നമ്മൾ ഇന്ന് എന്തിനും ഏതിനും ആശ്രയിക്കുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെയാണ്. ഒരു സംശയം ചോദിക്കാനും, ഓഫീസ് ജോലികൾ ചെയ്യാനും, ആരോഗ്യകാര്യങ്ങൾ അറിയാനും, വ്യക്തിപരമായ പ്രശ്നങ്ങൾക്ക് പരിഹാരം തേടാനുമെല്ലാം എഐ ചാറ്റ്ബോട്ടുകളെ ഉപയോഗിക്കുന്നു. എന്നാൽ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നമ്മൾ എഐയോട് പറയുന്ന കാര്യങ്ങൾ എത്രത്തോളം സുരക്ഷിതമാണ്? നമ്മൾ പങ്കുവയ്ക്കുന്ന സ്വകാര്യ വിവരങ്ങൾ മറ്റാരെങ്കിലും വായിക്കുന്നുണ്ടാകുമോ? എഐ കമ്പനികൾക്ക് നമ്മുടെ സംഭാഷണങ്ങൾ പരിശോധിക്കാൻ കഴിയുമോ? Also Read: ഇന്ത്യയിലും എഐ ഏജന്റുകളുടെ ആക്രമണം; രഹസ്യ രേഖകൾ ചോർത്തി; അതീവജാഗ്രതാനിര്ദേശം
ഈ ചോദ്യങ്ങൾക്കുള്ള മറുപടിയെന്ന അവകാശവാദവുമായി പുതിയൊരു എഐ ചാറ്റ്ബോട്ട് അവതരിപ്പിച്ചിരിക്കുകയാണ് സൊമാറ്റോ സ്ഥാപകൻ ദീപിന്ദർ ഗോയൽ. പേര് ഡാർക്ക് എഐ (Dark.ai). ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന ഒരു ചാറ്റ്ബോട്ട് എന്ന നിലയിലാണ് ഡാർക്ക് എഐയെ അവതരിപ്പിച്ചിരിക്കുന്നത്. ഭക്ഷണവിതരണ രംഗത്ത് സൊമാറ്റോയിലൂടെയും അതിവേഗ ഡെലിവറി രംഗത്ത് ബ്ലിങ്കിറ്റിലൂടെയും ശ്രദ്ധ നേടിയ എറ്റേണൽ, ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തേക്കും പുതിയ ചുവടുവയ്ക്കുകയാണ്.
എന്താണ് ഡാർക്ക് എഐ?: ചാറ്റ്ജിപിടി, ഗൂഗിൾ ജെമിനൈ തുടങ്ങിയ ചാറ്റ്ബോട്ടുകളെക്കുറിച്ച് നമുക്കെല്ലാം അറിയാം. നമ്മൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും വിവരങ്ങൾ വിശദീകരിക്കാനും രേഖകൾ തയ്യാറാക്കാനും ഇത്തരം എഐ സംവിധാനങ്ങൾക്ക് കഴിയും.ഏതാണ്ട് ഇതേ രീതിയിൽ പ്രവർത്തിക്കുന്ന മറ്റൊരു എഐ ചാറ്റ്ബോട്ടാണ് ഡാർക്ക് എഐ. എന്നാൽ ഇവിടെ ഒരു പ്രധാന വ്യത്യാസമുണ്ടെന്നാണ് ദീപിന്ദർ ഗോയലിന്റെ അവകാശവാദം. നിങ്ങൾ ഡാർക്ക് എഐയുമായി നടത്തുന്ന സ്വകാര്യ സംഭാഷണങ്ങൾ സേവനം നൽകുന്ന കമ്പനിയിലെ ജീവനക്കാർക്ക് പോലും വായിക്കാൻ കഴിയില്ല.
സാധാരണയായി നമ്മൾ ഒരു എഐ ചാറ്റ്ബോട്ടിൽ എന്തെങ്കിലും ചോദിക്കുമ്പോൾ ആ വിവരങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു, എത്രകാലം സൂക്ഷിക്കുന്നു, ആർക്കൊക്കെ പരിശോധിക്കാൻ കഴിയും എന്നതെല്ലാം ഓരോ കമ്പനിയുടെ നയങ്ങളെയും സാങ്കേതിക സംവിധാനങ്ങളെയും ആശ്രയിച്ചിരിക്കും.എന്നാൽ ഉപയോക്താവിന്റെ സംഭാഷണങ്ങൾക്ക് കൂടുതൽ സുരക്ഷയും രഹസ്യസ്വഭാവവും ഉറപ്പാക്കുന്ന രീതിയിലാണ് ഡാർക്ക് എഐ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം.
