സൂപ്പർ കമ്പ്യൂട്ടറുകളില്‍ ഡിസൈൻ ചെയ്തു ബയോളജിസ്റ്റുകൾ അസംബ്ലി ചെയ്യപ്പെടുന്ന ജീവന്‍ തുടിക്കുന്ന റോബോട്ടുകൾ. ഇരുമ്പ് ചട്ടക്കൂടുകളില്ല, മറിച്ച് ജൈവകോശങ്ങളില്‍ തീര്‍ത്ത ശരീരം. ഊർജ്ജത്തിന് പോഷകങ്ങൾ. കടലിലെ മാലിന്യനീക്കം മുതൽ മനുഷ്യ ശരീരത്തിൽ ലക്ഷ്യസ്ഥാനത്ത് മരുന്ന് എത്തിക്കാന്‍വരെ കഴയുന്ന സാങ്കേതിക തികവ്. ശാസ്ത്രസാങ്കേതിക മേഖലയിലെ അടുത്ത നാഴികക്കല്ലാകും സെനോ ബോട്ട്.
ലോകത്തെ ജീവനുള്ള ആദ്യ റോബോട്ടെന്നാണ് സെനോ ബോട്ടുകൾക്ക് നല്‍കുന്ന വിശേഷണം. സ്വയം സഞ്ചരിക്കാനും മുറിവേറ്റാൽ സുഖപ്പെടാനും ശേഷിയുള്ളവ. സാം ക്രൈങ്മാൻ, ജോഷ് ബോൺഗാഡ്, ഡഗ്ളസ് ബ്ലാക്ക്സ്റ്റൺ, മൈക്കിൾ ലെവിൻ എന്നിവർ ചേർന്ന് 2020 ലാണ് സെനോ ബോട്ടുകൾ കണ്ടെത്തുന്നത്. ആഫ്രിക്കൻ ക്ലൗഡ് തവളകളുടെ ടിഷ്യൂസ് ഉപയോഗിച്ചാണ് നിർമ്മാണം എന്നതിനാലാണ് അവയുടെ ശാസ്ത്രീയ നാമം ചേർത്ത് സെനോ ബോട്ട് എന്ന പേര് നൽകിയത്. ഒരു മില്ലിമീറ്ററിലും താഴെയാണ് വലുപ്പം.
സ്കിൻ സെൽസ്, ഹാർട്ട് മസിൽ സെൽസ് എന്നീ രണ്ട് വസ്തുക്കൾ ചേരുന്നതാണ് സെനോബോട്ടുകള്‍. തവളയുടെ സെല്ലുകളുടെ ബ്ലാസ്റ്റുല സ്റ്റേജിൽ നിന്നാണ് ഇവ നിർമ്മിക്കുന്നത്. സ്കിൻ സെല്ലുകളാണ് സെനോ ബോട്ടുകൾക്ക് ആവരണം നല്‍കുന്നത്. ഉള്ളിലെ ഹാർട്ട് മസിൽ സെല്ലുകളാണ് മോട്ടറുകൾ. ഇവ ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നതിലൂടെ ബോട്ടുകൾ മുൻപിലേക്ക് നീങ്ങും. ആഴ്ചകളോളം ഒരു തരത്തിലുള്ള ഊർജ്ജവും ഇല്ലാതെ അതിജീവിക്കാനാകും. ശരീരത്തിന് അകത്തു കൂടി നീങ്ങുക, വെള്ളത്തിൽ നീന്തുക, ചെറു വസ്തുക്കളുമായി സഞ്ചരിക്കുക അങ്ങിനെ അസാധ്യമെന്ന് തോന്നുന്ന പലതും അനായാസേന നിര്‍വഹിക്കാനാകും ഈ കുഞ്ഞന്‍മാര്‍ക്ക്.
