ട്രംപ് തന്നെ സ്വയം ക്രിസ്തുവായും പോപ് ആയും ചിത്രീകരിച്ച എഐ ചിത്രങ്ങള്‍ ( Image Credit: X/donaldtrump)
ഇന്‍സ്റ്റയും വാട്സാപ്പും തുറക്കുമ്പോള്‍ വിചിത്രമായ വിഡിയോകള്‍ വന്ന് നിറയുന്നതായി തോന്നുണ്ടോ? അതിനൊരു പേരുണ്ട്. സ്ലോപഗാന്ഡ. സ്ലോപ് പ്രോപ്പഗാന്‍ഡ എന്നീ വാക്കുകള്‍ ചേര്‍ത്തുണ്ടാക്കിയ മിശ്രശബ്ദം. ഈ വര്‍ഷത്തെ 'ഓക്സഫഡ് വേര്‍ഡ് ഓഫ് ദി ഇയര്‍' പട്ടികയില്‍ ഷോര്‍ട് ലിസ്ററ് ചെയ്യപ്പെട്ട വാക്കാണിത്. എഐ സഹായത്തോടെ വേഗത്തില്‍ ഉണ്ടാക്കിയെടുക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്താ ക്ലിപുകളും വ്യാജ രാഷ്ട്രീയ മീമുകളുമെല്ലാമാണ് സ്ലോപഗാന്ഡ എന്ന വാക്ക് കൊണ്ട് അര്‍ഥമാക്കുന്നത്. ഇന്റര്‍നെറ്റില്‍ പ്രത്യേകിച്ച് സോഷ്യല്‍ മീഡിയ വഴിയാണ് ഇത് പ്രചരിപ്പിക്കുന്നത്. ഒരു വര്‍ഷത്തിനിടെ സ്ലോപഗാന്ഡ എന്ന വാക്കിന്റെ ഉപയോഗം 1300 ശതമാനം കൂടിയത്രെ. അപ്പോള്‍ത്തന്നെ എത്രമാത്രം ഫെയ്ക് കണ്ടന്റാണ് പൊതുജനാഭിപ്രായം മാറ്റിമറിക്കാന്‍ ഉപയോഗിക്കുന്നതെന്ന് മനസിലായിക്കാണുമല്ലോ.
റീല്‍സിനും ഷോര്‍ട്സിനും ജനങ്ങളിലുള്ള വലിയ സ്വാധീനം തന്നെയാണ് ഇത്തരം വിഡിയോകളുടെ വ്യാപനം കൂട്ടുന്നത്. ആളുകളില്‍ യുക്തസഹമായി കാര്യങ്ങള്‍ വിലയിരുത്താനും സഹാനുഭൂതിയോടെ പെരുമാറാനും ഓരോ വിഷയത്തിലും സമയമെടുത്ത് ആലോചിക്കാനുമെല്ലാമുള്ള കഴിവ് കുറയുന്നത് സ്ലോപഗാന്ഡയുടെ പ്രചാരണവും വേഗവും കൂട്ടുന്നു.
എവിടെയാണ് അപകടം?
ഈ വ്യാജവിഡിയോകളെ ആളുകള്‍ വിശ്വസിക്കുന്നു എന്നതല്ല ഏറ്റവും വലിയ അപകടം. മറിച്ച് ഇത്തരം എഐ വിഡിയോകള്‍ നിരന്തരം ഫീഡില്‍ എത്തുമ്പോള്‍ യഥാര്‍ഥ വിഡിയോകളെപ്പോലും ജനം അവിശ്വസിക്കാന്‍ തുടങ്ങും. അവിടെയാണ് യഥാര്‍ഥ ആപത്ത്. 2026 ല്‍ ഇറാന്-യുഎസ് യുദ്ധമടക്കമുണ്ടായപ്പോള് ആളുകളുടെ ശ്രദ്ധ തിരിക്കാന്‍ സ്ലോപഗാന്ഡ വ്യാപകമായി ഉപയോഗിച്ചെന്നാണ് കണ്ടെത്തല്‍. എഐ ഉപയോഗിച്ച് വിചിത്രമായ കാര്‍ട്ടൂണ്‍ യുദ്ധ വിഡിയോകളും വ്യാജ രാഷ്ട്രീയ വിവാദങ്ങളും വാര്‍ത്തകളും വന്‍തോതില്‍ സമൂഹമാധ്യമങ്ങളില്‍ എത്തിയതായി പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആളുകള്‍ വിശ്വസിക്കണം എന്നതല്ല മറിച്ച് യുദ്ധം പോലുള്ള ഗൗരവതരമായി വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യമെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലും വിവരവും രാജ്യാന്തര ഗവേഷക കൂട്ടായ്മകള്‍ പുറത്തുവിട്ടു.
എങ്ങനെ തിരിച്ചറിയാം?
ഒരു വിഡിയോ നിങ്ങളുടെ ഫീഡിലേക്ക് വരുമ്പോള്‍ അത് സ്ലോപഗാന്ഡയാണോ എന്ന് എങ്ങനെ തിരിച്ചറിയാം? 1. വിഡിയോ കാണുമ്പോള്‍ത്തന്നെ ദേഷ്യമോ സങ്കടമോ, രോഷമോ ജനിപ്പിക്കുന്ന അതിവൈകാരികത കണ്ടന്റിലുണ്ടാകും 2. പശ്ചാത്തലം അവ്യക്തമായിരിക്കും 3. ‘ഈ വിഡിയോ എത്രയും വേഗം ഷെയര്‍ ചെയ്യൂ’ എന്ന തരത്തിലുള്ള ആഹ്വാനങ്ങള്‍ അതിനൊപ്പമുണ്ടാകും. അതുകൊണ്ട് അടുത്ത തവണ ‘ഞെട്ടിക്കുന്ന വിഡിയോ’ കാണുമ്പോള്‍ ആലോചിക്കണം, ഇത് സത്യമാണോ അതോ സ്ലോപഗാന്ഡയാണോ എന്ന്.