എങ്ങനെയാണ് ചാറ്റുകൾ രഹസ്യമായി സൂക്ഷിക്കുന്നത്?: ഇവിടെയാണ് എൻക്രിപ്ഷൻ എന്ന സാങ്കേതികവിദ്യയുടെ പ്രസക്തി.. ഇതിനായി എൻഡ് ടു എൻഡ് എൻക്രിപ്ഷൻ എന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നതെന്ന് കമ്പനി പറയുന്നു. അതായത്, സംഭാഷണങ്ങളിലെ വിവരങ്ങൾ മറ്റുള്ളവർക്ക് എളുപ്പത്തിൽ വായിക്കാൻ കഴിയാത്ത രീതിയിൽ സംരക്ഷിക്കുന്ന സംവിധാനം. സാധാരണ മെസേജിങ് ആപ്പുകളിലെ എൻഡ് ടു എൻഡ് എൻക്രിപ്ഷനും എഐ ചാറ്റ്ബോട്ടുകളുടെ പ്രവർത്തനവും ഒരുപോലെയല്ല. എഐ മറുപടി തയ്യാറാക്കണമെങ്കിൽ ചോദ്യത്തിലെ വിവരങ്ങൾ ഏതെങ്കിലും ഘട്ടത്തിൽ പ്രോസസ് ചെയ്യേണ്ടതുണ്ട്.അതുകൊണ്ട് ഡാർക്ക് എഐയുടെ സ്വകാര്യതാ സംവിധാനം എത്രത്തോളം സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ കൂടുതൽ സാങ്കേതിക വിവരങ്ങളും സ്വതന്ത്ര പരിശോധനകളും ആവശ്യമാണ്.
ഡാർക്ക് എഐയുടെ മറ്റൊരു പ്രധാന സവിശേഷതയാണ് എൻക്രിപ്റ്റഡ് മെമ്മറി. ഉദാഹരണത്തിന്, നിങ്ങൾ ഇന്ന് ഡാർക്ക് എഐയോട് ഒരു ബിസിനസ് ആശയത്തെക്കുറിച്ച് സംസാരിക്കുന്നുവെന്ന് കരുതുക. അടുത്ത ദിവസം അതേ വിഷയത്തെക്കുറിച്ച് വീണ്ടും ചോദിക്കുമ്പോൾ ആദ്യം മുതൽ എല്ലാ കാര്യങ്ങളും വിശദീകരിക്കേണ്ടിവരില്ല. മുൻപ് പങ്കുവച്ച വിവരങ്ങളുടെ പശ്ചാത്തലം മനസ്സിലാക്കി മറുപടി നൽകാൻ ഈ മെമ്മറി സംവിധാനം സഹായിക്കും. എന്നാൽ ഈ വിവരങ്ങൾ എങ്ങനെ സൂക്ഷിക്കണം, എന്തെല്ലാം ഓർത്തുവയ്ക്കണം തുടങ്ങിയ കാര്യങ്ങളിൽ ഉപയോക്താവിന് നിയന്ത്രണം നൽകുമെന്നാണ് കമ്പനി പറയുന്നത്.