നിലവിൽ സെനോ ബോട്ടുകൾക്കുള്ളിൽ മറ്റ് മോട്ടറുകളും സെൻസറുകളും ഉൾപ്പെടുത്താനുള്ള പരീക്ഷണം നടക്കുന്നുണ്ട്. മുൻപോട്ട് നീങ്ങാൻ ഹാർട്ട് മസിലിന് പകരം ചെറു മുടിനാരുകൾ പോലുള്ള വസ്തുക്കൾ വളർത്തുകയും അവ ഉപയോഗിച്ച് നീന്താവുന്നതുമാണ്. എന്നാൽ ഹാർട്ട് മസിലുകൾ പോലെ ഇവയെ കൃത്യമായി നിയന്ത്രിക്കാൻ കഴിയുന്നില്ല. സെനോ ബോട്ടുകൾക്കുള്ളിൽ ആർഎൻഎ തന്‍മാത്രകള്‍ ഉൾപ്പെടുത്തി ഓർമ്മശക്തി നൽകാനുള്ള പരീക്ഷണം വിജയകരമായിട്ടുണ്ട്. ചുറ്റുമുള്ള ആവാസവ്യവസ്ഥയ്ക്ക് അനുസൃതമായി ശരീരത്തിൽ പുതിയ സെല്ലുകൾ കൂട്ടിച്ചേർക്കാനും ഉള്ളവയെ ഇല്ലാതാക്കാനും സെനോ ബോട്ടുകൾക്ക് കഴിവുണ്ട്.
നിലവിൽ കോശങ്ങൾ കൂടിച്ചേർന്ന് എങ്ങനെ അതിസംഗീർണ്ണ രൂപങ്ങളിലേക്ക് മാറുന്നു എന്ന് പഠിക്കാനായി ലാബുകളിൽ മാത്രമാണ് സെനോ ബോട്ടുകളെ ഉപയോഗിക്കുന്നത്. ലാബിലെ പരീക്ഷണങ്ങളിൽ നിന്നാണ് ഇവയുടെ ഭാവി ഉപയോഗങ്ങളെ കുറിച്ച് വ്യക്തത ലഭിച്ചത്. മനുഷ്യ ശരീരത്തിനുള്ളിൽ കടന്ന് രോഗ ചികിത്സ നടത്താം എന്നതാണ് വിപ്ലവകരമായ കണ്ടുപിടുത്തം. പ്രതിരോധശേഷിയെ മറികടക്കാൻ, രോഗിയുടെ കോശങ്ങൾ ഉപയോഗിച്ച് ഇവയെ വികസിപ്പിക്കാം. ധമനിയിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കുക. ശരീരത്തിലെ അസുഖബാധിത കോശങ്ങളെ കണ്ടെത്തി അവിടേക്ക് മത്രമായി പ്രതിരോധമരുന്നുകളെത്തിക്കുക, തുടങ്ങി ആരോഗ്യമേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഇവയ്ക്ക് കഴിയുമെന്നാണ് പ്രതീക്ഷ. ഒപ്പം ഇവയെ കൂട്ടമായി പ്രവർത്തിപ്പിച്ച് കടലിലെ മാലിന്യ നീക്കം സാധ്യമാകും. പ്ലാസ്റ്റിക് മാലിന്യങ്ങളെ ചേർത്ത് ഒരു വലിയ ബോൾ ആക്കി മാറ്റാൻ സെനോബോട്ടുകള്‍ക്ക് സാധിക്കും. പിന്നീട് ഈ മാലിന്യങ്ങള്‍ റീസൈക്ലിങ് പ്ലാന്റുകളിലേക്ക് മാറ്റാം.
സെനോ ബോട്ടുകളെ പരമ്പരാഗത റോബോട്ടുകളുടെ ഗണത്തിലോ, ജീവികളുടെ ഗണത്തിലോ മാത്രമായി ഉൾപ്പെടുത്താനാകില്ല. രണ്ടും കൂടിക്കലർന്ന പ്രോഗ്രാമബിൾ ഓർഗനിസം എന്ന പുതിയോരു വിഭാഗമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ലാബുകള്‍ക്ക് പുറത്ത് ഉപയോഗത്തിലെത്തിക്കുമ്പോള്‍ സെനോ ബോട്ടുകള്‍ എന്ത് വിപ്ലവത്തിലേക്കാണ് ലോകത്തെ നയിക്കുകയെന്ന് കാത്തിരുന്ന് കാണാം.