയുള്ള ഫ്രീക്വൻസുകൾ ആയിരുന്നു കമ്പനികൾ ഉപയോഗിച്ചിരുന്നത്. എന്നാൽ 5Gയിൽ മൊബൈൽ സ്പെക്ട്രത്തിന്റെ 24 GBക്കും മുകളിലുള്ള ഫ്രീക്വൻസി ഉപയോഗിക്കാം എന്നതാണ് വ്യത്യാസം. അതായത് ഒരു ചെറിയ ഹൈവേയിൽ കൂടുതൽ ലെയ്നുകൾ ചേർക്കുന്നതുപോലെ. ഇതിലൂടെ കൂടുതൽ വിവരങ്ങൾ കൈമാറാം, പക്ഷേ കൂടുതൽ ദൂരം യാത്ര ചെയ്യാനാകില്ല. അതിനാൽ തന്നെ അടുത്തടുത്ത് കൂടുതൽ ടവറുകൾ വേണ്ടിവരും. അതിനുപക്ഷേ ചെലവേറും.
ചെലവ് കുറയ്ക്കാനായി നമ്മുടെ രാജ്യത്തെ കമ്പനികൾ നിലവിലുള്ള 4G ടവറുകളിൽ ചില മാറ്റങ്ങൾ വരുത്തി 5G ആക്കുകയാണ് ചെയ്തത്. ഇതിനെ നോൺ സ്റ്റാൻഡ്അലോൺ 5G എന്നാണ് പറയുക. ഇതിന് ഫോർജിയെക്കാൾ അല്പം കാര്യക്ഷമത കൂടുതലുണ്ടാകുമെന്ന് മാത്രം. അതിനാൽ തന്നെ ഉപഭോക്താക്കളുടെ പരാതികൾ വ്യാപകമാണ്. വേഗതയെക്കാൾ കൂടുതൽ കവറേജിലാണ് പ്രശ്നം. 2025 മാർച്ച് 16ൽ പുറത്തുവന്ന ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം രാജ്യത്തെ 776 ജില്ലകളിൽ 773 എണ്ണത്തിലും 5G ലഭ്യമാണ്. പക്ഷേ ഈ കണക്ക് ജില്ലയുടെ ഏതെങ്കിലും ഒരു മൂലയിൽ ഏതെങ്കിലും ഒരു മൊബൈൽ കമ്പനിയുടെ 5G എത്തുന്നുണ്ടോ എന്ന് മാത്രമാണ് പരിശോധിക്കുന്നത്. പക്ഷേ ഉപയോക്താക്കൾക്ക് സ്റ്റേബിൾ 5G ലഭിക്കുന്നുണ്ടോ എന്നുള്ളത് ചോദ്യമാണ്. ഇത്തരം അൺസ്റ്റേബിൾ കവറേജിൽ മൊബൈൽ കമ്പനികളുടെ ഒരു വാഗ്ദാനവും നടക്കാൻ പോകുന്നില്ല.
എന്തുകൊണ്ടാണ് കമ്പനികൾക്ക് വൻ നിക്ഷേപം നടത്തി സ്റ്റേബിൾ 5G നെറ്റ്വർക്ക് സ്ഥാപിക്കാൻ ആകാത്തത്. ഉത്തരം അതിനുള്ള പണം കമ്പനികളുടെ പക്കൽ ഇല്ല എന്നതാണ്. ഇന്നത്തെ സാഹചര്യത്തില്‍ പണംമുടക്കിയാല്‍ അത് ഇന്ത്യന്‍ സാഹചര്യത്തില്‍ തിരിച്ചുകിട്ടുകയുമില്ല. ഒന്നുകിൽ സബ്ക്രിപ്ഷൻ തുക വലിയ രീതിയിൽ കൂട്ടണം. അല്ലെങ്കിൽ സർക്കാർ സ്പെട്രത്തിന് അടക്കം ഈടാക്കുന്ന തുക കുറയ്ക്കണം. ഇനി അതിന് ശ്രമിച്ചാല്‍ തന്നെ ജനസാന്ദ്രതകൂടിയമേഖലകളില്‍ മാത്രമാകും ടവറുകള്‍ സ്ഥാപിക്കുക. വിദൂര ഗ്രാമങ്ങൾ ഒഴിവാക്കപ്പെടും. 4G യെക്കാൾ കൂടുതൽ റേഡിയേഷൻ 5G യിൽ നിന്ന് ഉണ്ടാകുമെന്ന ജനങ്ങളുടെ പേടി ടവറുകൾ സ്ഥാപിക്കുന്നതിന് തടസ്സവുമാണ്.
എന്തായാലും കമ്പനികള്‍ 5Gയെ മുന്‍ നിര്‍ത്ത് മുന്നോട്ടുവച്ച പല വാഗ്ദാനങ്ങളും വെള്ളത്തില്‍ വരച്ച വരയായിരിക്കുകയാണ്. നിലവിലെ ഇന്ത്യന്‍ ടെലികോം സാഹചര്യങ്ങവില്‍ കൂടുതല്‍ പണം നല്‍കാന്‍ നമ്മള്‍ തയാറാകാത്തിടത്തോളം മികച്ച സേവനം ആവശ്യപ്പെടുന്നതില്‍ അര്‍ഥവുമില്ല.