ആരൊക്കെയാണ് ഡാർക്ക് എഐ ഉപയോഗിക്കുക?: സാധാരണ ഉപയോക്താക്കൾക്ക് മാത്രമല്ല, രഹസ്യസ്വഭാവമുള്ള വിവരങ്ങൾ കൈകാര്യം ചെയ്യുന്നവർക്കും ഈ സംവിധാനം പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ. ഉദാഹരണത്തിന്, ഒരു ശാസ്ത്രജ്ഞൻ പുതിയൊരു കണ്ടുപിടിത്തത്തെക്കുറിച്ച് ഗവേഷണം നടത്തുകയാണെന്ന് കരുതുക. ആ ഗവേഷണം ഇതുവരെ പുറത്തുവിട്ടിട്ടില്ല. അത്തരമൊരു സാഹചര്യത്തിൽ രഹസ്യവിവരങ്ങൾ മറ്റുള്ളവരിലേക്ക് എത്തുമെന്ന ആശങ്കയില്ലാതെ എഐയുടെ സഹായം തേടാൻ കഴിയുമെന്നതാണ് ഡാർക്ക് മുന്നോട്ടുവയ്ക്കുന്ന ആശയം. അതുപോലെ പുതിയ ബിസിനസ് ആശയങ്ങൾ വികസിപ്പിക്കുന്ന സ്റ്റാർട്ടപ്പ് സ്ഥാപകർക്കും കമ്പനികൾക്കും ഗവേഷകർക്കും സർക്കാർ സ്ഥാപനങ്ങൾക്കും ഡാർക്ക് എഐ ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡാർക്ക് എഐ എങ്ങനെയാണ് വികസിപ്പിക്കുന്നത്?: കഴിഞ്ഞ ഏതാനും മാസങ്ങളായി എറ്റേണലിന്റെ ആഭ്യന്തര സംഘങ്ങൾ ഡാർക്ക് എഐ ഉപയോഗിക്കുന്നുണ്ട്. 2026 അവസാനത്തോടെ ആഗോളതലത്തിൽ സേവനം അവതരിപ്പിക്കാനാണ് ലക്ഷ്യം. എന്നാൽ കൃത്യമായ ലോഞ്ച് തീയതിയോ സബ്സ്ക്രിപ്ഷൻ നിരക്കോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എറ്റേണലിന്റെ സ്വന്തം സാങ്കേതിക സംവിധാനങ്ങളിലായിരിക്കും ഈ മോഡലുകൾ പ്രവർത്തിക്കുക. മറ്റൊരു പ്രത്യേകതയും ഗോയൽ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഉപയോക്താവ് കേൾക്കാൻ ആഗ്രഹിക്കുന്ന മറുപടി മാത്രം നൽകുന്നതിന് പകരം, എഐ ശരിയെന്ന് വിലയിരുത്തുന്ന കാര്യങ്ങൾ തുറന്നുപറയുന്ന രീതിയിലാണ് മോഡലുകളെ പരിശീലിപ്പിക്കുന്നതെന്നാണ് വിശദീകരണം.
ഡാർക്ക് എഐ പൂർണമായും സുരക്ഷിതമാണോ?: ഡാർക്ക് എഐയെക്കുറിച്ച് കമ്പനി മുന്നോട്ടുവയ്ക്കുന്നവ ഇപ്പോൾ അവകാശവാദങ്ങളാണ്. എല്ലാ സംഭാഷണങ്ങളും പൂർണമായും സുരക്ഷിതമാണെന്ന് സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല.എഐ സംവിധാനത്തിന് വിവരങ്ങൾ പ്രോസസ് ചെയ്യേണ്ടതുള്ളതിനാൽ എൻക്രിപ്ഷൻ എങ്ങനെയാണ് പ്രവർത്തിക്കുന്നത്, വിവരങ്ങൾ ഏതെല്ലാം ഘട്ടങ്ങളിലാണ് സംരക്ഷിക്കപ്പെടുന്നത് തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ വ്യക്തത ആവശ്യമാണ്.അതുകൊണ്ട് ഡാർക്ക് എഐ അവതരിപ്പിച്ചശേഷമുള്ള സുരക്ഷാ പരിശോധനകൾ ഏറെ നിർണായകമായിരിക്കും.
എന്നാൽ ആ വാഗ്ദാനം യാഥാർഥ്യമാകുമോ? ചാറ്റ്ജിപിടിയും ജെമിനിയും ഉൾപ്പെടെയുള്ള എഐ സംവിധാനങ്ങൾക്ക് ഡാർക്ക് എഐ വെല്ലുവിളിയാകുമോ?2026 അവസാനത്തോടെ പ്രതീക്ഷിക്കുന്ന ഡാർക്ക് എഐയുടെ ആഗോള അവതരണത്തിനുശേഷം മാത്രമേ ഇതിന് കൂടുതൽ വ്യക്തമായ ഉത്തരം ലഭിക്കൂ.